'പേരിലല്ല, കളിയിലാണ് കാര്യം'; ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളെക്കുറിച്ച് മെസി
ഖത്തർ ലോകകപ്പിലെ ഫേവറൈറ്റുകളെയും കിരീട സാധ്യതകളെയും കുറിച്ച് തുറന്നുപറഞ്ഞ് അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് അര്ജന്റീന തന്നെയാണെന്ന് മെസി പറയുന്നു. അർജന്റീന വളരെ ശക്തമായ ടീമാണ്. കപ്പ് നേടാനാകുമെന്ന് വിശ്വാസമുണ്ടെങ്കിലും അത് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഓസ്‌ട്രേലിയയുമായുള്ള കളി കഴിഞ്ഞതോടെ അത് മറ്റുള്ളവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മെസി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ പ്രീ ക്വാർട്ടർ മത്സരത്തിന് ശേഷമായിരുന്നു മെസിയുടെ പ്രതികരണം.
ബ്രസീലും സ്പെയിനും ഫ്രാൻസുമാണ് കിരീടം നേടാൻ മെസി സാധ്യത കല്പിക്കുന്ന മറ്റ് ടീമുകൾ. ബ്രസീലിന്റെ കാമറൂണുമായുള്ള പരാജയം മാറ്റി നിർത്തിയാൽ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാനറികൾ കാഴ്ച വെയ്ക്കുന്നതെന്ന് മെസി പറഞ്ഞു. സ്പെയിൻ ജപ്പാനുമായി തോറ്റെങ്കിലും നല്ല രീതിയിൽ അവർ കളിക്കുന്നുണ്ട്. ടീമിന്റെ കളിയെ പറ്റി അവർക്ക് നല്ല ധാരണയുണ്ട്. പന്ത് ഒരുപാട് നേരം കൈവശം വെയ്ക്കുന്നത് കൊണ്ട് തന്നെ അവരെ തോൽപ്പിക്കാനും ബുദ്ധിമുട്ടാണ്. ഫ്രാൻസും വളരെ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും മെസി പറഞ്ഞു.
തുടർച്ചയായ രണ്ടാം ലോകകപ്പിലും ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനെ കുറിച്ചും മെസി പ്രതികരിച്ചു. ജർമനി പുറത്തായതിൽ നടുക്കമുണ്ട്. ഒരുപാട് മികച്ച കളിക്കാർ അവർക്കുണ്ടായിരുന്നു. കൂടാതെ ചെറുപ്പക്കാരുടെ ഒരു സംഘമാണ് ടീമിലുള്ളത്. എന്നിട്ടും അവർ പുറത്തായതിൽ അത്ഭുതമുണ്ട്. എത്ര ബുദ്ധിമുട്ടേറിയ ടൂർണമെന്റാണ് ലോകകപ്പ് എന്നതാണ് ഇത് തെളിയിക്കുന്നത്. ടീമുകളുടെ പേരുകളിലല്ല കാര്യം, മറിച്ച് ഗ്രൗണ്ടിൽ എങ്ങനെ കളിക്കുന്നു എന്നതിലാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.