ഓരോ ജയവും പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനത്തിന്; ആഘോഷത്തിന്റെ മൊറോക്കൻ സ്റ്റൈൽ

ഓരോ ജയവും പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനത്തിന്; ആഘോഷത്തിന്റെ മൊറോക്കൻ സ്റ്റൈൽ

ഗ്രൂപ്പ് മത്സരങ്ങളിൽ തുടങ്ങിയ ശീലം ഇന്ന് നടന്ന പ്രീ ക്വാർട്ടർ മത്സരത്തിലും മൊറോക്കൻ താരങ്ങൾ ആവർത്തിച്ചു
Updated on
1 min read

ലോകത്തിലെ രണ്ടാം നമ്പർ ടീമായ ബെൽജിയവും, കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ഉൾപ്പടുന്ന ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി നോക്കൗട്ട‍ിലേക്ക് പ്രവേശനം. പ്രീ ക്വാർട്ടറിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ ജയം നേടിയ ടീമിനെ തോൽപ്പിച്ച്‌ ക്വാർട്ടർ ഉറപ്പിക്കുക. കറുത്ത കുതിരകളായി അദ്ഭുതയാത്ര തുടരുകയാണ് മൊറോക്കോ. മൈതാനത്തെ പ്രകടനത്തിൽ ആരോധകരെ സൃഷ്ടിക്കുന്ന മൊറോക്കോ സംഘം, മത്സര ശേഷം ഉറച്ച രാഷ്ട്രീയ പ്രഖ്യാപനം കൂടി നടത്താറുണ്ട്. പലസ്തീൻ ഐക്യദാൃഢ്യം. സ്പെയിനിനെതിരായ പ്രീക്വാർട്ടർ വിജയത്തിന് ശേഷവും അവരത് തുടർന്നു.

അറബ് നാട്ടിൽ വിരുന്നെത്തിയ ലോകകപ്പിലല്ലാതെ പിന്നെയെപ്പോഴാണ് തങ്ങളുടെ രാഷ്ട്രീയ നിലപാട് അവർ വ്യക്തമാക്കുക! പലസ്തതീൻ പതാകയേന്തി ഐക്യദാർഢ്യ ഗാനങ്ങളുമായി മത്സരശേഷം കളിക്കാർ മൈതാനത്ത് നിലയുറപ്പിക്കുമ്പോൾ,മത്സര സമയത്തടക്കം ഗ്യാലറിയിലെ മൊറോക്കൻ ആരാധകർ അതേ പ്രവൃത്തി ചെയ്യുന്നു. നേരത്തെ ടുണീഷ്യൻ ആരാധകരും ഇസ്രയേലിന്റെ പലസ്തീൻ വിരുദ്ധ നടപടിക്കെതിരെ സമാനമായ രീതിയിൽ രംഗത്തെത്തിയിരുന്നു. സ്പെയിനിനെതിരെ നേടിയ വിജയത്തിന് ശേഷം മൊറോക്കൻ ടീം ഒന്നടങ്കമാണ് പലസ്തീൻ പതാകയുമായി എത്തിയാണ് കാണികളെ അഭിവാദ്യം ചെയ്തത്. താരങ്ങൾ മത്സര ശേഷം എടുത്ത ചിത്രത്തിലും പലസ്തീൻ പതാക പ്രദർശിപ്പിച്ചു. ഇസ്രയേലുമായുള്ള മൊറോക്കോയുടെ ബന്ധം മെച്ചപ്പെടുന്നതിനിടയിലാണ് ഫുട്ബോൾ ടീം കടുത്ത നിലപാട് തുടരുന്നത്.

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇടം പിടിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. 2010ൽ ഘനയാണ് അവസാനമായി ആഫ്രിക്കയിൽ നിന്ന് ക്വാർട്ടറിൽ കടന്നത്. 1990ൽ കാമറൂണും, 2002ൽ സെനഗലും നേട്ടം കൈവരിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ അവസാന എട്ടിലെത്തുന്ന ആദ്യ അറബ് രാജ്യവുമായി മൊറോക്കോ.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ പിടിച്ചു കൊണ്ടായിരുന്നു മൊറോക്കോ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ വീഴ്ത്തിയ മൊറോക്കോ അവസാന മത്സരത്തിൽ കാനഡയെയും തോൽപ്പിച്ചു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡിസംബർ 10ന് പോർച്ചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.

logo
The Fourth
www.thefourthnews.in