ഇമ്മാനുവല്‍ മാക്രോണ്‍, എംബാപ്പെ
ഇമ്മാനുവല്‍ മാക്രോണ്‍, എംബാപ്പെ

അര്‍ജന്റീനയ്ക്കെതിരെ സൂപ്പര്‍താരത്തെ ഉള്‍പ്പെടെ ടീമിലെത്തിക്കണം: ആഗ്രഹം അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ്

കലാശപ്പോരില്‍ കരിം ബെന്‍സേമ, പോള്‍ പോഗ്ബെ, എന്‍ഗോളോ കാന്റെ എന്നിവരെ ഉള്‍പ്പെടുത്തണമെന്നാണ് മാക്രോണിന്റെ ആഗ്രഹം
Updated on
1 min read

ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പരുക്കേറ്റ് സ്ക്വാഡില്‍നിന്ന് പുറത്തായ താരങ്ങളെ തിരിച്ചുവിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അര്‍ജന്റീനയ്ക്കെതിരായ കലാശപ്പോരില്‍ കരിം ബെന്‍സേമ, പോള്‍ പോഗ്ബെ, എന്‍ഗോളോ കാന്റെ എന്നിവരെ ഉള്‍പ്പെടുത്തണമെന്നാണ് മാക്രോണിന്റെ ആഗ്രഹം. ഫ്രഞ്ച് കായികമന്ത്രി അമേലി ഔഡിയ- കാസ്റ്ററയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ കോച്ച് ദിദിയര്‍ ദെഷാംപ്സോ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷനോ തീരുമാനം അറിയിച്ചിട്ടില്ല.

പരുക്കേറ്റതിനെത്തുടര്‍ന്നാണ് ബെന്‍സേമ, പോഗ്ബെ, കാന്റെ തുടങ്ങിയ താരങ്ങള്‍ക്ക് ലോകകപ്പ് നഷ്ടമായത്. നവംബര്‍ പകുതിയോടെയാണ് ബെന്‍സേമയ്ക്ക് പരുക്കേറ്റത്. ചികിത്സ പൂര്‍ത്തിയാക്കി കൃത്യസമയത്ത് മടങ്ങിവരില്ലെന്ന് കണക്കാക്കിയാണ് താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ വ്യാഴാഴ്ച റയല്‍ മാഡ്രിഡിനു വേണ്ടി ലെഗാനസിനെതിരെ താരം സൗഹൃദ മത്സരം കളിച്ചിരുന്നു. ഇതോടെ, ഫിറ്റ്നസ് വീണ്ടെടുത്ത ബെന്‍സേമ ലോകകപ്പ് ഫൈനല്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് മാക്രോണിന്റെ വാക്കുകള്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ എത്തിയിരിക്കുന്നത്. കിരീടം നിലനിര്‍ത്തി ചരിത്രം സൃഷ്ടിക്കുകയാണ് ഫ്രാന്‍സിന്റെ ലക്ഷ്യം. അതിലേക്ക് ഫ്രഞ്ച് നിരയെ പൂര്‍ണസജ്ജമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍. അതുകൊണ്ടാണ് ബെന്‍സേമയ്ക്കൊപ്പം പോഗ്ബെയും കാന്റെയെയും ഉള്‍പ്പെടുത്തി ഫ്രഞ്ച് നിരയെ കൂടുതല്‍ കരുത്തരാക്കണമെന്ന ആഗ്രഹം മാക്രോണ്‍ പങ്കുവെച്ചത്. മൊറോക്കോയ്ക്കെതിരായ ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മാക്രോണ്‍ അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരശേഷം ഇരു ടീമുകളെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

 കരിം ബെന്‍സേമ
കരിം ബെന്‍സേമ

ബെന്‍സേമ, പോഗ്ബെ, കാന്റെ എന്നിവരുടെ അഭാവം ഖത്തറില്‍ ഫ്രഞ്ച് പോരാട്ടത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. ഒലിവര്‍ ജിറൂഡ്, കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, തിയോ ഹെര്‍ണാണ്ടസ് എന്നിങ്ങനെ താരങ്ങളുടെ മികച്ച പ്രകടനം ഫ്രഞ്ച് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അതിനാല്‍, ബെന്‍സേമയുടെ തിരിച്ചുവരവിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ദെഷാംപ്സ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ ബെന്‍സേമയും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, ബെന്‍സേമയെ ഉള്‍പ്പെടെ തിരികെയെത്തിക്കാന്‍ താത്പര്യം ഉണ്ടെന്നാണ് ഫ്രഞ്ച് കായികമന്ത്രിയുടെയും പ്രതികരണം. ഇക്കാര്യം സാധ്യമാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അമേലി ഔഡിയ-കാസ്റ്ററ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റും കായിക മന്ത്രിയുമൊക്കെ നിര്‍ദേശിച്ചാല്‍ ബെന്‍സേമ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനവും നിര്‍ണായകമാണ്.

logo
The Fourth
www.thefourthnews.in