കിലിയന്‍ എംബാപ്പെ
കിലിയന്‍ എംബാപ്പെ

ഖത്തറിലെ Mമ്പുരാന്‍: അർജന്റീനയെ വിറപ്പിച്ച ഒറ്റയാന്‍

90 മിനുറ്റില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച കളിയെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിച്ച കിലിയന്‍ എംബാപ്പെയുടെ 'മരണക്കളി'യെക്കുറിച്ച് പറയാതെ ഈ ലോകകപ്പ് ഓര്‍മ്മകള്‍ക്ക് അടിവരയിടുന്നതെങ്ങനെയാണ്?
Updated on
2 min read

ഒരാള്‍ കാല്പന്തിന്റെ പൂര്‍ണതയില്‍ പടിയിറങ്ങാനൊരുങ്ങുമ്പോള്‍ അവിടെ മറ്റൊരു ഇതിഹാസം പിറവിയെടുക്കുക കൂടിയായിരുന്നു. 2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ ഫുട്‌ബോള്‍ പ്രേമികളിലേക്ക് പകര്‍ന്നു നല്‍കിയത് കാല്പന്തിന്റെ അനിര്‍വചനീയമായ അതിമനോഹര നിമിഷങ്ങളാണ്. 90 മിനുറ്റില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ച കളിയെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിച്ച എംബാപ്പെയുടെ 'മരണക്കളി'യെക്കുറിച്ച് പറയാതെ ഈ ലോകകപ്പ് ഓര്‍മ്മകള്‍ക്ക് അടിവരയിടുന്നതെങ്ങനെയാണ്?

ഈ ലോകകപ്പില്‍ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാം കിരീടം ഉയര്‍ത്തുമെന്ന് എതിരാളികളെ പോലും ഇടയ്ക്ക് തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എംബാപ്പെ എന്ന 23 കാരന്റെ പങ്ക് ചെറുതല്ല

90 മിനുറ്റുകള്‍ക്കപ്പുറം അര്‍ജന്റീനയുടെ വിജയാഘോഷം കാണാന്‍ കാത്തിരുന്നവര്‍ക്കു മുകളില്‍ അപ്രതീക്ഷിതമായി തീക്കോരിയിട്ട ഫ്രാന്‍സിന്റെ പോരാളി, കിലിയന്‍ എംബാപ്പെ. ഈ ലോകകപ്പില്‍ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാം കിരീടം ഉയര്‍ത്തുമെന്ന് എതിരാളികളെ പോലും ഇടയ്ക്ക് തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എംബാപ്പെ എന്ന 23 കാരന്റെ പങ്ക് ചെറുതല്ല. ഖത്തറില്‍ ഗോള്‍ വേട്ടയില്‍ മെസിയേയും പിന്നിലാക്കി എംബാപ്പെ സുവര്‍ണപാദുകം നേടിയപ്പോള്‍ എതിരാളികള്‍ പോലും കൈയ്യടിച്ചിരിക്കാം. കാരണം അത്രമേല്‍ സുന്ദരമായിരുന്നു ഖത്തറിന്റെ മൈതാനത്തെ എംബാപ്പെയുടെ ഓരോ ചലനവും.

ഏഴ് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്ത എംബാപ്പെ ഖത്തറില്‍ സുവര്‍ണ പാദുകം നേടി തോല്‍വിയിലും തല ഉയര്‍ത്തി. അധികസമയത്തിലും അര്‍ജന്റീനയെ സമനിലയില്‍ തളച്ചിട്ട മൂന്ന് ഗോളുകളുടെ പിന്നില്‍ ചലിച്ച കാലുകളും എംബാപ്പെയുടെതായിരുന്നു. ഇതോടെ 1966ല്‍ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റിനുശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന താരമായി എംബാപ്പെ. മാത്രമല്ല 24 വയസ്സിനുള്ളില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡും ഈ 23കാരന്‍ മറികടന്നു.

ഫ്രാന്‍സ് എന്ന വമ്പന്മാരുടെ ടീം കിലിയന്‍ എംബാപ്പെ എന്ന കളിക്കാരനിലേക്ക് ചുരുങ്ങുന്ന കാഴ്ചയായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയത്തിലെ അവസാന സമയങ്ങളില്‍ കണ്ടത്

വേഗതയായിരുന്നു ഫൈനലിലും എംബാപ്പെയുടെ കരുത്ത്. കൂട്ടാളികള്‍ ഗോള്‍ വലയിലെത്തിക്കാന്‍ പരാജയപ്പെടുന്നിടത്ത് ആ 23കാരന്‍ തന്റെ ടീമിനായി ഒറ്റയാള്‍ പോരാട്ടം നടത്തി. തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഫ്രഞ്ച് വീര്യം. കാലില്‍ പന്തുമായി അദ്ദേഹം എതിരാളികളെ വിറപ്പിച്ചുകൊണ്ട് ഓടിക്കയറി, കൊടുത്ത പാസുകളൊന്നും കൂടെയുള്ളവര്‍ക്ക് വലയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടപ്പോഴും തളര്‍ന്നില്ല. ഫ്രാന്‍സ് എന്ന വമ്പന്മാരുടെ ടീം കിലിയന്‍ എംബാപ്പെ എന്ന കളിക്കാരനിലേക്ക് ചുരുങ്ങുന്ന കാഴ്ചയായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയത്തിലെ അവസാന സമയങ്ങളില്‍ കണ്ടത്. ആ കുതിപ്പിനെ പിടിച്ചു നിര്‍ത്താന്‍ അര്‍ജന്റീന കിണഞ്ഞ് പരിശ്രമിക്കേണ്ടി വന്നു. എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് അദ്ദേഹം വീണ്ടും വീണ്ടും ഇരച്ചു കയറിക്കൊണ്ടിരുന്നു.

അധിക സമയത്തിലും അവസ്ഥ ഇത് തന്നെയായിരുന്നു. 108-ാം മിനുറ്റില്‍ മെസി ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനക്കാര്‍ കുറച്ചൊന്ന് ആശ്വസിച്ചിരിക്കാം. എന്നാല്‍ ജയത്തിന്റെ വക്കില്‍ നില്‍ക്കെ ആ പ്രതീക്ഷയെ വീണ്ടും അടിച്ച് താഴെയിട്ടു എംബാപ്പെ. എംബാപ്പെയിലൂടെ ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍. ഉന്നം പിഴയ്ക്കാതെ മാര്‍ട്ടിനസിനെ വീഴ്ത്തി ആ പെനാല്‍റ്റിയും ഗോളാക്കി മാറ്റി. മത്സരം വീണ്ടും 3-3 സമനിലയില്‍, ഒരൊറ്റ കളിക്കാരനിലൂടെ ഫ്രഞ്ച് പട വീണ്ടും ലോകകപ്പെന്ന മോഹത്തിലേക്ക് നടന്നു തുടങ്ങിയിരുന്നു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോഴും എംബാപ്പെ തന്റെ കടമ വൃത്തിയായി ചെയ്തു തീര്‍ത്തു. അവിടെയും മാര്‍ട്ടിനസിന് എംബാപ്പെയെ തടുത്ത് നിര്‍ത്താനായില്ല. എന്നാല്‍ ഭാഗ്യം അദ്ദേഹത്തിന്റെ കൂടെ നിന്നില്ല, സഹകളിക്കാരുടെ ഷോട്ടുകള്‍ ലക്ഷ്യം തെറ്റി പുറത്തുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് ആ മനുഷ്യനാവാം.

എന്നാല്‍ ജയത്തിന്റെ വക്കില്‍ നില്‍ക്കെ അർജന്റീനിയന്‍ പ്രതീക്ഷകളെ വീണ്ടും അടിച്ച് താഴെയിട്ടു എംബാപ്പെ

അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമ്പോഴും കാല്പന്ത് പ്രേമികളെ വേദനിപ്പിച്ചത് തലകുനിച്ചിരിക്കുന്ന എംബാപ്പെയുടെ മുഖമായിരുന്നു. ഒരു ടീമിനെ ഒറ്റയ്ക്ക് പൊരുതി പ്രതീക്ഷയുടെ കൊടുമുടി കയറ്റിയ മനുഷ്യന്‍. ടീം പരാജയപ്പെട്ടപ്പോഴും ജയത്തിലേക്ക് അയാള്‍ ഒറ്റയ്ക്ക് നടന്നു കയറി. ഇത്തവണത്തെ സുവര്‍ണ പാദുകം കൈയിലെടുക്കാന്‍ എംബാപ്പെയേക്കാള്‍ അര്‍ഹതപ്പെട്ട മറ്റൊരാളില്ല. അവസാന നിമിഷം വരെ ആ കാലുകളില്‍ വിശ്വാസമര്‍പ്പിക്കാന്‍ അയാള്‍ തന്റെ രാജ്യത്തോട് പറയാതെ പറഞ്ഞു. ഫ്രാന്‍സ്, നിങ്ങള്‍ക്ക് ഈ തോല്‍വിയിലും ആശ്വസിക്കാം. മുന്നില്‍ ഇതുപോലൊരാള്‍ വളര്‍ന്നു പന്തലിക്കുന്നുണ്ടെന്ന്. ഇതിഹാസങ്ങള്‍ക്കുമപ്പുറം അയാള്‍ കാല്പന്ത് ലോകത്ത് പടര്‍ന്നുകയറുകയാണ്. അടുത്ത ലോകകപ്പില്‍ തന്റെ രണ്ടാം കിരീടമുയര്‍ത്താന്‍ അയാള്‍ കളിക്കളത്തില്‍ വീണ്ടും ഇറങ്ങും.

logo
The Fourth
www.thefourthnews.in