ലോകകപ്പ് ഗോളിൽ മറഡോണയ്ക്കൊപ്പമെത്തി മെസി
ലുസെയ്ൽ സ്‌റ്റേഡിയം 64ാം മിനുറ്റ് വരെ പിരിമുറുക്കങ്ങളുടെ പിടിയിലായിരുന്നു. അവിടെയാണ് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ ഓപ്പണിങ് ഗോള്‍ പിറന്നത്. മെക്‌സിക്കോയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ കൈപിടിച്ചെഴുന്നേല്‍പ്പിച്ച മിശിഹയുടെ മനോഹരമായ ലോംഗ് റെയ്ഞ്ച് സ്‌ട്രൈക്ക്. ആ വിജയ ഗോളിലൂടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ അര്‍ജന്റീനൻ താരമെന്ന ഡീഗോ മറഡോണയുടെ റെക്കോര്‍ഡിനൊപ്പവും മെസി എത്തി. 21 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് ഇരുവര്‍ക്കുമുള്ളത്. അര്‍ജന്റീന താരം ഗിര്‍ല്ലെര്‍മോ സ്‌റ്റെബില്ലും എട്ട് ഗോള്‍ നേടിയവരുടെ കൂട്ടത്തിലുണ്ട്. ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന മറഡോണയുടെ റെക്കോർഡിനൊപ്പവും മെസി ഇന്ന് എത്തിയിരുന്നു.
തന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ ലോകകപ്പിന് ഖത്തറില്‍ ബൂട്ടുകെട്ടിയ മെസി സൗദി അറേബ്യയുമായുള്ള മത്സരത്തില്‍ സ്‌കോറിങിന് തുടക്കമിട്ടെങ്കിലും ടീമിന് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ന് ജീവൻമരണ പോരാട്ടത്തിനിറങ്ങി ലക്ഷ്യത്തിലെത്താതെ വഴഞ്ഞടീമിന് വഴികാട്ടിയായതും മെസിതന്നെ. ആദ്യ പകുതിയില്‍ ഉറങ്ങിക്കിടന്ന ഗ്യാലറിയെയും ആരാധകരെയും പ്രതീക്ഷയിലേക്ക് തിരികെക്കൊണ്ടുവരാന്‍ മിശിഹയുടെ ആ ഗോള്‍ തന്നെ ധാരാളമായിരുന്നു.
ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലാണ് . 10 തവണയാണ് അർജന്റീനയ്ക്കായി അദ്ദേഹം സ്കോർ ചെയ്തത്. അര്‍ജന്റീനയ്ക്കായി രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും മെസിയ്ക്ക് സ്വന്തം.
മെക്‌സിക്കോയുമായുള്ള ജീവന്മരണപോരാട്ടം 2-0 ന് മറികടന്ന മെസിക്കും സംഘത്തിനും നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനി പോളണ്ടിനെ തോൽപ്പിക്കേണ്ടതുണ്ട്. തന്റെ അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന മെസിക്ക് മേൽ കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുടെ ഭാരമുണ്ട്. എല്ലാം നേടിയിട്ടും ലോകകപ്പ് കിരീടമില്ലാതെ പടിയിറങ്ങുന്ന മെസിയെ ആരാധകർ ആഗ്രഹിക്കുന്നില്ല. 2014 ല്‍ കയ്യെത്തും ദൂരത്തെത്തിയിട്ടും സ്വന്തമാക്കാന്‍ കഴിയാതെ പോയ ലോകകപ്പ് നേടാനുള്ള അവാസനത്തെ അവസരമായിരിക്കും മെസിയെ ഖത്തറില്‍ കാത്തിരിക്കുന്നത്. മറഡോണയുടെ റെക്കോര്‍ഡുകള്‍ക്കൊപ്പമെത്തുമ്പോൾ 1986 ല്‍ അദ്ദേഹം രാജ്യത്തിനായി ഉയര്‍ത്തിയ കിരീടം കൂടി നേടാൻ മെസിക്കാകുമോ? ആരാധകർ പ്രതീക്ഷയിലാണ്.