ജര്‍മനിയെ വീഴ്ത്തിയത് ജപ്പാന്റെ 'ജര്‍മന്‍ തന്ത്രജ്ഞര്‍'

ജര്‍മനിയെ വീഴ്ത്തിയത് ജപ്പാന്റെ 'ജര്‍മന്‍ തന്ത്രജ്ഞര്‍'

കളിക്കാരുടെ ജർമൻ ബന്ധം തങ്ങൾക്ക് സഹായകരമാകുമെന്ന് ജപ്പാന്‍ നായകൻ മായ യോഷിദ മത്സരത്തിന് മുന്നേ പറഞ്ഞിരുന്നു
Updated on
1 min read

ഖത്തറില്‍ അർജന്റീനയ്ക്ക് പിന്നാലെ ജർമനിയും വീണു. രണ്ട് പേരെയും അട്ടിമറിച്ചത് ഏഷ്യൻ പ്രതീക്ഷകളായ സൗദി അറേബ്യയും ജപ്പാനും. പെനാൽറ്റി നേടി മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും തോൽവി ഏറ്റുവാങ്ങിയത്. അർജന്റീനയെ വീഴ്ത്തിയത് സൗദിയുടെ ദേശീയ ലീഗിലെ തന്നെ താരങ്ങളാണെങ്കിൽ, ജർമനിയെ വീഴ്ത്തിയത് ജർമൻ ഫുട്ബോള്‍ തന്ത്രങ്ങൾ പഠിച്ച ജപ്പാൻ താരങ്ങളാണ്.

ജപ്പാനുവേണ്ടി പകരക്കാരായി ഇറങ്ങി ഗോളുകൾ നേടിയ റിറ്റ്‌സു ഡോവനും, താകുമ അസാനോയും അതിന് അടിവരയിടുന്നു. റിറ്റ്‌സു ഡോവൻ ബുണ്ടസ്‌ലീഗയിൽ ഫ്രീബർഗിനായി കളിക്കുമ്പോൾ, അസാനോ വിഎഫ്എൽ ബോച്ചിനായാണ്‌ കളിക്കുന്നത്. ജപ്പാന്റെ വിജയ ഗോളാകട്ടെ മുഴുവനായും 'ജർമനിയിൽ' നിന്നെന്ന് പറയേണ്ടി വരും. കാരണം അസാനോയുടെ ഗോളിന് വഴിയൊരുക്കിയ കൊ ഇതാകുറ കളിക്കുന്നത് ജർമനിയിലെ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ചിൽ. കംപ്ലീറ്റ്‌ലി മെയ്ഡ് ഇന്‍ ജര്‍മന്‍ ഗോള്‍.

കളിക്കാരുടെ ജർമൻ ബന്ധം തങ്ങൾക്ക് സഹായകരമാകുമെന്ന് നായകൻ മായ യോഷിദ മത്സരത്തിന് മുന്നേ പറഞ്ഞിരുന്നു. ജർമനിക്കെതിരെ കളിക്കേണ്ടി വരുമെന്ന് അറിഞ്ഞതുമുതൽ അവരുടെ താരങ്ങളുടെ വീഡിയോകൾ വിശകലനം ചെയ്യാറുണ്ടെന്നും അതിലുപരി അവരുമായി ഒപ്പം കളിച്ചത് ഗുണം ചെയ്യുമെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ബുണ്ടസ്‌ലീഗയിൽ ഷാൽകെയുടെ താരമാണ് യോഷിദ.

മധ്യനിരയിൽ കളിച്ച ആവോ തനക (ഫോർച്യൂണ ഡസൽഡോർഫ്‌), വതാരു എൻഡോ (വിഎഫ്ബി സ്റ്റട്ട്ഗാർട്ട്), ദൈചി കമദ (ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), പ്രതിരോധത്തിൽ കളിച്ച നായകൻ മായ യോഷിദ, കൊ ഇതാകുറ എന്നിവർക്കാണ് ആദ്യ പതിനൊന്നിൽ അവസരം ലഭിച്ചത്. ജർമൻ ലീഗിൽ നിന്ന് ജപ്പാനായി കളത്തിലിറങ്ങിയ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ ആശാന്റെ നെഞ്ചത്തായി ജപ്പാൻകാരുടെ ദക്ഷിണ. വിഎഫ്ബി സ്റ്റട്ട്‌ഗാർട്ടിനായി കളിക്കുന്ന ഹിരോക്കി ഇറ്റോവിന് മാത്രമാണ് ഗ്രൗണ്ടിൽ ഇറങ്ങാൻ സാധിക്കാതിരുന്നത്. എട്ട് താരങ്ങളാണ് ജർമനിയിൽ നിന്ന് ജപ്പാൻ ടീമിൽ എത്തിയത്.

യാസുഹിക്കോ ഒകുദേര 1977ൽ ജർമൻ ടീമായ എഫ് സി കൊളോണില്‍ എത്തിയതുമുതലാണ് ജപ്പാൻ താരങ്ങളുടെ ജർമൻ പലായനം ആരംഭിക്കുന്നത്. ഇതുവരെ 38 ജപ്പാൻ താരങ്ങളാണ് ജർമൻ ലീഗിൽ ബൂട്ട് അണിഞ്ഞത്. ഷിൻജി കഗാവ, മക്കോട്ടോ ഹസെബെ തുടങ്ങിയ താരങ്ങൾ തങ്ങളുടെ വ്യക്തിമുദ്ര ജർമൻ ലീഗിൽ പതിപ്പിച്ചവരാണ്.

logo
The Fourth
www.thefourthnews.in