മെസിയുടെ ജെഴ്‌സി കിട്ടാനില്ല, പരാതികളില്‍ വലഞ്ഞ് അഡിഡാസ്
മെസിയുടെ ജെഴ്‌സിക്കായി ഇനി തിരഞ്ഞിട്ട് കാര്യമില്ല. കാരണം ലോകമെമ്പാടും ലയണല്‍ മെസിയുടെ 10ാം നമ്പർ അർജൻറീന ജെഴ്‌സി വിറ്റു തീര്‍ന്നിരിക്കുകയാണ്. ബ്യൂണസ് ഐറിസ്, മാഡ്രിഡ്, ദോഹ, ടോക്യോ തുടങ്ങി എവിടെയും വിപണികളിൽ മെസിയുടെ ജെഴ്സി കിട്ടാനില്ലെന്നാണ് റിപ്പോർട്ടുകൾ. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് മെസിയും സംഘവും ഹോം ജെഴ്‌സിയിലാണ് ഇറങ്ങുന്നത്. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന അവസാന അങ്കത്തിന് മുൻപായി മെസിയുടെ മാത്രമല്ല എയ്ഞ്ചൽ ഡി മരിയയുടെയും ജൂലിയന്‍ ആല്‍വാരസിന്റെയും ജെഴ്‌സികള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണ്.
വലിപ്പം ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെയാണ് ജെഴ്‌സികള്‍ വിറ്റഴിയുന്നത്. ഖത്തര്‍ ലോകകപ്പും അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനവും ഇതിനോടകം മെസി ജെഴ്‌സിയുടെ വില്‍പ്പന വര്‍ധിപ്പിച്ചു. ഇത് ആരാധകരെ മാത്രമല്ല അര്‍ജന്റീന കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന അഡിഡാസിനെ കൂടി കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അഡിഡാസിന്റെ ഒറിജിനൽ ഉത്പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വ്യാജന്മാരുടെ വരവ് സജീവമാണ്. വ്യാജന്മാരുടെ വിൽപ്പനയും കൂടി. ജെഴ്‌സികള്‍ കിട്ടാതായതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനില്‍ ആരാധകരുടെ പരാതികള്‍ കുമിഞ്ഞു കൂടുകയാണ്. ''ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കൂടുതൽ ജെഴ്സികൾ നിർമിക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. ഇത് അഡിഡാസിന്റെ കീഴില്‍ വരുന്ന കാര്യമാണ്. '' എഎഫ്എ അറിയിച്ചു. ഇറക്കുമതിയുമായി ബന്ധപ്പെട്ടതടക്കം നിരവധി പ്രശ്നങ്ങൾ അഡിഡാസ് നേരിടുന്നുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി.
ജെഴ്‌സിയുടെ നിർമാണം പരമാവധി വര്‍ധിപ്പിച്ച് ലോകമെമ്പാടുമുള്ള വിപണികളില്‍ എത്തിക്കാനുള്ള കഠിനയത്‌നത്തിലാണ് അഡിഡാസ്. അര്‍ജന്റീന വിജയിക്കുകയാണെങ്കില്‍ ആഘോഷങ്ങള്‍ക്കായി മെസിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ ആരാധകരിലേക്കെത്തിക്കാനും അഡിഡാസ് ലക്ഷ്യമിടുന്നുണ്ട്. അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് മത്സരത്തിന് ശേഷമുള്ള മെസിയുടെ ഡയലോഗ് അടങ്ങിയ ടീ ഷര്‍ട്ടുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.