കിടിലന്‍ എംബാപ്പെ, തലയുയര്‍ത്തി ചാമ്പ്യന്മാര്‍; പോളണ്ടിനെ മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കിടിലന്‍ എംബാപ്പെ, തലയുയര്‍ത്തി ചാമ്പ്യന്മാര്‍; പോളണ്ടിനെ മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സിന്റെ തേരോട്ടം
Updated on
2 min read

ഖത്തര്‍ ലോകകപ്പില്‍ പോളിഷ് പ്രതിരോധം മറികടന്ന് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോളണ്ടിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സിന്റെ തേരോട്ടം. അല്‍ തുമാമയില്‍ ലെവന്‍ഡോവ്‌സ്‌കിയും സംഘവും മുന്നോട്ടുവെച്ച വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യ പകുതിയില്‍ ഒലിവര്‍ ജിറൂഡിന്റെ ഗോളിലൂടെ ഫ്രാന്‍സ് ലീഡെടുത്തു. രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയ കിലിയന്‍ എംബാപ്പെയാണ് പോളണ്ടിന്റെ പതനം പൂര്‍ത്തിയാക്കിയത്. ആഡഡ് ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കി വകയായിരുന്നു പോളണ്ടിന്റെ ആശ്വാസഗോള്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

പ്രതിരോധം ശക്തിപ്പെടുത്തിയും മധ്യനിരയ്ക്ക് കരുത്തേകിയുമാണ് ദിദിയര്‍ ദെഷാംപ്‌സ് ഫ്രഞ്ച് പടയെ പോരിനിറക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ടുണീഷ്യക്കെതിരെ ഇറക്കിയ ടീമിനെ പൂര്‍ണമായും അഴിച്ചുപണിതു. ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ചവരില്‍ റാഫേല്‍ വരാന്‍, ഔറേലിയന്‍ ചൗമെനി എന്നിവര്‍ മാത്രമാണ് ടീമിലിടം പിടിച്ചത്. അര്‍ജന്റീനയോട് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പോളണ്ട് കളത്തിലിറങ്ങിയത്. കമിന്‍സ്‌കിയും സിമാന്‍സ്‌കിയും തിരിച്ചെത്തി.

കളിയുടെ തുടക്കം മുതല്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഇരുടീമുകളും പരസ്പരം മത്സരിച്ചു. ആദ്യ മിനുറ്റുകളില്‍ ഫ്രാന്‍സിന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍, കിട്ടിയ അവസരങ്ങളില്‍ മിന്നല്‍ ആക്രമണങ്ങളിലൂടെ ഫ്രഞ്ച് നിരയെ വിറപ്പിക്കാന്‍ പോളണ്ടിനും കഴിഞ്ഞു. അതിനിടെ ഗോളെന്നുറച്ച പല ഷോട്ടുകളും ഇരുടീമുകളും പാഴാക്കി. നാലാം മിനിറ്റില്‍ അന്റോണിയോ ഗ്രീസിമാന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ റാഫേല്‍ വരാന്റെ ഹെഡ്ഡര്‍ ലക്ഷ്യം കണ്ടില്ല. 13ാം മിനുറ്റില്‍ ചൗമെനിയുടെ ഷോട്ടും പോളണ്ട് ഗോള്‍കീപ്പര്‍ വ്യോസിയെച്ച് ഷെസ്‌നി തട്ടിയകറ്റി. 20ാം മിനുറ്റില്‍ അന്റോണിയോ ഗ്രീസ്മാന്റെ ഗോള്‍ ശ്രമവും ഷെസ്‌നി രക്ഷപെടുത്തി. എന്നാല്‍ കൗണ്ടര്‍ അറ്റാക്കില്‍ പോളിഷ്പ്പട ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. 20 അടി അകലെനിന്നും ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി തൊടുത്ത ലോങ് റേഞ്ചര്‍ പുറത്തേക്കും പോയി. 29ാം മിനുറ്റില്‍ ഗ്രീസ്മാന്‍ വീണ്ടും ഫ്രാന്‍സിന് മികച്ച അവസരമൊരുക്കി. ഗ്രീസ്മാനില്‍നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ഡെംബലെ പോസ്റ്റിനരികെ ജിറൂഡിന് ക്രോസ് നല്‍കി. എന്നാല്‍, പന്ത് കൃത്യമായി വലയിലാക്കാന്‍ ജിറൂഡിന് സാധിച്ചില്ല. 38ാം മിനുറ്റില്‍ പോളണ്ടിന് തുടരന്‍ അവസരങ്ങള്‍ ലഭിച്ചു. സിയലിന്‍സ്‌കിയുടെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. റീബൗണ്ടില്‍ കാലുവെച്ച കമിന്‍സ്‌കിയുടെ ഷോട്ട് ഗോള്‍വരയില്‍വെച്ച് റാഫേല്‍ വരാന്‍ പ്രതിരോധിച്ചു.

44ാം മിനുറ്റില്‍ മത്സരം ഫ്രാന്‍സിന് സ്വന്തമായി. കിലിയന്‍ എംബാപ്പെ നല്‍കിയ ത്രൂ പാസില്‍ ജിറൂഡ് തൊടുത്ത കിടിലന്‍ ഷോട്ട് ഷെസ്‌നിയെ മറികടന്ന് വല കുലുക്കി. ഫ്രഞ്ച് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും ജിറൂഡ് സ്വന്തമാക്കി. ഫ്രഞ്ച് ജേഴ്‌സിയില്‍ ജിറൂഡിന്റെ 52മത്തെ ഗോളാണ് അല്‍ തുമാമയില്‍ പിറന്നത്. തിയറി ഹെന്റിയുടെ നേട്ടമാണ് ജിറൂഡ് മറികടന്നത്. അതോടെ, ആദ്യ പകുതി ഫ്രാന്‍സ് സ്വന്തമാക്കി.

ആക്രമണത്തിന്റെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് ഫ്രാന്‍സ് രണ്ടാം പകുതിയിലേക്ക് ബുട്ട് കെട്ടിയത്. പോളിഷ് പകുതിയിലേക്ക് ഫ്രഞ്ച്പട നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 48ാം മിനുറ്റില്‍ അനുകൂലമായി കിട്ടിയ ഫ്രീകിക്കില്‍ ഗ്രീസ്മാന്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഷെസ്‌നി വീണ്ടും പോളണ്ടിന്റെ രക്ഷകനായി. ഏതാനും മിനുറ്റുകള്‍ക്കിടെ എംബാപ്പെ ഷോട്ട് പോളിഷ് പ്രതിരോധത്തില്‍ തട്ടി പുറത്തേക്കുപോയി. 58ാം മിനുറ്റില്‍ ജിറൂഡ് ഓവര്‍ഹെഡ് കിക്കിലൂടെ പോളണ്ട് വല കുലുക്കിയെങ്കിലും, ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഷെസ്‌നി ഇടിയേറ്റ് വീണപ്പോള്‍ തന്നെ റഫറി വിസില്‍ മുഴക്കിയിരുന്നു.

74-ാം മിനുറ്റില്‍ ഫ്രാന്‍സ് ലീഡുയര്‍ത്തി. സ്വന്തം പകുതിയില്‍നിന്ന് പോളണ്ടിന്റെ ബോക്‌സിലേക്ക് ജിറൂഡ് നീട്ടിനല്‍കിയ പന്ത് ഡെംബല പിടിച്ചെടുത്തു. കാലില്‍ കൊരുത്ത പന്തുമായി ഡെംബലെ അകത്തേക്ക് കുതിച്ചു. പിന്നീട് അവസരം കാത്തുനിന്ന എംബാപ്പെയിലേക്ക്. ഒരുവേള കാത്തുനിന്ന എംബാപ്പെ ഷെസ്‌നിയുടെ കൈകള്‍ക്ക് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ, കളിയുടെ അവസാന നിമിഷങ്ങള്‍ ആവേശകരമായി. ഗോള്‍ കണ്ടെത്താനുള്ള പോളിഷ് താരങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണാതെ മത്സരം ആഡഡ് ടൈമിലേക്ക് കടന്നു. പിന്നാലെ എംബാപ്പെ വീണ്ടും പോളണ്ടിനെ ഞെട്ടിച്ചു. മാര്‍ക്കസ് തുറാന്‍ നല്‍കിയ പാസ് കിടിലന്‍ ഷോട്ടിലൂടെ എംബാപ്പെ വലയിലെത്തിച്ചു. ഖത്തറില്‍ താരത്തിന്റെ അഞ്ചാമത്തെ ഗോളിലൂടെ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍.

ആഡഡ് ടൈം തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനാല്‍റ്റിയാണ് പോളണ്ടിന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്. ബോക്‌സിലേക്കെത്തിയ പോളണ്ട് മുന്നേറ്റം തടയുന്നതിനിടെ പന്ത് കൈകൊണ്ട് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. ലെവന്‍ഡോവ്‌സ്‌കി എടുത്ത ആദ്യ കിക്ക് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസ് തടഞ്ഞിരുന്നു. എന്നാല്‍, കിക്കെടുക്കുംമുന്‍പേ ഫ്രഞ്ച് താരങ്ങള്‍ ബോക്‌സില്‍ പ്രവേശിച്ചതിനാല്‍ റഫറി ആദ്യ കിക്ക് റദ്ദാക്കി. രണ്ടാമത് കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കി പന്ത് വലയിലെത്തിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in