തോറ്റമ്പിയതിനു പിന്നാലെ രാജി; ബെല്‍ജിയം കോച്ച് സ്ഥാനമൊഴിഞ്ഞു
ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ നോക്കൗട്ട് കാണാതെ ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം പുറത്തായതിനു പിന്നാലെ പരിശീലകന്‍ സഥാനമൊഴിഞ്ഞു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോടു ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയാണ് ബെല്‍ജിയം പുറത്തേക്കുള്ള വാതില്‍ തുറന്നത്.
മത്സരത്തിനു പിന്നാലെ താന്‍ സ്ഥാനമൊഴിയുന്നതായി കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് അറിയിക്കുകയായിരുന്നു. ''ഇത് ബെല്‍ജിയം ദേശീയ ടീമിനൊപ്പം എന്റെ അവസാന മത്സരമായിരുന്നു. താരങ്ങളോടും സപ്പോര്‍ട്ടിങ് സ്റ്റാഫുകളോടും വിടപറയുന്നു. ലോകകപ്പില്‍ ഒരു ജയം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരേ ജയിച്ചെങ്കിലും മികച്ച പ്രകടനമായിരുന്നില്ല. രണ്ടാം മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരായ തോല്‍വി അര്‍ഹിച്ചതാണ്. ഇന്നു പക്ഷേ മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഭാഗ്യം ഒപ്പമുണ്ടായില്ല.''- മാര്‍ട്ടിനസ് പറഞ്ഞു.
ആറു വര്‍ഷമായി ബെല്‍ജിയത്തിന്റെ പരിശീലകനാണ് മാര്‍ട്ടിനസ്. 2018 റഷ്യ ലോകകപ്പില്‍ അവരെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചതും 2020 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചതും മാര്‍ട്ടിനസിന്റെ തന്ത്രങ്ങളായിരുന്നു. റഷ്യയില്‍ നേടിയ മൂന്നാം സ്ഥാനമാണ് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം.
ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവും തോല്‍വിയും സമനിലയുമടക്കം നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താനേ ബെല്‍ജിയത്തിനു കഴിഞ്ഞുള്ളു. ഏഴു പോയിന്റുമായി മെറോക്കോയും അഞ്ചു പോയിന്റുമായി ക്രൊയേഷ്യയും നോക്കൗട്ടിലേക്കു മുന്നേറി. 1998-നു ശേഷം ഇതാദ്യമായാണ് ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
ബെല്‍ജിയം ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണതലമുറയുടെ അവസാന അങ്കം കൂടിയായിരുന്നു ഇത്. ആ തലമുറയില്‍ ഉള്‍പ്പെട്ട റൊമേലു ലുക്കാക്കു, കെവിന്‍ ഡിബ്രുയ്ന്‍, എയ്ഡന്‍ ഹസാര്‍ഡ്, തിബൗട്ട് കോര്‍ട്ടുവ, യാന്നി കരാസ്‌കോ, തുടങ്ങിയവര്‍ ഇനിയൊരു ലോകകപ്പ് വേദിയില്‍ ഉണ്ടാകില്ല. അവരുടെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മാര്‍ട്ടിനസിന്റെ രാജി. ഇതോടെ 2024 യൂറോ കപ്പിന്റെ യോഗ്യതാ റൗണ്ട് ആരംഭിക്കും മുമ്പേ പുതിയ കോച്ചിനെയും കണ്ടെത്തേണ്ട ഗതികേടിലായി ഫുട്‌ബോള്‍ ഫെഡറേഷന്‍.