അർജന്റീന - ഫ്രാൻസ് ഫൈനൽ; കളി കണക്കുകളിലും പോരാട്ടം ഇഞ്ചോടിഞ്ച്
അട്ടിമറികളും അത്ഭുതങ്ങളും ഒളിപ്പിച്ചുവച്ച ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായറോടെ വിരാമമാകും. ലുസെയ്ല്‍ മൈതാനത്തെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌നനേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. അതേസമയം, 1986ന് ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കാണ് മെസിയും സംഘവും ബൂട്ട് കെട്ടുന്നത്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ഫ്രാന്‍സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായത്. ഫൈനല്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെയും പ്രകടനം ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ കണക്കുകളില്‍ നേരിയ മുന്‍തൂക്കം അര്‍ജന്റീനയ്ക്കുണ്ട്.
ഓരോ മത്സരങ്ങൾ ഇരു ടീമുകളും തോറ്റപ്പോൾ, കൂടുതൽ ഗോൾ നേടിയത് ഫ്രാൻസാണ്.
ഈ ലോകകകപ്പിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ഇരു ടീമുകളും പൂർത്തിയാക്കിയത്. ഓരോ മത്സരങ്ങൾ ഇരു ടീമുകളും തോറ്റു. പതിമൂന്ന് തവണ ഫ്രാൻസ് എതിർ വല കുലുക്കിയപ്പോൾ അർജന്റീന പന്ത്രണ്ട് ഗോളുകൾ നേടി. ഗോൾ വഴങ്ങിയ (5) കണക്കിൽ ഇരുവരും തുല്യരാണ്. എന്നാൽ ക്ലീൻ ഷീറ്റിന്റെ കാര്യത്തിൽ അര്‍ജന്റീനയാണ് മുന്നിൽ. മൂന്ന് തവണ അർജന്റീനൻ പ്രതിരോധം എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ കോട്ട കാത്തു. ഫ്രാൻസ് ആകട്ടെ ടൂർണമെന്റിൽ ഒരു വട്ടം മാത്രമാണ് ഗോൾ വഴങ്ങാതിരുന്നത്. മൊറോക്കോയ്‌ക്കെതിരെ സെമിയിലായിരുന്നു ആ പ്രകടനം.
91 തവണയാണ് ഫ്രാൻസ് എതിരാളികളുടെ വലകുലുക്കാന്‍ ശ്രമിച്ചത്. അതില്‍ 30 ശ്രമങ്ങളും ലക്ഷ്യം കണ്ടു. അർജന്റീനനയുടെ കണക്കിൽ 83 ശ്രമങ്ങളിൽ 39 എണ്ണം ലക്ഷ്യത്തിലേക്കെത്തി. ഫ്രാൻസിനായി ഈ ലോകകപ്പിൽ കൂടുതൽ ഗോളുകൾ (5) നേടിയ കിലിയന്‍ എംബാപ്പെയാണ് കൂടുതൽ ഗോൾ ശ്രമങ്ങൾ നടത്തിയത്. 25 തവണയാണ് എംബാപ്പെ ഗോളിനായി ശ്രമിച്ചത്. അർജന്റീനയിലും സമാനമാണ് സ്ഥിതി 27 ഗോൾ ശ്രമത്തില്‍ നിന്നാണ് മെസിയുടെ അഞ്ച് ഗോള്‍. അർജന്റീന ടീമിൽ സഹതാരങ്ങളുടെ ഗോളിന് വഴിയൊരുക്കിയവരുടെ കണക്കിലും മെസിയാണ് മുന്നിൽ. മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോൾ അടിക്കാൻ മെസി അവസരം ഒരുക്കി. അതെ സമയം ഫ്രാൻസിൽ ആ ചുമതല അന്‌റോയിന്‍ ഗ്രീസ്മാനായിരുന്നു. അതും മൂന്ന് തവണ.
ഫ്രാൻസ് മൊത്തം കളികളിലായി 3140 പാസുകൾക്ക് ശ്രമിച്ചു. അതിൽ 2773 പാസുകള്‍ വിജയകരമായി പൂർത്തിയാക്കി. 399 പാസ്സുകളുമായി യുവതാരം ഔറേലിയൻ ചൗമേനിയാണ് വ്യക്തികളിൽ മുന്നില്‍. അർജന്റീന കളിച്ച 3727 പാസുകളിൽ 3297 എണ്ണം വിജയകരമായി പൂർത്തിയാക്കി. റോഡ്രിഗോ ഡി പോളാണ് 476 പാസുമായി അർജന്റീനിയൻ നിരയിൽ മുന്നിൽ. ഇവർ ഇരുവരും തന്നെയാണ് ഇരു ടീമുകൾക്കായും ലോകകപ്പിൽ കൂടുതൽ ദൂരം താണ്ടിയിരിക്കുന്നതും. ചൗമേനി 63.4 കിലോമീറ്റർ ഓടിയപ്പോൾ ഡി പോൾ 61.03 കിലോമീറ്റർ ഓടി. ക്രോസ്സുകളുടെ എണ്ണത്തിൽ ഫ്രാൻസിനായി അന്‌റോയിന്‍ ഗ്രീസ്മാനും (37) അർജന്റീനയ്‌ക്കായി എയ്ഞ്ചല്‍ ഡി മരിയയുമാണ് (24) മുന്നിൽ.