'അർഹമായ രണ്ട് പെനാൽറ്റി അനുവദിച്ചില്ല'; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി മൊറോക്കോ
ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റഅ പുറത്തായ മൊറോക്കോ പരാതിയുമായി ഫിഫയെ സമീപിച്ചിരിക്കുകയാണ്. രണ്ട് പെനാല്‍റ്റികള്‍ നിഷേധിച്ചെന്നും റഫറിയിങ് ശരിയല്ലെന്നും ആരോപിച്ചാണ് ഫിഫയ്ക്ക് പരാതി നല്‍കിയത്. മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി മൊറോക്കന്‍ ആരാധകരും രംഗത്തെത്തി.
ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കോ, കന്നി ഫൈനല്‍ ലക്ഷ്യമിട്ടാണ് ഫ്രാന്‍സിനെതിരെ ഇറങ്ങിയത്. തിയോ ഹെര്‍ണാണ്ടസിന്‌റെയും റാണ്ടല്‍ കോളോ മുവാനിയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ 2-0 ന് ഫ്രാന്‍സ് വിജയിച്ചു. മത്സരത്തില്‍ റഫറിയുടെ നിലപാടുകളില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. റഫറി സീസര്‍ റാമോസിനെതിരെയാണ് വിമര്‍ശനം. ഇതിനിടെയാണ് റോയല്‍ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്.
അര്‍ഹമായ രണ്ട് പെനാല്‍റ്റികള്‍ മൊറോക്കോയ്ക്കനുകൂലമായി നല്‍കാന്‍ മെക്‌സിക്കന്‍ റഫറി തയ്യാറായില്ലെന്നാണ് പരാതിയില്‍ പറയുന്നത്. സ്വന്തം പെനാല്‍റ്റി ബോക്‌സില്‍ വീണ തിയോ ഫെര്‍ണാണ്ടസ്, മൊറോക്കോയുടെ സോഫിയാന്‍ ബൗഫലിനെ വീഴ്ത്തിയതിന് റഫറി വിസിലൂതിയെങ്കിലും ബൗഫലിന് മഞ്ഞ കാര്‍ഡ് നല്‍കുകയായിരുന്നു. റഫറിക്ക് പിശകു പറ്റിയിട്ടും മൊറക്കോയ്ക്ക് അനുകൂലമായി വാറില്‍ പോലും തീരുമാനമുണ്ടായില്ലെന്നാണ് ആദ്യ പരാതി. സെലീം അമല്ലയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതാണ് മറ്റൊരു സന്ദര്‍ഭം. മത്സരത്തിന്‌റെ ആദ്യ പകുതിയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. ഔദ്യോഗിക പരാതി നല്‍കിയതായും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മൊറോക്കന്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം മൊറോക്കന്‍ ആരാധകരുടെ രോഷത്തോട ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിക്കാന്‍ റഫറി റാമോസ് തയ്യാറായി. ''എന്റെ സുഹൃത്തുക്കളേ, മൊറോക്കന്‍ ജനത ദയവായി ക്ഷമിക്കുക. നിങ്ങള്‍ മത്സരത്തില്‍ തൃപ്തരല്ലെങ്കില്‍, ഫിഫ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് ഒരു കൂട്ടായി പരാതി നല്‍കാവുന്നതാണ്. മത്സരം വീണ്ടും നടത്താവുന്നതാണ്. '' ഇന്‍സ്റ്റഗ്രാമില്‍ മൊറോക്കന്‍ ടീമിന്‌റെ ചത്രത്തിനൊപ്പം റാമോസ് ഇങ്ങനെ കുറിച്ചു. ഈ കുറിപ്പിന് താഴെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഔദ്യോഗിക പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഫിഫയുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടിക്ക് സാധ്യതയില്ലെന്നാണ് സൂചന. ഞായറാഴ്ച ഫൈനല്‍ നടക്കാനിരിക്കെ സമയപരിമിതിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നതും.