ഖത്തർ ലോകകപ്പിന്റെ ആദ്യ സെമിയിൽ ബൂട്ടണിഞ്ഞതോടെ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ കുറിക്കപ്പെട്ടത് പുതിയൊരു ചരിത്രമാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരമെന്ന റെക്കോർഡിലേക്കാണ് താരത്തിന്റെ കുതിപ്പ്. ക്രോയേഷ്യയ്‌ക്കെതിരായ പോരാട്ടത്തോടെ ജർമൻ ഇതിഹാസം ലോതർ മത്തേയൂസിന്റെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് മെസി. അർജന്റീനയ്ക്ക് വേണ്ടിയുള്ള മെസിയുടെ 25 മത്സരമാണ് ഇന്നത്തേത്.
മെസിക്ക് മുന്നിൽ ഫൈനൽ പോരാട്ടം ഇനി അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജർമൻ ഇതിഹാസത്തെയും മെസി മറികടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. വനിതാ താരങ്ങളായ ക്രിസ്റ്റിൻ ലില്ലി, ഫോർമിഗ എന്നിവരാണ് 25ല്‍ കൂടുതൽ കളികൾ ലോകകപ്പിൽ കളിച്ചിട്ടുള്ളത്. ക്രിസ്റ്റിൻ 30 ഉം ഫോർമിഗ 27 ലോകകപ്പ് മത്സരങ്ങൾ കളിച്ചു. കരിയറിലെ അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന മെസി 25 മത്സരങ്ങളിലായി 11 ഗോളുകളാണ് സ്വന്തമാക്കിയത്. ക്രോയേഷ്യക്കെതിരായ കളിയുടെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചതോടെ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ എന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡും മെസി മറികടന്നു. അര്‍ജന്റീനയ്ക്കായി രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോർഡ് മെസി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.