ലോകകപ്പില്‍ താരമായി ഗ്വാർഡിയോൾ; റെക്കോഡ്

ലോകകപ്പില്‍ താരമായി ഗ്വാർഡിയോൾ; റെക്കോഡ്

മൊറോക്കോയ്ക്കെതിരെ മികച്ച ഹെഡ്ഡറിലൂടെയാണ് ഗ്വാര്‍ഡിയോള്‍ വല കുലുക്കിയത്. 2014 ലോകകപ്പിൽ റോബിൻ വാൻ പേഴ്‌സി നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗോൾ.
Updated on
1 min read

ലോകകപ്പ് കിരീട പ്രതീക്ഷയുമായാണ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഖത്തറിലേക്ക് വിമാനം കയറിയത്. കിരീടപ്പോരാട്ടത്തിനരികെ കാലിടറിയപ്പോള്‍ മൂന്നാം സ്ഥാനക്കാരായാണ് മടക്കം. വയസ്സന്‍ പടയെന്ന് ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്ക് കളിമികവിലൂടെ ലൂക്ക മോഡ്രിച്ചും സംഘവും വ്യക്തമായ മറുപടി നല്‍കി. സീനിയര്‍ താരങ്ങള്‍ക്ക് പകരക്കാര്‍ ആര് എന്ന ചോദ്യത്തിനും മൊറോക്കോയ്ക്കെതിരായ അവസാന മത്സരത്തില്‍ ഉത്തരമുണ്ട്, നിര്‍ണായക ഗോള്‍ നേടിയ ജോസ്‌കോ ഗ്വാര്‍ഡിയോള്‍. ക്രൊയേഷ്യയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു.

ഏഴാം മിനുറ്റില്‍ മൊറോക്കോ ഗോള്‍വല കുലുക്കിയ ഗ്വാർഡിയോളിന്റെ പ്രായം 20 വയസും 328 ദിവസവുമാണ്. 2002ലെ ഐവിക ഒലിക്കിന്റെ റെക്കോഡാണ് ഗ്വാര്‍ഡിയോള്‍ തിരുത്തിയത്. 23ാമത്തെ വയസിലായിരുന്നു ഒലിക്കിന്റെ ലോകകപ്പ് ഗോള്‍. അന്ന് ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഇറ്റലിയെ തോൽപ്പിച്ച മത്സരത്തിലായിരുന്നു ഒലിക്കിന്റെ ഗോൾ പിറന്നത്.

മൊറോക്കോയ്ക്കെതിരെ മികച്ച ഹെഡ്ഡറിലൂടെയാണ് ഗ്വാര്‍ഡിയോള്‍ വല കുലുക്കിയത്. 2014 ലോകകപ്പിൽ റോബിൻ വാൻ പേഴ്‌സി നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗോൾ. ബോക്സിന് വെളിയിൽ നിന്നുള്ള ഫ്രീകിക്ക് പെരിസിച്ചിന്റെ തലകൊണ്ടുള്ള പാസിൽ ഡോൾഫിനെ പോലെ മുന്നോട്ട് ചാടിയായിരുന്നു ക്രൊയേഷ്യന്‍ ഡിഫൻഡർ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. പത്തൊൻപത് മത്സരം ഇതിനോടകം ക്രൊയേഷ്യയ്ക്കായി കളിച്ച ഗ്വാർഡിയോൾ രാജ്യത്തിനായി നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു ഇന്നത്തേത്.

ക്രൊയേഷ്യയുടെ ജൂനിയർ ടീമുകളിലൂടെ കളിച്ചുവന്ന താരം പതിനെട്ടാം വയസ്സിലാണ് സീനിയർ ടീമിനായി അരങ്ങേറുന്നത്. യൂറോ 2020ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ക്രൊയേഷ്യയ്ക്കായി പ്രധാന ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിൽ എഴുതി ചേർത്തിരുന്നു. ഈ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കായി എല്ലാ മത്സരവും കളിച്ച ഗ്വാർഡിയോൾ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു. ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനമാണ് ലെപ്സിഗ് താരം പുറത്തെടുത്തതും.

logo
The Fourth
www.thefourthnews.in