വിരമിക്കൽ സൂചന നൽകി നെയ്മർ
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക് പിന്നാലെ വിരമിക്കൽ സൂചന നൽകി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഈ ലോകകപ്പിൽ കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമുകളില്‍ ഒന്നായിരുന്നു ബ്രസീൽ. എന്നാൽ ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റു ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.തോൽവിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സാധ്യത ഉൾക്കൊണ്ടാണ് സംസാരിച്ചത്.
"ദേശീയ ടീമിന്റെ വാതിലുകളൊന്നും ഞാൻ അടയ്ക്കുന്നില്ല, പക്ഷെ ഞാൻ മടങ്ങി വരുമെന്ന് 100% പറയാനും ആകില്ല. എനിക്കും ദേശീയ ടീമിനും എന്താണ് ശരിയായ കാര്യം എന്നതിനെ പറ്റി കുറച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്"നെയ്മർ പറഞ്ഞു.
2010 മുതൽ ദേശീയ ടീമിനായി കളിക്കുന്ന നെയ്മറിലായിരുന്നു ഖത്തർ ലോകകപ്പിലും ബ്രസീൽ ടീമിന്റെ പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ നഷ്ട്ടമായ നെയ്മറിന്റെ അഭാവം ബ്രസീൽ മുന്നേറ്റ നിരയിൽ പ്രകടമായിരുന്നു. പ്രീ ക്വാർട്ടർ മത്സരത്തിൽ മടങ്ങിയെത്തിയ നെയ്മർ ബ്രസീലിന് സമ്മാനിച്ച ഊർജത്തിൽ ദക്ഷിണ കൊറിയയെ തകർത്താണ് ക്വാർട്ടറിൽ എത്തിയത്. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിലും നെയ്മറുടെ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ 117ാം മിനുറ്റില്‍ ബ്രൂണോ പെട്‌കോവിച്ച് സമനിലയിൽ തളച്ചു. തുടർന്ന് ഷൂട്ടൗട്ടില്‍ ഡൊമിനിക് ലിവാകോവിച്ചിന്റെ പ്രകടനത്തിനുമുന്നിൽ കാനറികൾക്ക് കാലിടറുകയായിരുന്നു. മത്സരത്തിൽ തന്റെ 77ാം രാജ്യാന്തര ഗോൾ കണ്ടെത്തിയ നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ പെലെയ്ക്കൊപ്പമെത്തുകയും ചെയ്തു.
30 വയസുകാരനായ നെയ്മർ ബ്രസീലിനായി 127 മത്സരങ്ങൾ പൂർത്തിയാക്കി. വിടാതെ പിടികൂടുന്ന പരുക്ക് ഇനിയൊരു ലോകകപ്പ് പോരാട്ടത്തിനുള്ള ബാല്യം അദ്ദേഹത്തിന് നൽകുന്നുണ്ടോ എന്ന സംശയത്തെ അടിവരയിടുന്നതാണ് മത്സരശേഷം നെയ്മർ നടത്തിയ പ്രസ്താവന. ബ്രസീലിനൊപ്പം ഒളിമ്പിക്സ് സ്വർണവും, 2013 കോൺഫെഡറേഷൻസ് കിരീടവും നേടിയിട്ടുണ്ട് നെയ്മർ.