ജാപ്പനീസ് മിന്നലാക്രമണം; ഇരട്ട 'ബോംബിങ്ങില്‍' നടുങ്ങി ജര്‍മനി

ജാപ്പനീസ് മിന്നലാക്രമണം; ഇരട്ട 'ബോംബിങ്ങില്‍' നടുങ്ങി ജര്‍മനി

ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം.
Updated on
1 min read

യന്ത്രങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും നിര്‍മാണ രംഗത്ത് എന്നും ജര്‍മന്‍ മികവിന് ചെ്ക്ക് വച്ചിട്ടുള്ളവരാണ് ജപ്പാന്‍. ഇപ്പോള്‍ ഇതാ അതേ വീറും വാശിയും ഫുട്‌ബോള്‍ കളത്തിലേക്കും കൊണ്ടുവന്നിരിക്കുകയാണ് അവര്‍. ഏഷ്യന്‍ മണ്ണില്‍ രണ്ടാം തവണ വിരുന്നെത്തിയ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ തുടക്കത്തില്‍ ലീഡ് നേടിയ ജര്‍മനിക്ക് എണ്ണം പറഞ്ഞ രണ്ടു ഗോളുകളിലൂടെ ചെക്ക് പറഞ്ഞ് ജപ്പാന്‍ ആദ്യ ജയം കുറിച്ചു.

ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ നടനന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതിയിലായിരുന്നു ജപ്പാന്റെ തിരിച്ചടികള്‍.

മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗനാണ് ജര്‍മനിയെ ആദ്യം മുന്നിലെത്തിച്ചത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിനുള്ളില്‍ ജര്‍മന്‍ താരം ഡേവിഡ് റൗമിനെ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഷ്യുയിചി ഗോന്‍ഡ വീഴ്ത്തിയതിനാണ് റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ഗുണ്ടോഗന്‍ പിഴവില്ലാതെ വലകുലുക്കുകയും ചെയ്തു.

ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ജര്‍മനിക്ക് രണ്ടാം പകുതിയില്‍ അമിത ആത്മവിശ്വാസം വിനയാകുകയായിരുന്നു. പതിവ് ജര്‍മന്‍ ശൈലിയില്‍ നിന്നു വിപരീതമായി ഒരു ഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ച അവര്‍ 74-ാം മിനിറ്റ് വരെ അതില്‍ വിജയിക്കുകയും ചെയ്തു. ഇതോടെ പരിചയസമ്പന്നനായ തോമസ് മുള്ളറെ ഉള്‍പ്പടെ പിന്‍വലിച്ച ജര്‍മന്‍ കോച്ച് ഹന്‍സി ഫ്‌ളിക്കിന്റെ തന്ത്രങ്ങള്‍ പിഴച്ചു.

ജര്‍മന്‍ നീക്കം മണത്തറിഞ്ഞ ജപ്പാന്‍ ചടലമേറിയ നീക്കങ്ങളിലൂടെയാണ് മറുതന്ത്രം മെനഞ്ഞത്. തുടരെ തുടരെ ജര്‍മന്‍ മേഖലയില്‍ കടന്നാക്രമണം നടത്തിയ അവര്‍ 75-ാം മിനിറ്റില്‍ ഒപ്പമെത്തി. ബോക്‌സിന്റെ ഇടതു മൂലയില്‍ നിന്ന് റിറ്റ്‌സു ഡോവന്‍ തൊടുത്ത ഷോട്ട് ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യുയറിനെ കീഴടക്കുകയായിരുന്നു.

സമനില നേടിയ ആവേശത്തില്‍ ഇരമ്പിക്കറയറിയ ജപ്പാന്‍ ഏഴു മിനിറ്റിനകം വിജയഗോളും കണ്ടെത്തി. ഇക്കുറിയും സ്വന്തം ഹാഫില്‍ നിന്നു നടത്തിയ ചടുല നീക്കമാണ് ഗോളില്‍ കലാശിച്ചത്. കൊ ഇതാകുറയുടെ പാസില്‍ നിന്ന് താകുമ അസാനോയാണ് ഗോള്‍ നേടിയത്.

ജപ്പാന്റെ തിരിച്ചടിയില്‍ പതറിപ്പോയ ജര്‍മനി അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി കിണഞ്ഞു പൊരുതിയെങ്കിലും കടുകിട വിട്ടുകൊടുക്കാതെ പിടിച്ചു നിന്ന ജാപ്പനീസ് പ്രതിരോധ നിര അവിശ്വസനീയ ജയവും വിലപ്പെട്ട മൂന്നു പോയിന്റും ഉറപ്പാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in