ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി നെതർലൻഡ്സ്; നാണംകെട്ട് ഖത്തർ

ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി നെതർലൻഡ്സ്; നാണംകെട്ട് ഖത്തർ

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടി ഗാക്പോ
Updated on
1 min read

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ലോകകപ്പിന്‌റെ പ്രീക്വാര്‍ട്ടറില്‍. 2014 ന് ശേഷം ആദ്യമായണ് ഓറഞ്ച് പട ലോകകപ്പിന്‌റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. നോക്കൗട്ട് പ്രതീക്ഷ നേരത്തെ അവസാനിച്ച ഖത്തര്‍, ഒരു മത്സരം പോലും വിജയിക്കാനാകാത്ത ആദ്യ അതിഥേയ രാഷ്ട്രമെന്ന നാണക്കേടും ഇതോടെ സ്വന്തമാക്കി.

ആതിഥേയര്‍ക്കെതിരെ കളത്തില്‍ നെതര്‍ലന്‍ഡ്‌സിന്‌റെ ആധിപത്യമാണ് ഇന്ന് കണ്ടത്. മത്സരത്തില്‍ ഒരുഘട്ടത്തിലും വാന്‍ഗാലിന്‌റെ സംഘത്തിന് അവര്‍ വെല്ലുവിളിയായില്ല. 26ാം മിനുറ്റില്‍ കോഡി ഗാക്പോയാണ് നെതര്‍ലന്‍ഡ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും എതിര്‍വലകുലുക്കിയ 23 കാരന്‍, ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ എന്നെര്‍ വലന്‍സിയയ്ക്കും എംബാപ്പെയ്ക്കുമൊപ്പമെത്തി. തുടര്‍ച്ചയായ ഏഴ് മത്സരങ്ങളില്‍ നിന്ന് താരത്തിന്‌റെ ആറാമത്തെ ഗോളാണിത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രെങ്കി ഡി യോങ് നെതര്‍ലന്‍ഡ്‌സിനായി രണ്ടാം ഗോള്‍ നേടി.

ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന രണ്ടാമത്തെ ആതിഥേയരാജ്യമായ ഖത്തര്‍ ഒരു ജയം പോലും നേടാതെയാണ് ലോകകപ്പ് യാത്ര അവസാനിപ്പിക്കുന്നത്. ഒരു ഗോൾ മാത്രം നേടിയ ഖത്തർ വഴങ്ങിയത് ഏഴ് ഗോൾ. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് നെതര്‍ലന്‍ഡ്‌സ് അവസാന 16 ല്‍ എത്തുന്നത്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്‌റാണ് സംഘത്തിന് ഉള്ളത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ് നേരിടുക.

logo
The Fourth
www.thefourthnews.in