മെസി; കാത്തിരിപ്പിന്റെ കനല്‍വഴികളില്‍ ഉദിച്ചുയര്‍ന്ന വെണ്‍താരകം

മെസി; കാത്തിരിപ്പിന്റെ കനല്‍വഴികളില്‍ ഉദിച്ചുയര്‍ന്ന വെണ്‍താരകം

ആ കിരീടം മെസിയുടെ കൈകളില്‍ അല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ഒരു ഭാഗം വീണ്ടുമൊരു ഇരുളിനാല്‍ മൂടപ്പെട്ടുപോയേനേ
Updated on
3 min read

ഘടികാരങ്ങള്‍ നിലച്ച രാവില്‍, ഭൂമിയിലെ സകല ജീവജാലങ്ങളും കാതോര്‍ത്തു. അവര്‍ കേട്ട ശബ്ദം മെസി...മെസി...മെസി... എന്നായിരുന്നു. ഹൃദയത്തിലേക്ക് കാല്‍പ്പന്തിന്റെ ജീവശ്വാസം പകര്‍ന്നവര്‍, മെയ്യിലും മനസിലും ലയണല്‍ മെസിയെ പച്ചകുത്തിയവര്‍ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. അപ്പോള്‍ അങ്ങ് കടലിനക്കരെ, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അവരുടെ മിശിഹ ലോകകിരീടം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. ലോകം കാല്‍പ്പന്തോളം ചുരുങ്ങിയ നിമിഷത്തിലെ ഏറ്റവും മനോഹരമായ ദൃശ്യം. ഗനിം അല്‍ മുഫ്താഹും മോര്‍ഗന്‍ ഫ്രീമാനും മാനവികതയുടെ പുതിയപാഠം പറഞ്ഞുതുടങ്ങിയ ഖത്തര്‍ ലോകകപ്പിന് ഏറ്റവും അര്‍ത്ഥവത്തായ വിരാമം.

സാക്ഷാല്‍ മറഡോണയും ഒര്‍ട്ടേഗയും ബാറ്റിസ്റ്റ്യൂട്ടയും റിക്വല്‍മിയുമൊക്കെ പലകുറി കണ്ട കിനാവിലേക്കായിരുന്നു മെസിയെന്ന ഇന്ദ്രജാലക്കാരന്റെ യാത്ര. 1986 മുതലുള്ള അര്‍ജന്റീനക്കാരുടെ കാത്തിരിപ്പിനൊരു ഉത്തരം കൂടിയായിരുന്നു മെസി. 1993ല്‍ കോപ്പ അമേരിക്ക നേടിയതിനുശേഷം കിരീടവരള്‍ച്ച നേരിട്ട അര്‍ജന്റീനയ്ക്ക് 2005ല്‍ അണ്ടര്‍ 20 ലോകകപ്പ് കിരീടവും 2008ല്‍ ബീജിങ് ഒളിംപിക്‌സ് കിരീടവും സമ്മാനിച്ചത് മെസി ഉള്‍പ്പെടുന്ന സംഘമായിരുന്നു. അപ്പോഴും മേജര്‍ കിരീടമെന്ന സ്വപ്‌നം ബാക്കിയായിരുന്നു. 2006 മുതല്‍ കാല്‍പ്പന്തിന്റെ വിശ്വപോരാട്ടത്തില്‍ അര്‍ജന്റീനയ്‌ക്കൊപ്പമുണ്ട് മെസി. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയ്‌ക്കെതിരെ പകരക്കാരനായി കളത്തിലിറങ്ങുമ്പോള്‍ പ്രായം 18. മത്സരം എതിരില്ലാത്ത ആറ് ഗോളിന് അര്‍ജന്റീന സ്വന്തമാക്കുമ്പോള്‍, ഒരു ഗോള്‍ മെസിയുടേതായിരുന്നു. പക്ഷേ അര്‍ജന്റീനയുടെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു.

2010 ലോകകപ്പിലും അര്‍ജന്റീന കുപ്പായത്തില്‍ മെസി ഉണ്ടായിരുന്നു. വെള്ള വരയ്ക്കപ്പുറം തന്ത്രങ്ങളുമായി മറഡോണയും. ഒരു അത്ഭുതം കാത്തിരുന്നവരെ ഇരുവരും നിരാശരാക്കി. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് കാലിടറി, ലോകകപ്പ് സ്വ്പനങ്ങള്‍ അവിടെ അവസാനിച്ചു. നാല് വര്‍ഷങ്ങള്‍ക്കുശേഷം, 2014ല്‍ ബ്രസീല്‍ ലോകകപ്പിന് അര്‍ജന്റീന യാത്രയാകുമ്പോള്‍, രക്ഷകന്റെ പരിവേഷമായിരുന്നു മെസിക്ക്. അത് ശരിവെക്കുന്നതായിരുന്നു ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍. മിന്നുന്ന ഫോമില്‍ കളിച്ചുകയറിയ മെസി ടീമിനെ കലാശപ്പോരിലെത്തിച്ചു. ഒരായിരം സ്വപ്‌നങ്ങള്‍ പൂവണിയുന്ന നിമിഷത്തിനായി കാത്തിരുന്നവരെ നിശബ്ദരാക്കി അന്ന് ജര്‍മനി കിരീടമണിഞ്ഞു. കിരീടപ്പോരിന്റെ അധികസമയത്ത് മരിയോ ഗോട്‌സെയാണ് മെസിയുടെയും സംഘത്തിന്റെയും ഹൃദയം തകര്‍ത്ത ഗോള്‍ നേടിയത്.

2018 ലോകകപ്പിനായി തയ്യാറെടുക്കുമ്പോഴേക്കും മെസിക്കും സംഘത്തിനും മേലുള്ള പ്രതീക്ഷകളത്രയും അസ്തമിച്ചിരുന്നു. 2014ലെ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയം ആരാധകരെ അത്രത്തോളം ഉലച്ചിരുന്നു. തുടര്‍ പരാജയങ്ങളില്‍ മനംനൊന്ത് മെസി വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ രക്ഷകനെ വിട്ടുകളയാന്‍ ടീം ഒരുക്കമായിരുന്നില്ല. നിര്‍ബന്ധത്തിനൊടുവില്‍ തീരുമാനം പിന്‍വലിച്ച് ടീമിനൊപ്പം ചേര്‍ന്നെങ്കിലും പ്രതീക്ഷകളെ തളിര്‍പ്പിക്കാന്‍ മെസിയുടെ സാന്നിധ്യത്തിനും കഴിഞ്ഞില്ല. ലോകകപ്പിന് ആ ടീം യോഗ്യത നേടുമെന്ന് പോലും ആരും കരുതിയില്ല. ഒടുവില്‍ അവസാനഘട്ടത്തില്‍ യോഗ്യതാ കടമ്പ കടന്ന് വിശ്വപോരിന് എത്തിയവര്‍ അധികദൂരം താണ്ടിയതുമില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. ആ ഫ്രാന്‍സ് അന്ന് ലോകകിരീടം ചൂടുകയും ചെയ്തു.

കിരീടവും ചെങ്കോലുമില്ലാത്ത രാജകുമാരനായി മെസിയെ ലോകം പരിഹസിച്ചു തുടങ്ങി. ബാഴ്‌സലോണയ്ക്കും പിന്നാലെ പിഎസ്ജിക്കുമായി ഗോളടിച്ച് കൂട്ടുന്നവന്‍ ദേശീയ കുപ്പായത്തില്‍ കളി മറക്കുന്നു. ഏഴ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയവന് രാജ്യത്തിന് സമ്മാനിക്കാന്‍ ഒരു കിരീടം പോലുമില്ല. വീരനായകനായി സ്തുതി പാടിയവര്‍ പോലും വിമര്‍ശനത്തിന്റെ സൂചിമുനകള്‍ പുറത്തെടുത്തു. ഇക്കാലമത്രയും നേടാനാവാത്തത്, ഈ പ്രായത്തില്‍ മെസിക്ക് അസാധ്യമെന്ന് പലരും വിധിയെഴുതി. എന്നാല്‍ തോറ്റുകൊടുക്കാന്‍ അയാള്‍ക്ക് മനസില്ലായിരുന്നു. പൊരുതി നേടുക മാത്രമായിരുന്നു ലക്ഷ്യം.

2021ല്‍ അര്‍ജന്റീനന്‍ മണ്ണിലേക്ക് കോപ്പ അമേരിക്ക കിരീടം മെസി കൊണ്ടുവന്നു. അര്‍ജന്റീനയ്ക്കായി മെസി നേടുന്ന ആദ്യ മേജര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു അത്. ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെ അവരുടെ മണ്ണില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു നേട്ടം. ടൂര്‍ണമെന്റില്‍ നാല് ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങിയ താരം ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും സ്വന്തമാക്കി. അതൊരു തുടക്കമായിരുന്നു, എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയും.

ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ചുകൊണ്ട് 2022ലെ ഫൈനലിസ്മ കിരീടവും മെസിയും സംഘവും സ്വന്തമാക്കി. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീനയുടെ നേട്ടം. വെംബ്ലിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ അടിയറവ് പറയുമ്പോള്‍, ഗോളടിച്ചില്ലെങ്കിലും ഗോളിലേക്ക് വഴിയൊരുക്കിയും കളി മെനഞ്ഞും അന്ന് മെസി കളിയിലെ താരമായി. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയായിരുന്നു ഫൈനലിസ്മ കിരീടനേട്ടം. അതിന് പിന്നാലെ പ്രമുഖ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് സൈറ്റുകളിലൊന്നില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: 'ഈ ടീമിനെ സൂക്ഷിക്കണം. ലയണല്‍ സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്കൊപ്പം മെസി കുതിപ്പ് തുടര്‍ന്നാല്‍ ഖത്തറില്‍ പുതിയ രാജാക്കന്മാര്‍ പിറക്കില്ല. ആ ആഘോഷരാവ് മെസിക്കും അര്‍ജന്റീനയ്ക്കും ഉള്ളതായിരിക്കും'.

പ്രതീക്ഷകളുടെ വിമാനം കയറിയാണ് മെസിയും സംഘവും ഖത്തറിലെത്തിയത്. തോറ്റായിരുന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടേറ്റ അപ്രതീക്ഷിത തോല്‍വി പതിവ് പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഈ കളിവെച്ച് എവിടെയും എത്താന്‍ പോകുന്നില്ലെന്ന് പറഞ്ഞവര്‍ക്കെല്ലാം മൗനമായിരുന്നു മറുപടി. വൈകാരികതയുടെ സഞ്ചാരപാത വിട്ട്, ഹൃദയത്തിനൊപ്പം ബുദ്ധികൊണ്ടും ഫുട്‌ബോള്‍ കളിക്കാന്‍ മെസിയും സംഘവും ശീലിച്ചുകഴിഞ്ഞിരുന്നു. പിന്നീടുള്ള ഗ്രൂപ്പ് മത്സരങ്ങളും, നോക്കൗട്ടും താണ്ടി കലാശപ്പോരിനെത്തുമ്പോള്‍ മെസിപ്പട ഒരു മത്സരവും തോറ്റിരുന്നില്ല. കിരീടത്തിനും കണ്ണീരിനുമിടയിലെ അവസാനപോരും അവര്‍ ജയിച്ചു. ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിച്ച, പ്രൊഫഷണല്‍ ഫുട്‌ബോളിന് പേരുകേട്ട ഫ്രാന്‍സിനെ സമ്മര്‍ദ്ദങ്ങള്‍ക്കേതും അടിപ്പെടാതെ തകര്‍ത്തെറിഞ്ഞു. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് മെസിയും സംഘവും ജയം പിടിച്ചെടുത്തത്.

36 വര്‍ഷത്തെ കാത്തിരിപ്പാണ് ഖത്തറില്‍ സഫലമായത്. മെസിക്കും അര്‍ജന്റീനക്കാര്‍ക്കുമൊപ്പം ലോകമെങ്ങുമുള്ള ആരാധകരും കാത്തിരിപ്പിന്റെ കനല്‍വഴികള്‍ താണ്ടിയാണ് ഖത്തറിലേക്ക് കണ്ണുനട്ടത്. കണ്ണീരും നോവും പടര്‍ന്ന മഹാകാവ്യത്തിന്റെ അവസാന വരികളിലെവിടെയോ സന്തോഷത്തിലേക്കുള്ള താക്കോല്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. റോസാരിയോ തെരുവില്‍നിന്ന് ലോകത്തിന്റെ ആകാശനീലിമയിലേക്ക് ഉദിച്ചുയര്‍ന്ന വെണ്‍താരകം അവര്‍ക്ക് വഴികാട്ടിയായി. ലുസെയ്‌ലില്‍ അവര്‍ അത് നേടി. ലോകം കാണ്‍കെ അയാള്‍ ആ പൊന്നിന്‍കിരീടത്തില്‍ മുത്തമിട്ട് ആകാശത്തേക്ക് ഉയര്‍ത്തി. ആ കുറിയ മനുഷ്യനൊപ്പം കോടിക്കണക്കിന് ഹൃദയം അപ്പോള്‍ തുടിക്കുന്നുണ്ടായിരുന്നു. സന്തോഷം കൊണ്ട് നിരവധി കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി അവര്‍ നന്ദി പറയുന്നുണ്ടായിരുന്നു. ഒരു കാര്യം തീര്‍ച്ച, ആ കിരീടം മെസിയുടെ കൈകളില്‍ അല്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ഒരു ഭാഗം വീണ്ടുമൊരു ഇരുളിനാല്‍ മൂടപ്പെട്ടുപോയേനേ.

logo
The Fourth
www.thefourthnews.in