ടിക്കി ടാക്കയെ ഇനി വെറുത്തു തുടങ്ങാം

ടിക്കി ടാക്കയെ ഇനി വെറുത്തു തുടങ്ങാം

ബാഴ്‌സലോണയെ ടിക്കി ടാക്ക കളിപ്പിച്ച്‌ തുടര്‍വിജയങ്ങള്‍ നേടിക്കൊടുത്ത ഗാര്‍ഡിയോള ആ കളിരീതിയെ വെറുക്കാന്‍ തുടങ്ങിയത്‌ ഫുട്‌ബോളിന്റെ അടിസ്ഥാനപരമായ ഭാവത്തെ തന്നെയാണ്‌ വ്യക്തമാക്കുന്നത്‌.
Updated on
2 min read

ഫുട്‌ബോളിലെ ടിക്കി ടാക്ക എന്ന കേളീശൈലിയെ കളിയെഴുത്തുകാരന്‍ കൂടിയായ എന്‍.എസ്‌.മാധവന്‍ മൈതാനത്തിലെ ചതുരംഗം എന്നാണ്‌ ഒരു സന്ദര്‍ഭത്തില്‍ വിശേഷിപ്പിച്ചത്‌. 2010 ലോകകപ്പ്‌ ഫുട്‌ബോള്‍ സെമിഫൈനല്‍. മറഡോണ പരിശീലനം നല്‍കുന്ന അര്‍ജിന്റീനയെ ക്വാര്‍ട്ടറില്‍ 4-0ന്‌ തകര്‍ത്ത്‌ സെമിഫൈനലിലേക്ക്‌ കുതിച്ചെത്തിയ ജര്‍മനി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുമെന്ന്‌ നല്ലൊരു ശതമാനം ഫുട്‌ബോള്‍ പ്രേമികളും കരുതിയിരുന്ന സന്ദര്‍ഭം. പക്ഷേ ജര്‍മനിയുടെ കരുത്തന്‍ ടീം ടിക്കി ടാക്കയുടെ മുന്നില്‍ മുട്ടികുത്തുന്നതാണ്‌ സെമിഫൈനലില്‍ കണ്ടത്‌.

അര്‍ജന്റീനയെ ആക്രമണ ഫുട്‌ബോളിലൂടെ തകര്‍ത്ത മിറോസ്ലാവ്‌ ക്ലോസെയും സംഘവും ആദ്യമായി ലോകകപ്പ്‌ സെമി ഫൈനല്‍ കളിക്കുന്ന സ്‌പാനിഷ്‌ ടീമിന്റെ കാലില്‍ നിന്ന്‌ പന്ത്‌ കിട്ടാന്‍ വേണ്ടി മൈതാനത്ത്‌ മുഴുവന്‍ ഓടി നടന്ന്‌ വിയര്‍ക്കുന്ന കൗതുകകരമായ കാഴ്‌ചയാണ്‌ മത്സരത്തില്‍ കണ്ടത്‌. 2008ലെ യൂറോ കപ്പ്‌ ഫൈനലിന്റെ തനിയാവര്‍ത്തനമെന്നോണം ജര്‍മനിയെ ഒരു ഗോളിന്‌ കീഴടക്കിയ സ്‌പെയിന്‍ അതേ മാര്‍ജിനില്‍ ഫൈനലില്‍ നെതര്‍ലാന്റ്‌സിനെ കീഴടക്കി ടിക്കി ടാക്കയുടെ പ്രതാപം ഉറപ്പിച്ചു.

സ്‌പെയിന്‍-ജര്‍മനി മത്സരത്തെ ഫുട്‌ബോള്‍ മൈതാനത്തെ ചെസ്‌ കളിയായി മാറുന്ന കാഴ്‌ച എന്നാണ്‌ എന്‍.എസ്‌. മാധവന്‍ വിശേഷിപ്പിച്ചത്‌. ഫുട്‌ബോളിന്‌ അങ്ങനെയൊരു മുഖം ടിക്കി ടാക്കയിലൂടെ സ്‌പാനിഷ്‌ ടീം നല്‍കി. ടിക്കി ടാക്ക എന്ന മൈതാനത്തെ ചതുരംഗ കളിയിലൂടെയാണ്‌ സ്‌പെയിന്‍ ഒരു ലോകകപ്പും അതിനു മുമ്പും പിമ്പുമായി ഓരോ യൂറോകപ്പും എന്ന മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടം സ്വന്തമാക്കിയതും.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ടിക്കി ടാക്കയെ ഞാന്‍ വെറുക്കുന്നു എന്ന്‌ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചത്‌ ടിക്കിടാക്കയുടെ അപ്പോസ്‌തലന്മാരില്‍ ഒരാളായ സാക്ഷാല്‍ പെപ്‌ ഗാര്‍ഡിയോളയാണ്‌. സ്‌പാനിഷ്‌ ക്ലബ്ബായ ബാഴ്‌സലോണയെ ടിക്കി ടാക്ക കളിപ്പിച്ച്‌ അവിസ്‌മരണീയമായ തുടര്‍വിജയങ്ങള്‍ നേടിക്കൊടുത്ത ലോകഫുട്‌ബോള്‍ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളായ ഗാര്‍ഡിയോള പിന്നീട്‌ ആ കളിരീതിയെ വെറുക്കാന്‍ തുടങ്ങിയത്‌ ഫുട്‌ബോളിന്റെ അടിസ്ഥാനപരമായ ഭാവത്തെ തന്നെയാണ്‌ വ്യക്തമാക്കുന്നത്‌.

ഫുട്‌ബോളിലെ ചരിത്രം സൃഷ്‌ടിച്ച സവിശേഷമായ കേളീശൈലികള്‍ക്ക്‌ എന്നും ഫുട്‌ബോള്‍ പ്രേമികളുടെ ഓര്‍മയില്‍ സ്ഥാനമുണ്ടാകും. പക്ഷേ കുറച്ചുകാലത്തെ പ്രഭാവത്തിനു ശേഷം ഊര്‍ജം നഷ്‌ടപ്പെടുന്നത്‌ അത്തരം കേളീശൈലികളുടെ സവിശേഷതയുമാണ്‌.

1974-ലും 1978-ലും നെതര്‍ലാന്റ്‌സിനെ ലോകകപ്പ്‌ ഫൈനല്‍ വരെയെത്തിച്ച ടോട്ടല്‍ ഫുട്‌ബോള്‍ അക്കാലത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ശക്തിയായി ആ ടീമിനെ മാറ്റി. ലോകകപ്പ്‌ നേടാനായില്ലെങ്കിലും ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രതാപ കാലത്ത്‌ യൊഹാന്‍ ക്രൈഫിന്റെ നേതൃത്വത്തിലുള്ള നെതര്‍ലാന്റ്‌സ്‌ തന്നെയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ടീം. എന്നാല്‍ ആ കേളീശൈലിയുടെ ഊര്‍ജം പിന്നീട്‌ നെതര്‍ലാന്റ്‌സ്‌ ടീമിന്റെ കാലുകളില്‍ നിന്ന്‌ ചോര്‍ന്നു പോയി.

കാല്‍പന്തുകളി എപ്പോഴും കാലാനുസൃതമായി പുതുക്കികൊണ്ടിരിക്കും. ഒരു കാലത്ത്‌ ആക്രമണ ഫുട്‌ബോളിന്റെ പ്രതിരൂപമായിരുന്ന ബ്രസീല്‍ പില്‍ക്കാലത്ത്‌ തങ്ങളുടെ മനോഭാവം തന്നെ അഴിച്ചുപണിത്‌ കാലത്തിന്‌ അനുസരിച്ച്‌ കളിയുടെ കോലം മാറ്റി. കളിക്കുന്നത്‌ ആഹ്ലാദിപ്പിക്കാനാണെന്നും ജയിക്കുന്നത്‌ രണ്ടാമത്തെ കാര്യം മാത്രമാണെന്നും പറഞ്ഞ സോക്രട്ടീസിന്റെ തത്വശാസ്‌ത്രത്തെ പിന്തുടര്‍ന്ന, ആക്രമണം മാത്രമാണ്‌ ഫുട്‌ബോളെന്ന്‌ ഒരു കാലത്ത്‌ കരുതിയിരുന്ന ബ്രസീല്‍ പ്രതിരോധത്തിന്‌ കൂടി ഊന്നല്‍ കൊടുക്കുന്ന ശൈലിയിലേക്ക്‌ മാറാന്‍ നിര്‍ബന്ധിതമായത്‌ സ്വയം പുതുക്കാതെ ഫുട്‌ബോളില്‍ ഒരു അതിജീവനം സാധ്യമല്ലാത്തതു കൊണ്ടാണ്‌. പെപ്‌ ഗാര്‍ഡിയോളക്ക്‌ ഒരു കാലത്തെ തന്റെ ഇഷ്‌ടശൈലിയായിരുന്ന ടിക്കി ടാക്കയോട്‌ വെറുപ്പ്‌ തോന്നിയതും ബ്രസീല്‍ ആക്രമണം മാത്രമല്ല ഫുട്‌ബോളെന്നും തിരിച്ചറിഞ്ഞതും കാലാനുസൃതമായി മാറിയേ തീരൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌.

ടോട്ടല്‍ ഫുട്‌ബോളില്‍ നിന്ന്‌ വികസിതമായ ടിക്ക ടാക്ക സ്‌പെയിനിന്‌ ലോകകിരീടം നേടികൊടുത്തെങ്കിലും ആ ടീം തുടര്‍ച്ചയായ അട്ടിമറികള്‍ നേരിട്ട്‌ ഇപ്പോള്‍ കാലഹരണപ്പെട്ടു കഴിഞ്ഞ കേളീശൈലിയുടെ രക്തസാക്ഷികളായി മാറുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ പാസിംഗിനു വേണ്ടി മാത്രം പാസിംഗ്‌ എന്ന രീതി ഉപേക്ഷിച്ച്‌ ഗോളിനു വേണ്ടി പന്ത്‌ തട്ടുക എന്ന ലക്ഷ്യബോധത്തോടെ സ്‌പാനിഷ്‌ ഫുട്‌ബോളിന്‌ പുതിയ കളി കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിഭാധനന്മാരുടെ ആ സംഘത്തിന്‌ ഒരു തിരിച്ചുവരവ്‌ സാധ്യമാകുകയുള്ളൂ. പൊസഷണല്‍ ഫുട്‌ബോളും ആക്രമണവും ഒരു പോലെ സമന്വയിപ്പിച്ച്‌ പെപ്‌ ഗാര്‍ഡിയോള ഇംഗ്ലീഷ്‌ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നടത്തിയിരിക്കുന്ന വിജയകരമായ പരീക്ഷണം തന്നെ അവരുടെ മുന്നില്‍ മാതൃകയായുണ്ട്‌.

ടിക്കി ടാക്കയെ വെറുക്കുന്നുവെന്ന്‌ ഗാര്‍ഡിയോള പറയുന്നുണ്ടെങ്കിലും പന്ത്‌ വിട്ടുകൊടുത്തുള്ള കളി അദ്ദേഹത്തിന്‌ ഇപ്പോഴും ഇഷ്‌ടമല്ല. ഏത്‌ ടീമിനോട്‌ കളിച്ചാലും 50 ശതമാനത്തില്‍ കൂടുതല്‍ നേരം പന്ത്‌ കാല്‌ വെക്കുന്ന പൊസഷണല്‍ ഗെയിം തന്നെയാണ്‌ മാഞ്ചസ്റ്റര്‍ സിറ്റി എപ്പോഴും പിന്തുടരുന്നത്‌. ഒപ്പം കെവിന്‍ ഡിബ്രുയ്‌നെ പോലൊരു ലോകോത്തര സ്‌ട്രൈക്കര്‍ നയിക്കുന്ന ആക്രമണ നിരയുടെ ഒരു അടര്‌ കൂടി തീര്‍ത്താണ്‌ ഗാര്‍ഡിയോള സിറ്റിയുടെ കളിക്ക്‌ പൂര്‍ണത പകരുന്നതും തുടര്‍ച്ചയായി വിജയപന്ഥാവില്‍ തുടരുന്നതും. ലൂയിസ്‌ എന്റിക്വക്ക്‌ പകരം സ്‌പാനിഷ്‌ ടീമിന്‌ പരിശീലനം നല്‍കാനായെത്തുന്ന പുതിയ കോച്ചിനും ``ഞാന്‍ ടിക്കി ടാക്കയെ വെറുക്കുന്നു'' എന്ന പെപ്‌ ഗാര്‍ഡിയോളയുടെ വചനത്തില്‍ നിന്ന്‌ തുടങ്ങുന്നതാകും ഉചിതം.

logo
The Fourth
www.thefourthnews.in