''കേരളത്തിന് ഒരുപാട് നന്ദി'' ആരാധകര്‍ക്ക് സ്‌നേഹമറിയിച്ച് കാനറികളുടെ സുല്‍ത്താന്‍
കേരളത്തിന്റെ കാല്‍പ്പന്ത് പ്രേമത്തിന് ഒരിക്കല്‍ കൂടി അംഗീകാരം. ഇക്കുറി കാനറികളുടെ സുല്‍ത്താന്‍ നെയ്മര്‍ ജൂനിയറാണ് മലയാളത്തിന്റെ സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചിത്രം സഹിതം നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചാണ് സ്നേഹപ്രകടനം.
''ലോകത്തിലെ എല്ലാ കലകളില്‍ നിന്നും സ്‌നേഹം വരുന്നു, കേരളത്തിന് ഒരുപാട് നന്ദി'' എന്നാണ് നെയ്മറിന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. നെയ്മറിന്റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന രണ്ടുപേരാണ് ചിത്രത്തിലുള്ളത്. ആരാധകന്റെ തോളിലാണ് കുഞ്ഞ് ആരാധകന്‍ ഇരിക്കുന്നത്. ഇരുവരും നെയ്മറിന്റെ പേരെഴുതിയ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.
കിരീട പ്രതീക്ഷയുമായി ഖത്തറിലെത്തിയ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായിരുന്നു. നെയ്മര്‍ നേടിയ തകര്‍പ്പന്‍ ഗോളില്‍ ബ്രസീല്‍ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കളിയുടെ അവസാന നിമിഷം ബ്രൂണോ പെറ്റ്‌കോവിച്ച് തിരിച്ചടിച്ചു. പെനാല്‍റ്റിയില്‍ തിളങ്ങാനും കഴിയാതെ വന്നതോടെ കാനറികളുടെ കിരീടമോഹം പൊലിയുകയായിരുന്നു. കണ്ണീരോടെയാണ് നെയ്മറും സംഘവും മൈതാനം വിട്ടത്.
നെയ്മര്‍ വീണ്ടുമൊരു ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകളും പിന്നാലെ ഉയര്‍ന്നിരുന്നു. തോല്‍വിക്കുശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ടീമില്‍ തുടരണോ എന്നുള്ള കാര്യത്തില്‍ നെയ്മര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരം മഞ്ഞക്കുപ്പായം ഉടന്‍ ഊരില്ലെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, കേരളത്തിന്റെ ഫുട്ബോള്‍ പ്രേമം ആഗോളശ്രദ്ധ നേടുന്നത് ആദ്യമല്ല. ലോകകപ്പ് തുടങ്ങുന്നതിന് മുന്നേ മലയാളത്തിന്റ ആവേശം ഫിഫ ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു. പുള്ളാവൂരില്‍ ഉയര്‍ന്ന മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് അന്ന് വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. പിന്നീട് റൊണാള്‍ഡോയുടെ കട്ടൗട്ടും കൂടി എത്തിയതോടെ, ആവേശം പതിന്മടങ്ങായി. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കട്ടൗട്ടുകളും ബാനറുകളും പോസ്റ്ററുകളുമൊക്കെ ഉയര്‍ന്നിരുന്നു.