നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്കൊരു യാത്ര; ഹജിമെ മൊരിയാസുവിന് 29 വർഷത്തെ കാത്തിരിപ്പ്
ലോകകപ്പിന്‌റെ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ജപ്പാനിറങ്ങുമ്പോള്‍ പരിശീലകന്‍ ഹജിമെ മൊരിയാസുവിന് അതൊരു സ്വപ്‌നസാഫല്യമാണ്. സ്‌പെയിനിനെയും ജര്‍മനിയെയും വീഴ്ത്തി മുന്നേറിയ ജപ്പാന്‌റെ ജൈത്രയാത്രയ്ക്ക് വേദിയാകുന്നത് ഖത്തറെന്നത് മറ്റൊരു ചരിത്ര നിയോഗം. ജപ്പാനെ ലോകകപ്പിലെത്തിക്കുക എന്ന ആഗ്രഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടിപതറിയത്, ദോഹയുടെ മണ്ണിലാണ്.അതേ നാട്ടില്‍ ടീമിനെ കരുത്തോടെ നയിക്കാനായതിന്‌റെ ആത്മഹര്‍ഷത്തിലാണ് ഹജിമെ മൊരിയാസു.
മൊരിയാസുവിന്‌റെ നിരാശയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1993 ഒക്ടോബര്‍28. 1994 ലോകകപ്പിന്‌റെ യോഗ്യതാ മത്സരം. ഇറാഖിനെതിരെ ഒരു ജയം അനിവാര്യമായിരുന്നു ലോകകപ്പെന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് . 2-1 ന് 90 മിനുറ്റ് വരെ ലീഡ് ചെയ്ത ജപ്പാന്‍ ലോകകപ്പ് ഉറപ്പിച്ചതാണ്. അവസാന മിനുറ്റിലെത്തി ഇറാഖിന് വേണ്ടി ജാഫര്‍ ഒംറാന്‌റെ ഗോള്‍. മത്സരം സമനിലയിലായതോടെ തകര്‍ന്നത് ജപ്പാന്‍ ആരാധകരുടെ ഹൃദയം.
നിരാശരായി മടങ്ങിയ ജപ്പാന്‍ ടീമില്‍ അംഗമായിരുന്ന മൊറിയാസു ആ ദിനത്തെ ഓര്‍ക്കുന്നത് 'ദോഹാ ദുരന്ത'മെന്നാണ്. 1996 ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാന്‍ അവസരമുണ്ടായില്ല. എന്നാല്‍ പരിശീലകനായി തന്‌റെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് മൊറിയാസു.
ലോകകപ്പിലെ ഏറ്റവും കടുപ്പമുള്ള ഗ്രൂപ്പിലാണ് ഇത്തവണയെന്നതിനാല്‍ നോക്കൗട്ടിലേക്ക് ഉള്ള ജപ്പാന്‌റെ യാത്ര അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ രണ്ട് കരുത്തന്മാരെ വീഴ്ത്തി അവര്‍ ചരിത്ര നേട്ടം സ്വന്തമാക്കി. സ്‌പെയിനിനെതിരായ മത്സരത്തില്‍ സമനിലപോലും ജപ്പാന്‌റെ ലോകകപ്പ് പ്രതീക്ഷ അവസാനിപ്പിച്ചേനെ. ശക്തമായ തിരിച്ചുവരവാണ് സംഘം നടത്തിയത്. ''ഒരുവേള ഞാന്‍ ദോഹ ദുരന്തത്തെ കുറിച്ച് ഓര്‍ത്തു. അതേ സമയം ടീം ഉണര്‍ന്നു കളിച്ചു. ജപ്പാന്‍ ഫുട്‌ബോളിന് ഇത് പുതിയ കാലമാണ്''- മത്സര ശേഷം മൊറിയാസു പറഞ്ഞു.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ കൊയേഷ്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏഷ്യന്‍ സംഘം. ജപ്പാന്‍ സംയുക്ത അതിഥേയരായ 2002 ലോകകപ്പിലാണ് ടീമിന്‌റെ ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് തോറ്റു. ഇത്തവണ കൂടുതല്‍ പ്രതീക്ഷയിലാണ് ജാപ്പാനീസ് ആരാധകര്‍.