ഒന്നിനുപിറകെ ഒന്നായി 19 മഞ്ഞക്കാര്‍ഡ്; നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരത്തിലെ റഫറിക്കുമുണ്ടൊരു റെക്കോഡ്!
മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്കും കിട്ടിക്കാണുമോ മഞ്ഞക്കാര്‍ഡ്? നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ സാമുഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ട്രോളാണിത്. അത്തരമൊരു പരിഹാസത്തിന് കാരണമുണ്ട്. നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു ഡച്ച്-അര്‍ജന്റീന പോരാട്ടം. അവസാന നിമിഷം വരെ മുന്നിട്ടുനിന്ന അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി, ഒടുവില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ഡച്ച് പട ലോകകപ്പില്‍നിന്ന് പുറത്തായത്. അടിക്കും തിരിച്ചടിക്കുമൊപ്പം പരുക്കന്‍ അടവുകളുമൊക്കെ മത്സരത്തില്‍ നിറഞ്ഞുനിന്നു. അതാകട്ടെ സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസിന്റെ 'പ്രകടനം' ശ്രദ്ധിക്കപ്പെടാന്‍ കാരണവുമായി. കളത്തിലും പുറത്തും ഉള്ളവര്‍ക്കായി 19 മഞ്ഞക്കാര്‍ഡുകളാണ് റഫറി എടുത്ത് വീശിയത്. 16 വര്‍ഷത്തെ റെക്കോഡും ലാഹോസ് തിരുത്തിക്കുറിച്ചു.
എട്ട് അര്‍ജന്റീന താരങ്ങള്‍ക്കും ഏഴ് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ക്കും അര്‍ജന്റീന കോച്ചിനും സഹായിക്കും മഞ്ഞക്കാര്‍ഡ് കിട്ടി. 31ാം മിനുറ്റിലാണ് ലാഹോസ് ആദ്യം മഞ്ഞക്കാര്‍ഡ് വീശിയത്. അര്‍ജന്റീന കോച്ചിംഗ് സ്റ്റാഫ് വാള്‍ട്ടര്‍ സാമുവല്‍ ആയിരുന്നു ഇര. ജൂറിയന്‍ ടിംബെര്‍ (43ാം മിനുറ്റ്), മാര്‍ക്കോസ് അക്യൂന (43), ക്രിസ്റ്റിയന്‍ റൊമേറോ (45), വൗട്ട് വെഗ്‌ഹോസ്റ്റ് (45+2), മെംഫിസ് ഡിപെയ് (76), ലിസാന്ദ്രോ മാര്‍ട്ടിനസ് (76), സ്റ്റീവന്‍ ബെര്‍ഗ്യൂസ് (88), ലിയാന്‍ഡ്രോ പരേദസ് (89), അര്‍ജന്റീന് കോച്ച് ലയണല്‍ സ്‌കലോണി (90), ലയണല്‍ മെസി (90+10), നിക്കോളാസ് ഒട്ടാമെന്‍ഡി (90+12), സ്റ്റീവന്‍ ബെര്‍ജ്‌വിന്‍ (91 അധികസമയം), ഗോണ്‍സാലോ മോണ്ടിയേല്‍ (109), ജര്‍മന്‍ പെസെല്ല (112), ഡെന്‍സല്‍ ഡംഫ്രൈസ് (128 -പെനാല്‍റ്റി ഷൂട്ടൗട്ട്), ഡെന്‍സല്‍ ഡംഫ്രൈസ് (129), നോവ ലാങ് (129) എന്നിങ്ങനെയാണ് റഫറി ബുക്ക് ചെയ്തവരുടെ എണ്ണം. ഡെന്‍സല്‍ ഡംഫ്രൈസ് രണ്ടാം മഞ്ഞക്കാര്‍ഡോടെ റെഡ് കാര്‍ഡ് കണ്ടു. മോണ്ടിയേലും അക്യുനയും ഓരോ മഞ്ഞക്കാര്‍ഡ് നേരത്തെ കണ്ടിട്ടുള്ളതിനാല്‍, ഇന്നത്തെ ബുക്കിങ്ങിലൂടെ ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനല്‍ നഷ്ടമാകും.
ഇതിനുമുന്‍പ്, 2006 ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലായിരുന്നു ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡുകള്‍ പിറന്നത്. മ്യൂണിച്ചിലെ ന്യൂറംബെര്‍ഗിലെ ഫ്രാങ്കെന്‍സ്റ്റേഡിയോണില്‍ നടന്ന പോര്‍ച്ചുഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ റഷ്യന്‍ റഫറി വാലെറ്റിന്‍ ഇവാനോവ് പുറത്തെടുത്തത് 16 മഞ്ഞക്കാര്‍ഡുകളാണ്. അതില്‍ നാല് പേര്‍ രണ്ടാം തവണ മഞ്ഞക്കാര്‍ഡ് കണ്ടതോടെ, നാല് ചുവപ്പുകാര്‍ഡുകളും പുറത്തെടുക്കേണ്ടിവന്നു. ലോകകപ്പില്‍ പിറന്ന ആ റെക്കോഡ് ബാറ്റില്‍ ഓഫ് ന്യൂറംബെര്‍ഗ് എന്നാണ് അറിയപ്പെടുന്നത്. 16 വര്‍ഷത്തെ ആ റെക്കോഡാണ് സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസ് ഖത്തറില്‍ തിരുത്തിക്കുറിച്ചത്.