ഹൃദയം കീഴടക്കി മോഡ്രിച്ചും സംഘവും; ക്രൊയേഷ്യ മടങ്ങുന്നത് സാഭിമാനം

ഹൃദയം കീഴടക്കി മോഡ്രിച്ചും സംഘവും; ക്രൊയേഷ്യ മടങ്ങുന്നത് സാഭിമാനം

വലിയ പാരമ്പര്യമില്ലെങ്കിലും തുടർച്ചയായി രണ്ട് ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ക്രൊയേേഷ്യ
Updated on
2 min read

ഖത്തർ ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ അർജന്റീനയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റ് പുറത്താകുമ്പോഴും കാൽപ്പന്താരാധകരുടെ ഹൃദയം കീഴടക്കിയാണ് ക്രൊയേഷ്യയുടെ മടക്കം. 2022ൽ സെമി ഫൈനൽ ബെർത്ത് 2018 ൽ രണ്ടാം സ്ഥാനം. ഫുട്ബോളിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത രാജ്യം കരുത്തർക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടമാണ് കുറിച്ചത്. 1998 ൽ ലോകകപ്പിലെ അരങ്ങേറ്റത്തിൽ തന്നെ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച ടീമാണ് ക്രൊയേഷ്യ. 39 ലക്ഷം മാത്രം ജനസംഖ്യ വരുന്ന ഒരു രാജ്യത്ത്, ഇതിനോടകം നേടിയതെല്ലാം ചരിത്രമാണ്.

സെമിയിൽ തോറ്റ് കളം വിടുമ്പോൾ ക്രൊയേഷ്യൻ താരങ്ങളുടെ നെഞ്ചൊന്ന്‌ ഇടറിയിരിക്കും. എങ്കിലും നോക്കൗട്ട്‌ വേദിയിലെ സ്ഥിരം കണ്ണീർ രംഗങ്ങൾ ലുസെയ്ൽ മൈതാനത് ഉണ്ടായില്ല. പ്രതിസന്ധികൾ നിറഞ്ഞ ജീവിതം കടന്ന് മുന്നേറിയ ജനതയായതിനാലാകണം ഏത് തോൽവിയിലും സമചിത്തതയോടെ പെരുമാറാൻ അവർക്ക് സാധിക്കുന്നത്. കടുത്ത നിരാശയിലും തികഞ്ഞ അഭിമാനത്തോടെയാണ് ലൂക്ക മോഡ്രിച്ചെന്ന നായകനും സംഘവും കളം വിട്ടത്. അതിനേക്കാൾ അഭിമാനത്തില്‍ അവരുടെ വീരനായകന്മാരെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് ഒരു നാട്.

1992ലും 1993ലും ഫിഫയിലും യുവേഫയിലും അംഗത്വം നേടിയ ക്രൊയേഷ്യ ആദ്യ ലോകകപ്പിനെത്തുന്നത് 1998ലാണ്. അരങ്ങേറ്റ ലോകകപ്പിൽ തന്നെ മൂന്നാം സ്ഥാനത്തെത്തി ഞെട്ടിച്ച ക്രോട്ടുകള്‍, പിന്നീട് നടന്ന ആറ് ലോകകപ്പുകളിൽ അഞ്ചിലും പങ്കെടുത്തു. 2002ലും 2006ലും 2014ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർക്ക്, ദക്ഷിണാഫ്രിക്കയിലേക്ക് ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് ക്രോട്ടുകളുടെ അദ്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചത് റഷ്യയായിരുന്നു. അതിന് കരുത്തായത് ലൂക്കാ മോഡ്രിച്ച് എന്ന നായകനും. അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതായി മുന്നേറിയ ക്രൊയേഷ്യ നോക്കൗട്ടില്‍ ഡെൻമാർക്ക്‌, റഷ്യ, ഇംഗ്ലണ്ട് ടീമുകളെ തോൽപ്പിച്ചു. തുടർന്ന് നടന്ന ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് രണ്ടാം സ്ഥാനവുമായി അവർ റഷ്യ വിട്ടത്.

റഷ്യയിൽ നിന്നും ഖത്തറിലേക്കെത്തിയപ്പോൾ ക്രൊയേഷ്യൻ സംഘത്തിൽ ആരാധകർക്കുള്ള പ്രതീക്ഷയും വളർന്നിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിൽ ആ പ്രതീക്ഷയോട് നീതി പുലർത്തുന്നതായിരുന്നില്ല ക്രോട്ടുകളുടെ പ്രകടനം. മങ്ങിത്തുടങ്ങിയെങ്കിലും അവശ്യ ഘട്ടത്തിൽ ഉണർന്നു കളിക്കാൻ അവർക്കായി. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും കരുത്തുറ്റ പ്രകടനത്തിലൂടെ ജപ്പാനെയും ബ്രസീലിനെയും വീഴ്ത്തിയ അവർ ഒരിക്കൽകൂടി കലാശ പോരിനുള്ള ടിക്കറ്റ് ഉറപ്പിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ എല്ലാ സ്വപ്നങ്ങളും അർജന്റീന തകർത്തെറിഞ്ഞു.

ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച്‌, മാറ്റിയോ കോവാസിച്ച് തുടങ്ങിയ ചുരുക്കം താരങ്ങളൊഴിച്ചാൽ പറയത്തക്ക പ്രമുഖരില്ലാത്ത ടീമാണ് ക്രൊയേഷ്യ. എന്നാൽ പ്രധാന ടൂർണമെന്റുകളിൽ ശരാശരിക്കും മുകളിൽ നിൽക്കുന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ഫുട്ബോളിൽ സ്വന്തം വിലാസമുണ്ടാക്കിയിരിക്കയാണ് അവർ. ബാൽക്കൻ യുദ്ധത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് രൂപം കൊണ്ട രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ കഴിവിന്റെ 110 ശതമാനവും നൽകാനുള്ള കളിക്കാരുടെ മനസാണ് അതിന് ഊർജം പകരുന്നത്. വരും കാലങ്ങളിൽ യോസ്‌കോ ഗ്വാർഡിയോൾ, ഡൊമിനിക് ലിവകോവിച്ച് തുടങ്ങിയ ഭാവി താരങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് താരജാഡകളില്ലാതെ വീണ്ടും ക്രൊയേഷ്യ എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in