കിടിലോസ്‌കി ജയം; സൗദിയെ പിടിച്ചുകെട്ടി പോളണ്ട്

കിടിലോസ്‌കി ജയം; സൗദിയെ പിടിച്ചുകെട്ടി പോളണ്ട്

രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമന്മാരാണ് പോളണ്ട്. മൂന്നു പോയിന്റുള്ള സൗദിയാണ് രണ്ടാം സ്ഥാനത്ത്.
Updated on
1 min read

ഒരു ഗോളും ഒരു അസിസ്റ്റുമായി നായകന്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അട്ടിമറി വീരന്മാരായി എത്തിയ സൗദി അറേബ്യയെ പിടിച്ചുകെട്ടി പോളണ്ട്. നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെയും മധ്യനിര താരം പിയൊറ്റര്‍ സിയെലെന്‍സ്‌കിയുടെയും ഗോളുകളില്‍ 2-0 എന്ന സ്‌കോറിനാണ് പോളണ്ട് സൗദിയെ തുരത്തിയത്. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാനും അവര്‍ക്കായി. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമന്മാരാണ് അവര്‍. മൂന്നു പോയിന്റുള്ള സൗദിയാണ് രണ്ടാം സ്ഥാനത്ത്.

ദോഹ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപകുതികളിലുമായി ആയിരുന്നു പോളണ്ടിന്റെ ഗോളുകള്‍. സൗദിയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. നിരന്തരം പോളണ്ട് ഗോള്‍മുഖത്ത് ഇരച്ചുകയറി സമ്മര്‍ദ്ദം സൃഷ്ടിച്ച അവര്‍ക്കു പക്ഷേ ഫിനിഷിങ് മികച്ചതാക്കാന്‍ സാധിച്ചില്ല. 12-ാം മിനിറ്റില്‍ സൗദി താരം മുഹമ്മദ് കാനോയുടെ ഗോളെന്നുറച്ച ഉഗ്രന്‍ ലോങ് റേഞ്ചര്‍ പോളണ്ട് ഗോള്‍കീപ്പര്‍ സെസ്നി ഒരുവിധമാണ് രക്ഷപെടുത്തിയത്.

എന്നാല്‍ മത്സരം പുരോഗമിച്ചതോടെ പോളണ്ട് ആധിപത്യം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നാലെ അവര്‍ സൗദിയെ ഞെട്ടിച്ചു ലീഡും നേടി. 39-ാം മിനിറ്റില്‍ സിയെലെന്‍സ്‌കിയാണ് ടീമിനായി വലകുലുക്കിയത്. നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ആദ്യപകുതി അവസാനിക്കും മുമ്പേ ഒപ്പമെത്താന്‍ സൗദിക്ക് അവസരം ലഭിച്ചതാണ്. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പക്ഷേ മുതലാക്കാനായില്ല. സൗദി സൂപ്പര്‍താരം സാലി അല്‍ ഷെഹ്രിയെ പോളിഷ് പ്രതിരോധ താരം ബിയാലെക് വീഴ്ത്തിയതിനെത്തുടര്‍ന്ന് വാറിലൂടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. അല്‍ ഷെഹ്രി തന്നെയാണ് കിക്കെടുത്തത്. എന്നാല്‍ ഗോള്‍കീപ്പര്‍ സെസ്നി തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. പന്ത് റീബൗണ്ടായി എത്തിയത് മറ്റൊരു സൗദി താരമായ അല്‍ ബുറൈക്കിന്റെ കാലിലേക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് ബുറൈക്ക് നിറയൊഴിച്ചെങ്കിലും സെസ്നി അവിശ്വസനീയമായി അതും തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കവും സൗദി മുന്നേറ്റങ്ങളോടെയായിരുന്നു. നിരന്തരം പോളണ്ട് ഗോള്‍മുഖം റെയ്ഡ് ചെയ്ത അവര്‍ ഏതുനിമിഷവും സ്‌കോര്‍ ചെയ്യുമെന്ന പ്രതീതി ഉണര്‍ത്തി. എന്നാല്‍ പോളിഷ് ഗോള്‍കീപ്പര്‍ സെസ്‌നിയുടെ മന സാന്നിദ്ധ്യവും സൗദി മുന്നേറ്റനിരയുടെ ലക്ഷ്യമില്ലായ്മയും പോളണ്ടിന് തുണയായത്.

സമനിലയ്ക്കായി സൗദി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയായിരുന്നു വിജയമുറപ്പിച്ച് പോളണ്ട് രണ്ടാം ഗോള്‍ കണ്ടെത്തിയത്. സൗദി പ്രതിരോധ താരം അല്‍ മാല്‍കിയുടെ പിഴവ് മുതലെടുത്ത് പന്ത് പിടിച്ചെടുത്തു കുതിച്ച പോളിഷ് നായകന്‍ ലെവന്‍ഡോവ്‌സ്‌കി ഒരു ക്ലിനിക്കല്‍ ഫിനിഷിലൂടെ ജയം ഉറപ്പാക്കി. ലോകകപ്പ് ചരിത്രത്തില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ആദ്യ ഗോളായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in