മെസിയെ പ്രണയിച്ച ഖത്തറും മെസി പ്രണയിച്ച ലോകകപ്പും

മെസിയെ പ്രണയിച്ച ഖത്തറും മെസി പ്രണയിച്ച ലോകകപ്പും

ആദ്യ മത്സരത്തില്‍ തന്നെ വല കുലുക്കി തുടങ്ങിയ മെസി ഓരോ മത്സരത്തിലും റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരുന്നു
Updated on
2 min read

ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ് തുടങ്ങുമ്പോൾ ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ ഒരു നിമിഷം പതറി. എന്നാൽ രണ്ടാം മത്സരത്തിൽ മെക്സികോയെ തോൽപ്പിച്ചുകൊണ്ട് പടിപടിയായി അർജന്റീനയും അവരുടെ മിശിഹാ ലയണൽ മെസിയും മുന്നേറി. സമീപകാല ഫുട്ബോളിലെ രാജാവ് ഞാൻ തന്നെയെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മെസിയെയാണ് പിന്നീട് കണ്ടത്. സംശയാലുക്കളുടെ വായ അടപ്പിക്കാനെന്നോണം മെസിയുടെ പട്ടാഭിഷേകത്തിനായി ഖത്തർ ലോകത്തിനുമുന്നിൽ ഒരുങ്ങി നിന്നു. ഗോൾ അടിച്ചും അടിപ്പിച്ചും അർജന്റീനയെ അദ്ദേഹം മുന്നോട്ട് നയിക്കുമ്പോൾ, കാലം കരുതിവച്ച കാവ്യ നീതിയെന്ന പോലെ ലുസെയ്ല്‍ മൈതാനത്ത്‌ വച്ച് കനക കിരീടത്തിൽ അദ്ദേഹത്തിന്റെ ചുംബനം പതിഞ്ഞു. അകമ്പടിയായി ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വർണ പന്തും ലയണൽ ആന്ദ്രെസ് മെസിക്ക്.

മെസിയെ പ്രണയിച്ച ഖത്തറും മെസി പ്രണയിച്ച ലോകകപ്പും
മത്തേയൂസിനെയും മറികടന്നു; ലുസെയ്‌ലില്‍ മെസി സ്വന്തമാക്കിയത് രണ്ട് റെക്കോഡുകള്‍

അവസാന ലോകകപ്പാകും ഇതെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മെസിയുടെ ഖത്തറിലേക്കുള്ള വരവ്. ആദ്യ മത്സരത്തില്‍ തന്നെ വല കുലുക്കി തുടങ്ങിയ മെസി ഓരോ മത്സരത്തിലും റെക്കോഡുകൾ തിരുത്തിക്കൊണ്ടിരുന്നു. അർജന്റീനയ്ക്കായി ലോകകപ്പിൽ മറഡോണയുടെ ഗോൾ നേട്ടം, അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ തുടങ്ങി ഫ്രാൻസിനെതിരെ കളിച്ചതോടെ കൂടുതൽ ലോകകപ്പ് മത്സരങ്ങളെന്ന റെക്കോർഡും അദ്ദേഹം തിരുത്തി കുറിച്ചു. ഫൈനലിലെ ജയം കൂടെ ആയപ്പോൾ, വിജയിച്ച ടീമിൽ നിന്നുള്ള താരത്തിന് സുവർണ പന്ത് നേടാൻ സാധിക്കില്ല എന്ന കഴിഞ്ഞ ആറ് തവണകളായി തുടരുന്ന ചരിത്രവും അദ്ദേഹത്തിന് മുന്നിൽ വഴിമാറി. 1994ൽ ബ്രസീൽ കിരീടം ഉയർത്തിയപ്പോൾ സുവർണ പന്ത് നേടിയ റൊമാരിയോ ആയിരുന്നു അവസാനമായി ജയിച്ച ടീമിൽ നിന്ന് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി രണ്ടാം വട്ടവും സ്വർണ പന്ത് മെസിയുടെ കൈകളിലേക്കെത്തിയപ്പോൾ അതും പുതു ചരിത്രം. മെസിയല്ലാതെ വേറാരും രണ്ട് തവണ ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇത്തവണ നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം സ്വർണ പന്തിനെ മാറോടണച്ചുകൊണ്ട് വിശ്വകിരീടത്തിന്റെ നെറുകയിൽ ചുംബിച്ചു.

മെസിയെ പ്രണയിച്ച ഖത്തറും മെസി പ്രണയിച്ച ലോകകപ്പും
ലോകകപ്പ് ഗോളുകളിൽ റെക്കോർഡിട്ട് മെസി

ഗ്രൂപ്പ് ഘട്ടം പിന്നിട്ടതോടെ തുടർന്നുള്ള എല്ലാ മത്സരങ്ങളിലും അർജന്റീനയുടെ അക്കൗണ്ടിൽ മെസിയുടെ ഗോളുകളുണ്ടായി. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ തുടങ്ങി എല്ലാ നോക്കൗട്ട്‌ മത്സരങ്ങളിലും ഗോൾ നേടിയ മെസി ചരിത്രത്താളുകളിൽ വീണ്ടും കയ്യൊപ്പ് ചാർത്തി. കൂടാതെ ഈ മത്സരങ്ങളിലെല്ലാം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു എന്നതും മെസിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഒരു 'മാൻ ഓഫ് ദി മാച്ച്' ഉൾപ്പെടെ അഞ്ച് തവണയാണ് കളിയിലെ കേമനുള്ള പുരസ്‌കാരം ഈ ലോകകപ്പിൽ മെസിയെ തേടിയെത്തിയത്. ഒരു ലോകകപ്പിൽ ഇത്രയും തവണ പുരസ്കാരം നേടിയ മറ്റൊരു കളിക്കാരൻ വേറെ ഇല്ല.

logo
The Fourth
www.thefourthnews.in