ജപ്പാന്‍ ഷൂട്ട് ഔട്ട്; ലിവാകോവിച്ചിന്റെ 'കൈക്കരുത്തില്‍' ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
ക്രൊയേഷ്യ-ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം. കളിയിലും അവസരങ്ങള്‍ പാഴാക്കുന്നതിലും ഒപ്പത്തിനൊപ്പം. ഓരോ പകുതിയിലും ഓരോ ഗോള്‍ നേടി സമനില. ഖത്തറില്‍ ആദ്യമായി മത്സരം പൂര്‍ണസമയം പിന്നിട്ട് അധിക സമയത്തേക്ക്. സമനില കുരുക്ക് അഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഒടുവില്‍ ക്രൊയേഷ്യക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജാപ്പനീസ് പോരാട്ടവീര്യത്തെ ജപ്പാന്‍ കീഴടക്കിയത്. ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ കിടിലന്‍ സേവുകളാണ് ക്രൊയേഷ്യയെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്. ആദ്യ പകുതിയില്‍ ഡൈസന്‍ മയേദയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചാണ് ക്രോയേഷ്യയെ ഒപ്പമെത്തിച്ചത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. അവസരങ്ങള്‍ പാഴാക്കുന്നതിലും ഇരുവരും മത്സരിച്ചു. ബോക്‌സ് വരെയെത്തിയ മുന്നേറ്റങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാതെ പോയി. ഗ്രൂപ്പ് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി പന്തടക്കത്തിലും മുന്നേറ്റത്തിലും ജപ്പാന്‍ ക്രൊയേഷ്യക്കൊപ്പം നിന്നു. അതിന് ഫലം കണ്ടത് 43ാം മിനുറ്റിലെ ഗോളിലൂടെയായിരുന്നു. കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു അതിന്റെ തുടക്കം. ഗോളിലേക്കുള്ള കിക്കിന് പകരം ഷോര്‍ട്ട് കിക്കാണ് ജപ്പാന്‍ എടുത്തത്. കാലുകള്‍ മാറി പന്ത് എത്തിയത് റിറ്റ്‌സു ഡൊവാനിലേക്ക്. ഡൊവാന്റെ ക്രോസ് നേരെ ക്രൊയേഷ്യന്‍ ബോക്‌സിലേക്ക്. ഉയര്‍ന്നുചാടി പന്ത് പിടിച്ച ക്യാപ്റ്റന്‍ മായ യോഷിദ അതിനെ പോസ്റ്റിന് മുന്നിലേക്ക് തള്ളിയിട്ടു. ഓടിയെത്തിയ ഡൈസന്‍ മയേദ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ കളിയുടെ ഗതി മാറി. ജപ്പാന്റെ പ്രതിരോധത്തെ ഭേദിച്ചുകൊണ്ട് ക്രൊയേഷ്യ ആക്രമണം ശക്തമാക്കി. 55ാം മിനുറ്റില്‍ അതിന് ഫലം കണ്ടു. ഡെയാന്‍ ലോവ്‌റന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഇവാന്‍ പെരിസിച്ചിന്റെ ഹെഡ്ഡര്‍ ജപ്പാന്റെ വല കുലുക്കുകയായിരുന്നു. മത്സരത്തില്‍ ക്രൊയേഷ്യ ജപ്പാനൊപ്പം. സമനില പൊട്ടിക്കാന്‍ ഇരുടീമുകളും മത്സരിച്ചെങ്കിലും ആര്‍ക്കും വിജയിക്കാനായില്ല. പോസ്റ്റിന് മുന്നില്‍, ഗോള്‍ കീപ്പര്‍മാരും മികവ് പുലര്‍ത്തിയപ്പോള്‍ ഇരുപക്ഷത്തിന്റെയും ഗോളെന്നുറച്ച ഒന്നിലധികം അവസരങ്ങള്‍ ലക്ഷ്യത്തിലെത്താതെ പോയി. ആഡഡ് ടൈമിലും സമനില പൂട്ട് അഴിയാതെ വന്നതോടെ, മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആദ്യ പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ആര്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ കഥ മാറിയില്ല.
ഒടുവില്‍ മത്സരം ഷൂട്ടൗട്ടിലേക്ക്. കളിയിലുടനീളം പ്രകടിപ്പിച്ച മികവ് ജപ്പാന് ഷൂട്ടൗട്ടില്‍ ആവര്‍ത്തിക്കാനായില്ല. ചോരാത്ത കൈകളുമായി ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് കോട്ട കെട്ടിയതോടെ ജയം ക്രോട്ടുകള്‍ക്ക് സ്വന്തമായി. ജപ്പാന്‍ നിരയില്‍ ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ കിക്കുകള്‍ ലിവാകോവിച്ച് തടഞ്ഞിട്ടു. ടകുമ അസാനോ മാത്രമാണ് പെനാല്‍റ്റി ല്ക്ഷ്യത്തിലെത്തിച്ചത്. ക്രോട്ടുകള്‍ക്കായി കിക്കെടുത്ത നിക്കോള വ്‌ലാസിച്ച്, മാഴ്‌സലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം, മാര്‍ക്കോ ലിവായയുടെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു.