ഓറഞ്ച് മാധുര്യം ക്വാര്‍ട്ടറിലേക്ക്; പൊരുതി കീഴടങ്ങി യുഎസ്എ

ഓറഞ്ച് മാധുര്യം ക്വാര്‍ട്ടറിലേക്ക്; പൊരുതി കീഴടങ്ങി യുഎസ്എ

വിജയികള്‍ക്കായി മെംഫിസ് ഡിപെ, ഡാലെ ബ്ലൈന്‍ഡ്, ഡെന്‍സില്‍ ഡംഫ്രൈസ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഹാജി റൈറ്റിന്റെ വകയായിരുന്നു യുഎസ്എയുടെ ആശ്വാസ ഗോള്‍.
Updated on
1 min read

ഖലീഫ സ്‌റ്റേഡിയത്തില്‍ പൊരുതിക്കളിച്ച യുഎസ് വീര്യത്തെ മൂന്നടിയില്‍ തകര്‍ത്ത് ഓറഞ്ച് പട ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഖത്തര്‍ ലോകകപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് യുഎസ്എയെ തോല്‍പിച്ചായിരുന്നു ഹോളണ്ടിന്റെ മുന്നേറ്റം. വിജയികള്‍ക്കായി മെംഫിസ് ഡിപെ, ഡാലെ ബ്ലൈന്‍ഡ്, ഡെന്‍സില്‍ ഡംഫ്രൈസ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഹാജി റൈറ്റിന്റെ വകയായിരുന്നു യുഎസ്എയുടെ ആശ്വാസ ഗോള്‍.

ഇരുടീമുകളും ആക്രമണഫുട്‌ബോള്‍ കാഴ്ചവച്ചുകൊണ്ടാണ് മത്സരം ആരംഭിച്ചത്. തുടക്കത്തില്‍ മികച്ച പ്രെസിങ് ഫുട്‌ബോള്‍ കാഴ്ചവച്ചത് യുഎസായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ പുലിസിച്ചാണ് അവര്‍ക്കായി ആക്രമണം നയിച്ചത്. മൂന്നാം മിനിറ്റിലും ഏഴാം മിനിറ്റിലും പുലിസിച്ച് തൊടുത്ത ഷോട്ടുകള്‍ പണിപ്പെട്ട് രക്ഷപെടുത്തിയ നൊപ്പേര്‍ട്ട് ഹോളണ്ടിന്റെ രക്ഷകനായി.

കളിയുടെ ഗതിക്കു വിപരീതമായിട്ടായിരുന്നു ഹോളണ്ട് ലീഡ് നേടിയത്. 10-ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍ നിന്നു തുടങ്ങിയ വണ്‍ടച്ച് പാസിങ്ങിനൊടുവില്‍ ഡെന്‍സില്‍ ഡെംഫ്രിസിന്റെ പാസില്‍ നിന്നാണ് ഡിപേ ആദ്യ ഗോള്‍ കണ്ടെത്തിയത്. ലീഡ് നേടിയതോടെ കളംപിടിച്ച അവര്‍ പിന്നീട് യുഎസ് പ്രതിരോധനിരയ്ക്ക് നിരന്തരം തലവേദനയുണ്ടാക്കി.

കിട്ടുന്ന അവസരങ്ങളില്‍ വേഗമേറിയ പ്രത്യാക്രമണങ്ങളുമായി യുഎസ്എയും കളംനിറഞ്ഞതോടെ മത്സരം ആവേശകരമായി മാറി. ഇരുപകുതികളിലേക്കും പന്ത് കയറിയിറങ്ങിയ ആദ്യപകുതിയില്‍ ഇടവേളയക്കു തൊട്ടുമുമ്പാണ് ഹോളണ്ട് രണ്ടാം ഗോള്‍ നേടിയത്. ഇത്തവണയും യുഎസ് പ്രതിരോധ താരങ്ങളെ മറികടന്ന് ഡെംഫ്രിസ് നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബ്ലൈന്‍ഡായിരുന്നു സ്‌കോറര്‍.

രണ്ടുഗോളിനു പിന്നിലായി ഇടവേയ്ക്കു പിരിഞ്ഞ യുഎസ്എ പിന്നീട് രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. തുടരെ ആക്രമണം അഴിച്ചുവിട്ട അവര്‍ പലകുറി ഗോളിന് അടുത്തെത്തിയെങ്കിലും ക്രോസ്ബാറിനു കീഴില്‍ ഹോളണ്ട് ഗോള്‍കീപ്പര്‍ നെപ്പോര്‍ട്ടിന്റെ മെയ്‌വഴക്കം തിരിച്ചടിയായി.

ഒടുവില്‍ 76ാം മിനിറ്റിലാണ് യുഎസ്എ കാത്തിരുന്ന ഗോള്‍ വന്നത്. പകരക്കാരനായി ഇറങ്ങിയ ഹാജി റൈറ്റായിരുന്നു സ്‌കോറര്‍. ഗോള്‍പോസ്റ്റിനു സമാന്തരമായി പുലിസിച്ച് നല്‍കിയ പാസ് ഹാജി റൈറ്റിന്റെ കാലില്‍ തട്ടിയുയര്‍ന്ന് ഹോളണ്ട് ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയില്‍ പതിക്കുകയായിരുന്നു.

ഒരുഗോള്‍ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത സമനില ലക്ഷ്യമിട്ടു കളിച്ച യുഎസിന്റെ തന്ത്രങ്ങള്‍ പൊളിച്ച് 81-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹോളണ്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ ഡെംഫ്രിസായിരുന്നായിരുന്നു ഇക്കുറി സ്‌കോററുടെ റോളില്‍. ശേഷിച്ച മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന അവര്‍ യുഎസ് മോഹങ്ങള്‍ തല്ലിക്കെടുത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

logo
The Fourth
www.thefourthnews.in