ഇതൊരു മെസി-മോഡ്രിച്ച് പോരാട്ടമല്ല; കാത്തിരിക്കാം കണ്ണഞ്ചിക്കുന്ന പ്രകടനങ്ങള്‍ക്ക്
ബാലണ്‍ ഡി ഓര്‍ ജേതാക്കള്‍ നയിക്കുന്ന രണ്ടു ടീമുകള്‍ എന്നതിലുപരി ഏറെ സാമ്യതകളുണ്ട് ഇന്ന് ഖത്തര്‍ ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളുടെയും നായകന്മാരായ ലയണല്‍ മെസിയും ലൂക്കാ മോഡ്രിച്ചും തമ്മില്‍.
ഒരിക്കല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇരുവര്‍ക്കും നഷ്ടമായതാണ് ഈ ലോകകപ്പ് കിരീടം. ഇത്തവണ ഇരുവരുടെയും ചുമലിലേറിയാണ് അവരുടെ ടീമിന്റെ കുതിപ്പ്. ഇന്ന് ഇരുകൂട്ടരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇവരിലൊരാള്‍ക്ക് തലകുനിച്ചു മടങ്ങിയേ തീരൂ. പക്ഷേ അത് ഒരു ജീവന്മരണപ്പോരാട്ടത്തിനു ശേഷമാകും.
ലുസെയ്‌ലില്‍ ഇന്ന് ആദ്യ സെമിയില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും കൊമ്പുകോര്‍ക്കുമ്പോള്‍ അത് മെസി-മോഡ്രിച്ച് മത്സരമായാണ് ആരാധകരില്‍ ഭൂരിഭാഗവും കാണുന്നത്. എന്നാല്‍ ഈ രണ്ടു താരങ്ങള്‍ക്കും പുറമേ ഇന്ന് വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കാന്‍ കെല്‍പുള്ള ഒരുപിടി താരങ്ങള്‍ ഇരുടീമുകളിലുമായുണ്ട്.
ജൂലിയന്‍ അല്‍വാരസ് - ജോസ്‌കോ വാഡ്രിയോള്‍
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കണ്ടെത്തലാണ് ജൂലിയന്‍ അല്‍വാരസ് എന്ന യുവ സ്‌ട്രൈക്കര്‍. ലോകകപ്പ് ഫുട്‌ബോളില്‍ തന്റെ ആദ്യ രണ്ടു മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം അര്‍ജന്റീന താരമാണ് അല്‍വാരസ്. 2006-ല്‍ ഹെര്‍നാന്‍ ക്രെസ്‌പോയാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
അര്‍ജന്റീന്‍ ക്ലബ് റിവര്‍പ്ലേറ്റില്‍ കളിച്ചു തുടങ്ങിയ ഈ 22-കാരന്‍ നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്. ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സ്‌ട്രൈക്കര്‍ ലാത്വാരോ മാര്‍ട്ടിനസിന്റെ മോശം ഫോം അല്‍വാരസിന് തുണയായകുകയായിരുന്നു.
പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ നേടിയ ഗോള്‍ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പിച്ചു. മികച്ച വേഗതയും ഏതു പ്രതിരോധപ്പൂട്ടും പൊളിക്കാനുള്ള മികവും ആരാധകര്‍ക്കിടയില്‍ അല്‍വാരസിനോടുള്ള മമത വര്‍ധിപ്പിച്ചു.
അര്‍ജന്റീനയുടെ ഈ യുവ പ്രതീക്ഷയ്ക്കുള്ള ക്രൊയേഷ്യന്‍ മറുപടിയാണ് വാഡ്രിയോള്‍. കറുത്ത നിറത്തിലുള്ള മാസ്‌കണിഞ്ഞു കളത്തിലിറങ്ങുന്ന വാഡ്രിയോള്‍ ശ്രദ്ധനേടിയത് അതിവേഗമാണ്. ഗ്രൗണ്ട് ടാക്ലിങ്ങിലും പന്ത് റിക്കവര്‍ ചെയ്യുന്നതിലുമുള്ള താരത്തിന്റെ മികവ് അനുപമമാണ്. ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ ഇതിനോടകം തന്നെ വിവിധ പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ശ്രദ്ധപിടിച്ചു പറ്റാനും വാഡ്രിയോളിനായി. അല്‍വാരസ്-വാഡ്രിയോള്‍ പോരാട്ടം ഇന്ന് ലുസെയ്ല്‍ സ്‌റ്റേഡിയത്തെ ത്രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഡൊമിനിക് ലിവാകോവിച്ച് - റോഡ്രിഗോ ഡി പോള്‍
ഒരു പ്രതീക്ഷയുമില്ലാതെ എത്തിയ ക്രൊയേഷ്യ ഇന്ന് ലോകകപ്പ് സെമിഫെനല്‍ കളിക്കുന്നുവെങ്കില്‍ അതിന് അവര്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിനോടാണ്. ക്രോസ്ബാറിനു കീഴില്‍ അചഞ്ചലനായി നിലകൊണ്ട ലിവാകോവിച്ചാരുന്നു പല മത്സരങ്ങളിലും അവരുടെ രക്ഷകനായത്.
ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെയ്മറിന്റെയും ലൂക്കാസ് പക്വെറ്റയുടെയും ഗോളെന്നുറച്ച എണ്ണം പറഞ്ഞ രണ്ടു ഷോട്ടുകള്‍ തടുത്തിട്ട ലിവാകോവിച്ച് പിന്നീട് ഷൂട്ടൗട്ടിലും ടീമിന്റെ രക്ഷയ്‌ക്കെത്തി. എന്നാല്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇന്ന് ലിവാകോവിച്ച് മറ്റൊരു തരത്തിലുള്ള വെല്ലുവിളിയാകും നേരിടുക.
ഗോള്‍ നേടി ജയിക്കുന്നതിനേക്കാള്‍ ഗോള്‍ വഴങ്ങാതെ ജയിക്കുന്ന തന്ത്രമാണ് ക്രൊയേഷ്യ സാധാരണയായി പയറ്റുന്നത്. ഇതിനായി സ്വന്തം ബോക്‌സില്‍ ആളെണ്ണം കൂട്ടി എതിര്‍ മുന്നേറ്റങ്ങളെ ഞെരിച്ചുകൊല്ലുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ഇൗ തന്ത്രം പൊളിക്കാന്‍ ലോങ് റേഞ്ചര്‍ തന്ത്രമാകും അര്‍ജന്റീന പയറ്റുക. ബോക്‌സിനു വെളിയില്‍ നിന്ന് ലോങ് റേഞ്ചറുകള്‍ ഉതിര്‍ക്കാന്‍ നായകന്‍ ലയണല്‍ മെസി ഉള്‍പ്പടെ ഒരുപിടി താരങ്ങള്‍ അവര്‍ക്കുണ്ട്.
എന്നാല്‍ മെസിയുള്‍പ്പടെയുള്ളവതെ ക്രൊയേഷ്യന്‍ പ്രതിരോധം കൃത്യമായി മാര്‍ക്ക് ചെയ്യുമെന്നതിനാല്‍ ഈ റോള്‍ മിക്കവാറും റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മക് അല്ലിസ്റ്റര്‍ എന്നിവരാകും കൈകാര്യം ചെയ്യുക. ഇതില്‍ ഡി പോളാകും കൂടുതല്‍ അപകടകാരി. അതിനാല്‍ തന്നെ ഡി പോള്‍ - ലിവാകോവിച്ച് മത്സരവും ഇന്നു ശ്രദ്ധേയമാകും.
ടഗ്ലിയാഫിക്കോ - ക്രമാറിച്ച്
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട താരമാണ് നിക്കോളാസ് ടഗ്ലിയാഫിക്കോ. മോശം ഫോമും അവസരത്തിനൊത്തുയര്‍ന്ന മാര്‍ക്കോസ് അക്യൂനയും ചേര്‍ന്നപ്പോള്‍ ആദ്യ മത്സരത്തിനു ശേഷം ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ താരത്തിനായില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തുടരെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട അക്യൂന സസ്‌പെന്‍ഷന്‍ വാങ്ങിയതോടെ കോച്ച് ലയണല്‍ സ്‌കലോണിക്ക് ടഗ്ലിയാഫിക്കോയെ തന്നെ ഇന്ന് ആശ്രയിക്കേണ്ടി വന്നു.
ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ആന്രെ ക്രമാറിച്ചിനെ നിശബ്ദനാക്കുകയെന്ന ദൗത്യമാണ് ഇന്ന് ടഗ്ലിയാഫിക്കോയ്ക്കുള്ളത്. പൊസിഷന്‍ ഷിഫ്റ്റ് ചെയ്തു കളിക്കുന്നതില്‍ വേന്ദ്രനായ ക്രമാറിച്ചിനെ മാര്‍ക്ക് ചെയ്തു പോക്കറ്റിലാക്കാന്‍ അര്‍ജന്റീന്‍ താരത്തിന് ഇന്ന് ഏറെ വിയര്‍പ്പൊഴുക്കേണ്ട വരും. കൂടാതെ ഇടതു ബാക്ക് പൊസിഷനിലെയാളെയാണ് മെസി കളിമെനയാന്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ നായകന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട ചുമതലയും ടഗ്ലിയാഫിക്കോയ്ക്കുണ്ട്.