ചേരിയിലെ മാണിക്യം; ഖുദുസ് എന്ന സൂപ്പര്‍ഹീറോ
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ചേരികളിലൊന്നാണ് ഘാനയില്‍ അക്ര പ്രവിശ്യയിലുള്ള നിമ. കള്ളക്കടത്തിന്റെയും മയക്കുമരുന്ന് ഇടപാടിന്റെയും തുടങ്ങി നിയമത്തിന്റെ കണ്ണില്‍ തെറ്റായത് എന്തെല്ലാമുണ്ടോ അതിന്റെയെല്ലാം മൊത്തക്കച്ചവടം നടത്തുന്നവരാണ് നിമയിലെ ജനങ്ങള്‍. അവിടെ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും സ്വപ്‌നം കാണുന്നത് മികച്ച ഒരു ജീവിതമാണ്... പക്ഷേ അത് സാധാരണ കുട്ടികളുടേതു പോലെയല്ല, മറിച്ച് ഒരു മാഫിയ തലവനായി ലോകത്തെ അടക്കിഭരിച്ചു സുഖലോലുപതയിലുള്ള ഒരു ജീവിതം. അതിനായി ഇറങ്ങിത്തിരിച്ച് ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയവരുടെ പട്ടികയെടുത്താല്‍ അക്കങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ വരും.
അങ്ങനെയുള്ള ഒരു ചേരി ഏതൊരു രാജ്യത്തിനും കളങ്കമാണ്. കുറച്ചുനാള്‍ മുമ്പ് ഘാനയ്ക്കും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, നിമയെന്ന ചേരിയും ആ ചേരിയുടെ പുത്രനും ഇന്ന് ഘാനയുടെ അഭിമാനമാണ്, അവരുടെ സ്വകാര്യ അഹങ്കാരമാണ്. കാരണം കൊടിയ ദാരിദ്ര്യത്തിനിടയിലും ഫുട്‌ബോളിലൂടെ ആനന്ദം കണ്ടെത്തുന്ന ആ ജനതയ്ക്ക് ഇത്തവണ ലോകകപ്പ് സ്വപ്നങ്ങള്‍ നെയ്തു നല്‍കിയത് അവിടെ വളര്‍ന്ന മുഹമ്മദ് ഖുദുസ് എന്ന 22-കാരനാണ്.
സാമൂഹിക വിരുദ്ധര്‍ നിറഞ്ഞ ചേരിയില്‍ ആണ്‍തുണ ഇല്ലാത്ത വീട്ടില്‍ അമ്മയും അമ്മൂമ്മയും ചേര്‍ന്നു വളര്‍ത്തിയ നാലു കുഞ്ഞുങ്ങളില്‍ മൂന്നാമന്‍. വഴിതെറ്റിപ്പോകാവുന്ന എല്ലാ സാഹചര്യങ്ങളും നിറഞ്ഞ അന്തരീക്ഷം. അതില്‍ നിന്നു മക്കളെ മാറ്റിനിര്‍ത്താന്‍ ആ അമ്മ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഫുട്‌ബോള്‍.
നാലാം വയസില്‍ തന്നെ ഖുദൂസിന് ഫുട്‌ബോള്‍ വാങ്ങി നല്‍കുമ്പോള്‍ അമ്മ മറിയുമ്മ സുലൈമാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മകന്റെ ഇത്തരത്തിലുള്ള ഒരു വളര്‍ച്ച. സമപ്രായക്കാര്‍ക്കൊപ്പം വീടിനു സമീപത്തുള്ള ഗ്രൗണ്ടുകളില്‍ പന്തുതട്ടി വളര്‍ന്ന ഖുദൂസിനും കൂട്ടുകാര്‍ക്കും പലപ്പോഴും മുതിര്‍ന്നവരായിരുന്നു എതിരാളികള്‍.
നിമയിലെ തെരുവില്‍ ധാന്യങ്ങള്‍ വിറ്റു കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്ന മറിയുമ്മയ്ക്ക് മക്കള്‍ക്ക് കൃത്യമായ വിദ്യാഭ്യാസമോ, പരിശീലനമോ നല്‍കാന്‍ സാധിക്കുമായിരുന്നില്ല. പകരം അവര്‍ മക്കള്‍ക്ക് ആവോളം സ്വാതന്ത്ര്യം നല്‍കി, കൂട്ടുകാരുമായി കളിച്ച് തിമിര്‍ക്കാന്‍.
തലേവര മാറ്റിയ വെള്ളക്കാരന്‍
ഖുദൂസിന്റെ ഫുട്‌ബോള്‍ പ്രാവീണ്യം ആദ്യം തിരിച്ചറിഞ്ഞത് അക്ര പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബായ സ്‌ട്രോങ്ടവര്‍ എഫ്.സിയാണ്. 11-ാം വയസില്‍ അവരുമായി കരാറില്‍ ഒപ്പിട്ട ഖുദൂസ് ഒരു സീസണ്‍ അവര്‍ക്കു വേണ്ടി കളിച്ചു. അവര്‍ക്കായുള്ള ഖുദൂസിന്റെ പ്രകടനങ്ങള്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.
ആഫ്രിക്കയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹെഡ് സ്‌കൗട്ടായി പ്രവര്‍ത്തിച്ചിരുന്ന ടോം വെര്‍നോണ്‍ എന്ന ഇംഗ്ലീഷുകാരനായിരുന്നു അത്. ആഫ്രിക്കന്‍ യുവത്വങ്ങള്‍ക്കിടയില്‍ ഫുട്‌ബോള്‍ മാണിക്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് സ്‌കൗട്ടിങ് ജോലി ഉപേക്ഷിച്ച് 1999-ല്‍ ഘാനയില്‍ റൈറ്റ് ടു ഡ്രീം എന്ന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിച്ച ആളാണ് വെര്‍നോണ്‍.
ആഫ്രിക്കയിലെ കുരുന്നു പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയായിരുന്നു ഉദ്ദേശം. അങ്ങനെയാണ് ഒരിക്കല്‍ നിമയില്‍ പ്രാദേശിക മത്സരം കാണാനെത്തിയ വെര്‍നോന്റെ കണ്ണുകളില്‍ ഖുദൂസിന്റെ മികവ് ഉടക്കുന്നത്. രണ്ടാമതൊരാലോചനയ്ക്കു നില്‍ക്കാതെ തന്റെ അക്കാദമിയിലേക്ക് വെര്‍നോണ്‍ ഖുദൂസിനെ കൂട്ടി.
12-ാം വയസില്‍ അക്കാദമിയില്‍ എത്തിയ ഖുദൂസിലും ഇപ്പോള്‍ ഘാന ടീമില്‍ അവന്റെ സഹതാരങ്ങളായ ഇബ്രാഹിം സാദിഖ്, ഗിഡിയോണ്‍ മെന്‍സാഹ് എന്നിവരിലും യൂറോപ്യന്‍ ക്ലബുകള്‍ എന്ന സ്വപ്‌നം കുത്തിവച്ചത് വെര്‍നോണാണ്. അക്കാദമിയിലെ ആറു വര്‍ഷം നീണ്ട ചിട്ടയായ പരിശീലനങ്ങള്‍ക്കൊടുവില്‍ 2018-ല്‍ ഖുദൂസും സാദിഖും മെന്‍സാഹും ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ക്ലബായ നോര്‍ഡ്സ്ലാന്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. അങ്ങനെ അവരുടെ യൂറോപ്യന്‍ സ്വപ്‌നം യാഥാര്‍ഥ്യമായി.
സ്വന്തം പേര് നാലു പേര് അറിയണം. അതു മാത്രമായിരുന്നു നോര്‍ഡ്സ്ലാന്‍ഡില്‍ ചേരുമ്പോള്‍ ഖുദൂസിന്റെ ഏറ്റവും വലിയ ആഗ്രഹം. ഒട്ടും വൈകാതെ തന്നെ ഡെന്‍മാര്‍ക്ക് ലീഗിലെ മികച്ച താരമായി ഖുദൂസ് അതു സാധിച്ചു. രണ്ടു വര്‍ഷം ഡെന്‍മാര്‍ക്ക് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഖുദൂസ് 2020-ല്‍ ഡച്ച് ക്ലബ് അയാക്‌സുമായി കരാറിലെത്തിയതാണ് കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്.
ഖുദുസിനൊപ്പം ആ സീസണല്‍ അയാക്‌സില്‍ എത്തിയത് യൂരിയന്‍ ടിംബര്‍, സെബാസ്റ്റിയന്‍ ഹാളര്‍, ഡേവി ക്ലാസന്‍, ആന്റണി എന്നിവരാണ്. ആ ഒരു സംഘവം ഡച്ച് ലീഗില്‍ മാസ്മരിക പ്രകടനം പുറത്തെടുക്കുന്നതാണ് പിന്നീട് കണ്ടത്. കേവലം രണ്ു സീസണ്‍ കൊണ്ടു തന്നെ ഡച്ച് ലീഗിലെ മികച്ച മൂന്നു വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കാന്‍ ഖുദുസിനായി.
ഇക്കുറി ഖത്തറിലേക്ക് ഘാനയ്ക്ക് ടിക്ക്‌റ് നേടിക്കൊടുത്തതിനു പിന്നിലും ഖുദൂസിന്റെ മികവാണ്. വെറും 20 മത്സരങ്ങള്‍ മാത്രമാണ് ഖുദൂസ് ദേശീയ ടീം ജഴ്‌സിയില്‍ കളിച്ചിട്ടുള്ളത്. അതില്‍ ഏഴു ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സ്വന്തം പേരിലുള്ളത്. ഖത്തറിലും താരം ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേറ്റുകയാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളുമാായി താരം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്. ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ, ഇക്വഡോര്‍ താരം എന്നര്‍ വലന്‍സിയ എന്നിവരാണ് ഖുദൂസിന് ഒപ്പം മത്സരിക്കുന്നത്.
2016-ല്‍ ചേരിയുടെ പുത്രനായി വളര്‍ന്ന നാന അകൂഫോ അഡ്ഡോ ഘാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോലും നിമയെ അംഗീകരിക്കാന്‍ ആ ഘാനക്കാര്‍ തയാറായിരുന്നില്ല. പിന്നീട് 2020-ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ നിമയുടെ പേരും പൊലിമയുമെല്ലാം മാറിയിരുന്നു. രണ്ടുവര്‍ഷത്തിനിപ്പുറം രാജ്യം നിമയിലേക്ക് ഉറ്റുനോക്കുകയാണ്, കൂടുതല്‍ ഖുദൂസുമാരെ കണ്ടെത്താന്‍.