ബെൻസെമ ഫിറ്റാണ്; കലാശപ്പോരിന് എത്തുമോ?

ബെൻസെമ ഫിറ്റാണ്; കലാശപ്പോരിന് എത്തുമോ?

പരുക്കേറ്റിട്ടും ബെൻസെമയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല
Updated on
1 min read

ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരിനൊരുങ്ങുന്ന ഫ്രാൻസിന് സന്തോഷ വാർത്ത. മികച്ച പ്രകടനവുമായി ഫൈനൽ വരെയെത്തിയ സംഘത്തിന് കരുത്തേകാൻ സൂപ്പർ താരം കരീം ബെൻസെമ കൂടി എത്തുകയാണ്. അര്‍ജന്റീനയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ കളിക്കാൻ ബെൻസെമ കായികക്ഷമത വീണ്ടെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താരത്തെ കളിപ്പിക്കുന്ന കാര്യത്തിൽ പരിശീലകൻ ദിദിയർ ദഷാംപ്സ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

ലോകകപ്പിന് മുന്‍പ് നടന്ന പരിശീലനത്തിനിടെയാണ് 34 കാരന് പരുക്കേറ്റത്. തുടയ്ക്ക് പരുക്കേറ്റ ബെൻസെമയ്ക്ക് മൂന്ന് ആഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ ലോകകപ്പ് ടീമിൽ നിന്ന് ബെൻസെമയെ ഒഴിവാക്കിയില്ല. ഇപ്പോൾ ഫൈനൽ വരെ എത്തിയതോടെയാണ് വീണ്ടും കളത്തിലിറങ്ങാൻ അവസരം വരുന്നത്. പോള്‍ പോഗ്ബ, ലൂക്കാസ് ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ, എന്‍ഗൊലോ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുങ്കു എന്നീ താരങ്ങളെ പരുക്ക് മൂലം നഷ്ടപ്പെട്ട ഫ്രാൻസിന് ബാലന്‍ ദിയോര്‍ പുരസ്കാര ജേതാവായ ബെന്‍സെമ കൂടി പുറത്തായത് കൂനിൻമേൽ കുരുവായി. എന്നാൽ ആ അഭാവങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല.

ഇപ്പോള്‍ പരുക്കില്‍ നിന്ന് മുക്തനായ ബെൻസെമ, ഫൈനൽ കളിക്കാൻ യോഗ്യനെന്ന് വ്യക്തമാകുകയാണ്. നിലവിൽ ഒത്തൊരുമായോടെ മുന്നേറുന്ന സംഘത്തിൽ ബെൻസെമയേ കൂടി ഉൾപ്പെടുത്തി മാറ്റം വരുത്താൻ പരിശീലകൻ തയ്യാറാകുമോ, അതോ ഫൈനൽ വരെ എത്തിച്ച സംഘത്തെ നിലനിർത്തുമോ എന്നാണ് ആകാംക്ഷ.

ബെൻസെമ ടീമിലേക്ക് തിരികെയെത്തുമോ എന്ന് സെമിഫൈനല്‍ മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോൾ മറുപടി പറയാതെ പരിശീലകന്‍ ദിദിയർ ദഷാംപ്സ് ഒഴിഞ്ഞുമാറുകയായിരുന്നു. ഫ്രാന്‍സിനായി 37 ഗോളുകള്‍ നേടിയിട്ടുള്ള ബെൻസെമയ്ക്ക് 2018 ലോകകപ്പും നഷ്ടമയിരുന്നു.

logo
The Fourth
www.thefourthnews.in