ലോകകപ്പ് ഗോളുകളിൽ റെക്കോർഡിട്ട് മെസി
അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി ലയണൽ മെസിക്ക് സ്വന്തം. ക്രൊയേഷ്യയ്‌ക്കെതിരെ 34ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് മെസി മറികടന്നത്. ഇതോടെ മെസിയുടെ ലോകകപ്പ് ഗോൾ സമ്പാദ്യം പതിനൊന്നായി. ഓപ്പൺ പ്ലേയിൽ നിന്ന് ഏഴും, പെനാൽറ്റിയിൽ നിന്നും മൂന്നും, ഫ്രീകിക്കിൽ നിന്ന് ഒരു വട്ടവും മെസി ലോകകപ്പിൽ ഗോൾ നേടി.
ഈ ലോകകപ്പിലെ മെസിയുടെ അഞ്ചാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത്. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പമെത്താനും മെസിക്കായി. ഖത്തർ ലോകകപ്പിലെ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസി നേടി.
2006 ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടെനെഗ്രോയ്ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റവും ആദ്യ ഗോളും. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവുമായി. അഞ്ച് ലോകകപ്പുകളിൽ നിന്ന് ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നിന്നാണ് അർജന്റീന നായകൻ പതിനൊന്ന് ഗോളുകൾ നേടിയത്. രണ്ടാമതുള്ള ബാറ്റിസ്റ്റ്യൂട്ട 12 കളികളിൽ നിന്ന് 10 ഗോളുകൾ നേടിയപ്പോൾ, നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോൾ നേടിയ ഗില്ലെർമോ സ്റ്റെബൈലും 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ മറഡോണയുമാണ് മൂന്നാം സ്ഥാനത്ത്.