"ഈ തലമുറയിലുള്ളവർക്ക് ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങൾ സ്വന്തമാക്കാനാകില്ല";
സൂപ്പർതാരത്തിന് പിന്തുണയുമായി ഓസിൽ

"ഈ തലമുറയിലുള്ളവർക്ക് ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങൾ സ്വന്തമാക്കാനാകില്ല"; സൂപ്പർതാരത്തിന് പിന്തുണയുമായി ഓസിൽ

റൊണാൾഡോയ്ക്ക് നേരെ നിരന്തര വിമർശനങ്ങൾക്കിടെയാണ് പിന്തുണയുമായി മുൻ സഹതാരം കൂടിയായ ഓസിലെത്തുന്നത്
Updated on
1 min read

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി മുൻ ജർമൻതാരം മെസ്യൂട്ട് ഓസിൽ. നിരന്തരം റൊണാൾഡോയ്ക്ക് നേരെയുള്ള മാധ്യമ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് റയൽമാഡ്രിഡിലെ മുൻ സഹതാരം കൂടിയായ ഓസിൽ പിന്തുണയുമായി എത്തിയത്. റയൽ മാഡ്രിഡിൽ 2010 -13 കാലയളവിലാണ് ഇരുവരും ഒരുമിച്ച് ഉണ്ടായത്.

"എവിടെ നിന്നാണ് അദ്ദേഹത്തിനെതിരെ ഇത്രയും നെഗറ്റിവിറ്റി വരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല, മാധ്യങ്ങളും ഇനിയൊരു കരിയർ സാധ്യമല്ലാത്ത ഫുട്ബോൾ പണ്ഡിതരും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനും ക്രിസ്റ്റ്യാനോയുടെ പേരിൽ ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നത്. മുപ്പത്തിയെട്ടാം വയസിലേക്കാണ് റൊണാൾഡോ കടക്കുന്നത്. ഇനിയും അദ്ദേഹം സീസണിൽ 50 ഗോൾ നേടാത്തതിൽ അദ്ഭുതമൊന്നുമില്ല. 20 വർഷമായി അതിമനോഹര ഫുട്ബോൾ അദ്ദേഹം കളിക്കുന്നത് കാണാനായതിൽ ഓരോ കാൽപ്പന്ത് പ്രേമിയും സന്തോഷിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ തലമുറയിലുള്ളവർക്ക് അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകുമെന്ന് താൻ കരുതുന്നില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയെ ഏവരും ബഹുമാനിക്കുകയാണ് വേണ്ടത് " ഓസിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ക്രിസ്റ്റ്യാനോയെ പിന്തുണയ്ക്കുന്ന കുറിപ്പ് ഓസിൽ പങ്കുവെച്ചത്.

പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്നതിനെ തുടർന്ന് ക്രിസ്റ്റ്യാനോയ്ക്കെതിരെ നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. സാമൂഹ മാധ്യമങ്ങളിലടക്കം ഫുട്ബോൾ ആരാധകരും താരത്തെ വിമർശിച്ചെത്തി. ക്രിസ്റ്റ്യാനോയ്ക്ക് പകരം ടീമിൽ ഇടം നേടിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കോടെ കളം വാണപ്പോൾ, സൂപ്പർതാരത്തിനെ പുറത്തിരുത്തണമെന്നും അദ്ദേഹത്തിന്റെ അഭാവത്തിലാണ് പോർച്ചുഗൽ മികച്ച രീതിയിൽ കളിക്കുന്നത് എന്നും അഭിപ്രായവും ഉയർന്നു. മാത്രമല്ല പിയേഴ്‌സ്‌ മോർഗാനുമായുള്ള അഭിമുഖത്തിന് ശേഷം ഗാരി നെവിൽ, വെയ്ൻ റൂണി തുടങ്ങിയ മുൻതാരങ്ങൾ ക്രിസ്റ്റ്യാനോയ്ക്കെതിരെ സ്ഥിരമായി വിമർശങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഓസിലിന്റെ കുറിപ്പ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള പ്രശ്നത്തെ തുടർന്നാണ് ക്രിസ്റ്റ്യാനോ ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തിൽ പെനാൽറ്റി ഗോളാക്കി തുടങ്ങിയ പോർച്ചുഗീസ് സൂപ്പർ താരത്തിന് പിന്നീട് ഗോൾവല കുലുക്കാൻ സാധിച്ചിട്ടില്ല. യുറുഗ്വെയ്‌ക്കെതിരായ മത്സരത്തിലെ ഗോൾ വിവാദവും, പരിശീലകനുമായുള്ള അഭിപ്രായ വ്യതസങ്ങളും ക്രിസ്റ്റ്യാനോയെ വാർത്തകളിൽ സജീവമാക്കി.

logo
The Fourth
www.thefourthnews.in