അപരാജിത കുതിപ്പിന് അന്ത്യം; പടിയിറങ്ങി വാന്‍ ഗാല്‍
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോടു തോറ്റ് നെതര്‍ലന്‍ഡ്‌സ് പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞു നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ഗാല്‍. ഇന്നലെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് നെതര്‍ലന്‍ഡ്സ് അര്‍ജന്റീനയോട് പരാജയപ്പെട്ടത്. മുഖ്യപരിശീലകനെന്ന നിലയിലുള്ള തന്റെ മൂന്നാം ടേമിലെ അവസാന മത്സരമായിരുന്നു ഇതെന്ന് അദ്ദേഹം മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
2021ലാണ് നെതര്‍ലന്‍ഡ്സിന്റെ മുഖ്യ പരിശീലക സ്ഥാനം വാന്‍ ഗാല്‍ ഏറ്റെടുത്തത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനോട് പോരാടുമ്പോഴും ടീമിനോട് ആത്മാര്‍ത്ഥതയും നിന്ന് തന്റെ കടമ പുലര്‍ത്തിയിരുന്ന പരിശീലകനാണ് വാന്‍ ഗാല്‍. കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി ലോകകപ്പിന് മുമ്പ് സുഖം പ്രാപിച്ച് ടീമിനൊപ്പം ചേര്‍ന്ന് ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിക്കാന്‍ 71കാരനായ വാന്‍ ഗാലിന് സാധിച്ചു.
ഫ്രാങ്ക് ഡി ബോയറിന് പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുത്ത വാന്‍ ഗാലിന്റെ കീഴില്‍ 20 മത്സരങ്ങളാണ് തോല്‍വിയറിയാതെ നെതര്‍ലന്‍ഡ്‌സ് ടീം മുന്നേറിയത്. വെള്ളിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വിയേറ്റുവാങ്ങിയതോടെ ടീമിന്റെ അപരാജിത കുതിപ്പ് അവസാനിക്കുകയായിരുന്നു.
നെതര്‍ലന്‍ഡ്സ് കളിക്കാരെ അഭിനന്ദിച്ചുകൊണ്ട് തികച്ചും വൈകാരികമായിരുന്നു പരിശീലകന്റെ വിടവാങ്ങല്‍ പ്രസംഗം. മികച്ച ഒരു ടീമില്‍ നിന്നാണ് ഞാന്‍ പടിയിറങ്ങുന്നത്. വ്യക്തിപരമായും പ്രൊഫഷണലായും വളരെയധികം അടുപ്പമുള്ളവരാണ് ഈ ടീമിലുള്ളത്. 20 മത്സരങ്ങളില്‍ ഞാന്‍ ടീമിനെ നയിച്ചു. പല മുന്‍നിര ടീമുകള്‍ക്കെതിരെയും ഞങ്ങള്‍ മത്സരിച്ചു. അന്നൊന്നും തോല്‍വിയറിഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞു,
ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായി ആയിരുന്നു വാന്‍ ഗാലിന്റെ കരിയര്‍ ആരംഭിക്കുന്നത്. നെതര്‍ലാന്‍ഡിലെ അയാക്‌സ്, സ്പെയിനിലെ ബാഴ്സലോണ, ജര്‍മ്മനിയിലെ ബയേണ്‍ മ്യൂണിക്ക്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങി യൂറോപ്പിലുടനീളമുള്ള നിരവധി മികച്ച ക്ലബ്ബുകളുടെ പരിശീലകസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
ഇന്നലത്തെ മത്സരത്തിലെ ടീമിന്റെ പ്രകടനത്തിലും സംതൃപ്തനായാണ് നെതലന്‍ഡ്‌സിന്റെ എക്കാലത്തെയും മികച്ച പരിശീലകന്റെ പടിയിറക്കം. ''ഇന്ന് ഞങ്ങള്‍ തോറ്റതായി ഞാന്‍ കരുതുന്നില്ല. അതൊരു പെനാല്‍റ്റി ഷൂട്ട് ഔട്ട് മാത്രമായിരുന്നു'' എന്നായിരുന്നു ഇന്നലത്തെ മത്സരത്തെപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം.