മ്യൂസിയാല
മ്യൂസിയാല

19 വയസ് 270 ദിവസം; കളിക്ക് മുന്നേ ചരിത്രമെഴുതി മ്യുസിയാല

ജര്‍മനിയുടെ മുന്‍ നായകന്‍ ലോതര്‍ മത്തേയൂസ് സാക്ഷാല്‍ ലയണല്‍ മെസിയോട് താരതമ്യം ചെയ്ത താരം കൂടിയാണ് മ്യൂസിയാല
Updated on
1 min read

ലോകകപ്പിലെ ജർമനി-ജപ്പാൻ മത്സരത്തിലെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചതോടെ യുവതാരത്തെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. 1958ലെ സ്വീഡൻ ലോകകപ്പിൽ ജർമനിക്ക് വേണ്ടി ലോകകപ്പിൽ കളിച്ച കാൾ ഹെയ്ൻസ് ഷ്നെല്ലിംഗറിന് (19 വയസും 72 ദിവസം) ശേഷം, ലോകകപ്പില്‍ ജർമനിക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകുകയാണ് ജമാല്‍ മ്യുസിയാല. 19 വയസും 270 ദിവസവുമാണ് മ്യുസിയാലയുടെ പ്രായം.

ഇത്തവണത്തെ ലോകകപ്പിൽ ജർമനി ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്നത് ജമാല്‍ മ്യുസിയാലയിലാണ്. നടപ്പ് സീസണിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന് വേണ്ടി കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് ലോകകപ്പ് ടീമിലേക്കും ആദ്യ മത്സരത്തിലെ ആദ്യ പതിനൊന്നിലേക്കും താരത്തെ എത്തിച്ചത്. 22 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളും 10 അസിസ്റ്റും താരം സ്വന്തംപേരിൽ കുറിച്ചു.

ജര്‍മനിയുടെ മുന്‍ നായകന്‍ ലോതര്‍ മത്തേയൂസ് സാക്ഷാല്‍ ലയണല്‍ മെസിയോട് താരതമ്യം ചെയ്ത താരം കൂടിയാണ് മ്യൂസിയാല. പന്തുകള്‍ കൈമാറുന്നതിലെ മിടുക്ക്, വേഗം, ക്രിയാത്മകമായ കളിശൈലി, സ്‌കോറിംഗ് മികവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മത്തേയൂസ് മ്യൂസിയാലയെ മെസിയോട് ഉപമിച്ചത്.

2003ൽ ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നൈജീരിയൻ ജർമൻ ദമ്പതികളുടെ മകനായാണ് മ്യുസിയാല ജനിച്ചത്. ജൂനിയർ ലെവലിൽ ഇംഗ്ലണ്ടിനായും ജർമനിക്കുമായി കളിച്ചിട്ടുള്ള മ്യുസിയാല 2021 മാർച്ചിൽ സീനിയർ തലത്തിൽ ജർമനിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെയും പിതാവിന്റെ രാജ്യമായ നൈജീരിയയുടെയും ക്ഷണം നിരസിച്ചാണ് യുവതാരം ജർമനിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ യൂറോയിൽ ഹംഗറിക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ പ്രധാന ടൂർണമെന്റിൽ ജർമനിക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും മ്യുസിയാല സ്വന്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in