ചരിത്രം വഴിമാറ്റിയ മൊറോക്കോ; ആഫ്രിക്കന്‍ ഫുട്‌ബോളിന് ഇത് പുതുജീവന്‍

ചരിത്രം വഴിമാറ്റിയ മൊറോക്കോ; ആഫ്രിക്കന്‍ ഫുട്‌ബോളിന് ഇത് പുതുജീവന്‍

സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് മടങ്ങുമ്പോഴും തലമുറകളെ പ്രചോദിപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.
Updated on
2 min read

ഒരു സ്വപ്‌നംപോലെ അവിശ്വസനീയമായിരുന്നു ആ യാത്ര. ലോകകപ്പില്‍ കരുത്തരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടും ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറ്റം. സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രോ- അറബ് രാഷ്ട്രം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിത മുന്നേറ്റങ്ങളിലൊന്നാണ് അറ്റ്‌ലസ് സിംഹങ്ങളുടേത്. ഒടുവില്‍ സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് മടങ്ങുമ്പോഴും തലമുറകളെ പ്രചോദിപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ആഫ്രിക്കന്‍ ഫുട്‌ബോളിന് ഇത് പുതുയുഗപ്പിറവി.

ഏവരേയും അമ്പരപ്പിച്ചാണ് ഈ ലോകകപ്പില്‍ മൊറോക്കോ മുന്നേറിയത്. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു തുടക്കം. ബെല്‍ജിയത്തെ അട്ടിമറിച്ചും കാനഡയെ തോല്‍പ്പിച്ചും ഗ്രൂപ്പില്‍ ഒന്നാമതായി. തോല്‍വിയറിയാതെ എത്തിയ മൊറോക്കോയുടെ കരുത്ത് പ്രീക്വാര്‍ട്ടറില്‍ അറിഞ്ഞത് സ്‌പെയിന്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മൊറോക്കോയ്ക്ക് നിഷ്പ്രയാസം സാധിച്ചു. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി. സെമിയില്‍ തോറ്റെങ്കിലും ചാമ്പ്യന്മാരെ വിറപ്പിച്ചാണ് മടക്കം. പ്രതിരോധത്തിലും മധ്യനിരയിലുമെല്ലാം മികച്ചു നിന്നെങ്കിലും നല്ല ഫിനിഷറുടെ അഭാവം ടൂര്‍ണമെന്‌റിലുടനീളം ദൃശ്യമായിരുന്നു. മൊറോക്കോയുടെ വലിയ പോരായ്മയും അതുതന്നെ.

ആഫ്രിക്കന്‍- അറബ് പാരമ്പര്യമുള്ള ഒരു രാജ്യത്തിന്‌റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനമാണ് മൊറോക്കോയുടേത്. ലോകകപ്പുകളില്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതിനപ്പുറം വിജയിക്കാനായി പോരാടുക എന്ന പുതിയ പ്രചോദനമാണ് മൊറോക്കന്‍ പ്രകടനത്തിന്‌റെ ബാക്കി പത്രം. ഖത്തര്‍ ലോകകപ്പിലെ ടീമിന്‌റെ നേട്ടങ്ങള്‍ മൊറോക്കന്‍ ഫുട്‌ബോളിനെയും ആഫ്രിക്കയെ ആകെയും എത്രത്തോളം ഉത്തേജിപ്പിക്കുമെന്നത് കാലം തെളിയിക്കേണ്ടതാണ്. എന്നാല്‍ അതിന്‌റെ സൂചനകള്‍ ഇപ്പോഴേ ദൃശ്യം.

2014 മുതല്‍ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന നിതാന്ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് പറയാതെ വയ്യ. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മൊറോക്കന്‍ വംശജരെ രാജ്യത്തിന്‌റെ പതാകയ്ക്ക് കീഴില്‍ ഒരുമിപ്പിക്കുയായിരുന്നു ഫെഡറേഷന്‌റെ ആദ്യ നടപടി. യൂറോപ്പിലെ പ്രമുഖ അക്കാദമികളിലും ക്ലബുകളിലും പരിശീലിച്ചവരെ നാട്ടിലെത്തിക്കാന്‍ അവര്‍ വിജയിച്ചു. ഒറ്റ മത്സരത്തിലെ അട്ടിമറി വിജയത്തിനപ്പുറം ടൂര്‍ണമെന്‌റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീമിനായത് ഈ അടിത്തറയിൽ നിന്നാണ്.

40 ലക്ഷത്തോളം പേരാണ് മൊറോക്കോയില്‍ നിന്നെത്തി യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കഴിയുന്നത്. 26 അംഗ ലോകകപ്പ് ടീമില്‍ 14 പേരും മൊറോക്കോയ്ക്ക് പുറത്തുള്ളവരാണ്. നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച് വളര്‍ന്നയാളാണ് പ്രമുഖ താരമായ ഹക്കീം സിയെച്ചി. സ്‌പെയിനിനാണ് അഷ്‌റഫ് ഹക്കീമിയുടെ നാട്. പ്രബല യൂറോപ്യന്‍ രാജ്യങ്ങളുടെ ക്ഷണം നിരസിച്ചാണ് ഇവര്‍ മൊറോക്കോയ്ക്കായി കളിക്കാനുള്ള തീരുമാനം എടുത്തത്. വിഡ്ഢിത്തം എന്ന് വ്യാപക വിമര്‍ശനം നേരിട്ട ഇത്തരം തീരുമാനം ശരിയെന്ന് തെളിയിക്കുന്നു ലോകകപ്പിലെ മൊറോക്കന്‍ ഷോ. യൂറോപ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ് മെച്ചപ്പെട്ട അവസരം നല്‍കുക എന്ന ചിന്തയ്ക്കുള്ള മറുമരുന്ന് കൂടിയാണത്. അത് ആഫ്രിക്കന്‍ ഫുട്‌ബോളിന് നല്‍കുന്ന കരുത്ത് ചെറുതല്ല. ഈ ലോകകപ്പിനെത്തിയ അഞ്ച് രാജ്യങ്ങളുടെയും പരിശീലകര്‍ ആഫ്രിക്കയില്‍ നിന്ന് തന്നെ എന്നതാണ് ഖത്തര്‍ ലോകകപ്പിലെ മറ്റൊരു സവിശേഷത.

2007 മുതല്‍ കായിക മേഖലയില്‍ മൊറോക്കോ നടത്തിയ അടിസ്ഥാന വികസന നടപടികള്‍ ഇന്ത്യയടക്കം ഫുട്‌ബോളില്‍ പിന്നാക്കമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. യുവ ഫുട്‌ബോളര്‍മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കിങ് മുഹമ്മദ് VI അക്കാദമിയും ഫിഫ നിലവാരത്തിലുള്ള എട്ട് പിച്ചുകളും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ. യൂസഫ് എന്‍-നെസിരി. അസെദിന്‍ ഔനി, നയെഫ് അക്രാദ് തുടങ്ങിയ താരങ്ങള്‍ ഈ അക്കാദമിയുടെ സംഭാവനയാണ്. പലസ്തീന്‍ പതാകയേന്തി കളത്തിലടക്കം രാഷ്ട്രീയം വ്യക്തമാക്കിയ മൊറോക്കോ കളികൊണ്ടും നിലപാട് കൊണ്ടും സ്വന്തമാരാധകരെ സൃഷ്ടിച്ചാണ് മടങ്ങുന്നത്.

logo
The Fourth
www.thefourthnews.in