കരുത്തന്മാരെ വലച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിന് ഗോള്‍രഹിത സമനില

കരുത്തന്മാരെ വലച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിന് ഗോള്‍രഹിത സമനില

ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍, വിലയേറിയ മൂന്ന് പോയിന്റ് നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല
Updated on
1 min read

യൂറോകപ്പ് സെമി ഫൈനലിസ്റ്റുകളെന്ന വമ്പുമായി ഖത്തറിലെത്തിയ ഡെന്മാര്‍ക്കിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ടുണീഷ്യ. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍, വിലയേറിയ മൂന്ന് പോയിന്റ് നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഇതോടെ, ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും പിറന്നു.

ആദ്യ പകുതിയില്‍ ടുണീഷ്യയാണ് മികച്ച ഗോള്‍ അവസരങ്ങള്‍ തുറന്നത്. 11-ാം മിനുറ്റില്‍ ഗോളെന്നുറച്ച ഡ്രാഗറുടെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 23ാം മിനിറ്റില്‍ ഇസാം ജെബാലി ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 43-ാം മിനിറ്റില്‍ ജെബാലിക്ക് വീണ്ടുമൊരു അവസരം ലഭിച്ചു. എന്നാല്‍, ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്‌പെര്‍ ഷ്മൈക്കല്‍ കിടിലം സേവുകളുമായി വഴിമുടക്കി. ഡെന്മാര്‍ക്കിനായി ഓള്‍സണും ക്രിസ്റ്റിയന്‍ എറിക്സണും ഹോയ്ബര്‍ഗും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

രണ്ടാം പകുതിയും ടുണീഷ്യന്‍ ആക്രമണമാണ് കണ്ടത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ജെബാലിക്ക് മുന്നില്‍ വീണ്ടും ഗോള്‍ അവസരം തുറന്നുകിട്ടി. എന്നാല്‍, ഷോട്ട് ലക്ഷ്യസ്ഥാനം കണ്ടില്ല. 55ാം മിനുറ്റില്‍ ഡെന്മാര്‍ക്കിനായി ഓള്‍സണ്‍ ഗോള്‍ കണ്ടെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ജയത്തിനായുള്ള ഡെന്മാര്‍ക്കിന്റെ ശ്രമങ്ങള്‍ക്ക് വേഗം വച്ചതോടെ, തുടര്‍ ആക്രമണങ്ങളുണ്ടായി. 67ാം മിനുറ്റില്‍ എറിക്‌സണ്‍ ലോങ് റേഞ്ചിലൂടെ ഭാഗ്യം പരീക്ഷിച്ചെങ്കിലും ടുണീഷ്യന്‍ ഗോള്‍കീപ്പര്‍ അയ്മെന്‍ ഡാഹ്‌മെന്‍ പന്ത് തട്ടിയകറ്റി. വൈകാതെ കിട്ടിയ കോര്‍ണറും ഡെന്മാര്‍ക്കിനെ തുണച്ചില്ല. സമനിലപ്പൂട്ട് തകര്‍ക്കാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങള്‍ പാഴായതോടെ, ഖത്തറിലെ ആദ്യ ഗോള്‍രഹിത സമനിലയും പിറന്നു.

logo
The Fourth
www.thefourthnews.in