അട്ടിമറികളുടെ മൊ'റോക്‌സ്'; സ്പാനിഷ് അര്‍മദ നടുക്കടലില്‍ മുങ്ങി
അദ്ഭുതങ്ങള്‍ ഒളിപ്പിച്ചാണ് ഖത്തര്‍ ലോകകപ്പിന് ക്ഷണിക്കുന്നതെന്ന് നേരത്തെ കേട്ടപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. ഓരോ മത്സരത്തിലും അമ്പരപ്പിക്കുന്ന റിസല്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനെ അട്ടിമറിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ക്വാര്‍ട്ടറില്‍.
നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായി തുടര്‍ന്ന മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 എന്ന സ്‌കോറില്‍ സ്പാനിഷ് പടയെ വീഴ്ത്തിയാണ് ആഫ്രിക്കന്‍ കരുത്തര്‍ കുതിപ്പ് നടത്തിയത്. ജേതാക്കള്‍ക്കായി അബ്‌ദെല്‍ ഹമീദ് സബീരി, ഹക്കീം സിയെച്ച്, അച്ചറഫ് ഹക്കീമി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌പെയിനായി കിക്കെടുത്ത ആര്‍ക്കും ലക്ഷ്യം കാണാനായില്ല. സ്‌പെയിനു വേണ്ടി രണ്ടാം കിക്കെടുത്ത കാര്‍ലോസ് സോളറിന്റെയും മൂന്നാം കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവാണ് മൊറോക്കോയുടെ ഹീറോ. പാബ്ലോ സരാബിയ എടുത്ത സ്‌പെയിന്റെ ആദ്യ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. ഇതിനു മുമ്പ് 1986ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതായിരുന്നു അവരുടെ ഏറ്റവും വലിയ നേട്ടം. ഇന്നത്തെ തോല്‍വിയോടെ സ്‌പെയിന്‍ നാണക്കേടിന്റെ ഒരു റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് ഷൂട്ടൗട്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയേറ്റുവാങ്ങുന്ന ടീമായി അവര്‍. ഇതു നാലാം തവണയാണ് അവര്‍ ഷൂട്ടൗട്ട് തോല്‍വി നേരിടുന്നത്. ഇന്നു രാത്രി നടക്കുന്ന പോര്‍ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക. ഡിസംബര്‍ 10-ന് അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം.
എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ തുടക്കത്തില്‍ എല്ലായ്‌പ്പോഴത്തേയും പോലെ സ്‌പെയിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും ആക്രമണം മെനയുന്നതിലും മികച്ചുനിന്ന അവര്‍ക്കു പക്ഷേ അതിന്റെ ആനുകൂല്യം കൊയ്യാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളും മൊറോക്കോയുടെ കടുകിട വിട്ടുകൊടുക്കാത്ത പ്രതിരോധവും അവര്‍ക്കു ഗോള്‍ നിഷേധിച്ചു.
നിശ്ചിത സമയത്തിന്റെയും അധിക സമയത്തിന്റെയും ഇരുപകുതികളും ആവേശകരമായിരുന്നു. ഇരു ടീമിന്റെയും ബോക്‌സുകളിലേക്ക് പന്ത് യഥേഷ്ടം കയറിയിറങ്ങിയപ്പോള്‍ ഏതുനിമിഷവും ഗോള്‍ വീഴാമെന്ന സ്ഥിതിയായിരുന്നു. ഇരുകൂട്ടരും മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഫിനിഷിങ് ടച്ചിലെ പാളിച്ചകള്‍ വിനയായി. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജപ്പാനോടു തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലൂയിസ് എന്റ്‌റിക്വെ സ്പാനിഷ് ടീമിനെ ഇറക്കിയത്. പ്രതിരോധനിരയിലാണ് ഭൂരിഭാഗം അഴിച്ചുപണിയും. സ്ഥാനം നിലനിര്‍ത്താനായത് റോഡ്രിക്കു മാത്രം. അതേസമയം മറുവശത്ത് കാനഡയെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് മൊറോക്കോ ഇറങ്ങിയത്.