ഫോഡൻ ടീമിലെ സൂപ്പർ താരം, അടുത്ത കളിയിൽ ഉണ്ടാകും; ഇത് ഇംഗ്ലണ്ട് കോച്ചിന്റെ ഉറപ്പ്

ഫോഡൻ ടീമിലെ സൂപ്പർ താരം, അടുത്ത കളിയിൽ ഉണ്ടാകും; ഇത് ഇംഗ്ലണ്ട് കോച്ചിന്റെ ഉറപ്പ്

യുഎസുമായുള്ള കളിയിൽ ചില മാറ്റങ്ങൾ വേണമെന്ന് തോന്നിയത് കൊണ്ടാണ് മിഡ്ഫീൽഡിലെ സൂപ്പർ താരത്തെ മാറ്റി നിർത്തിയതെന്ന് സൗത്ത്ഗേറ്റ്
Updated on
1 min read

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഫിൽ ഫോഡന് അടുത്ത കളിയിയിൽ സ്ഥാനമുണ്ടാകുമെന്ന് ഇംഗ്ലണ്ട് കോച്ച് സൗത്ത്ഗേറ്റ്. മികച്ച ഫോമിലുള്ള ഫോഡനെ യുഎസ്എയ്ക്കെതിരായ കഴിഞ്ഞ മാച്ചിൽ ഇറക്കാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഫോഡനെ പോലൊരു മിഡ് ഫീൽഡറെ ബെഞ്ചിലിരുത്തിയത് കളിയെ സാരമായി ബാധിച്ചെന്ന അഭിപ്രായങ്ങളുയർന്ന സാഹചര്യത്തിലാണ് അടുത്ത കളിയിൽ ഫോഡൻ ഉണ്ടാകുമെന്ന ഉറപ്പുമായി സൗത്ത്ഗേറ്റ് രംഗത്തെത്തിയത്.

ഫോഡൻ ടീമിലെ സൂപ്പർ താരമാണെന്നതിൽ യാതൊരു തർക്കവുമില്ലെന്ന് സൗത്ത്ഗേറ്റ് പറഞ്ഞു. വെയിൽസുമായുള്ള കളിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടീം കോച്ച്. ഫോഡനെ രണ്ടാമത്തെ കളിയിൽ മനഃപൂർവം മാറ്റി നിർത്തിയതാണ്. എന്നാൽ അടുത്ത കളിയിൽ ടീമില്‍ അദ്ദേഹം പ്രധാന പങ്ക് വഹിക്കും.

യുഎസുമായുള്ള കളിയിൽ ചില മാറ്റങ്ങൾ വേണമെന്ന് തോന്നിയത് കൊണ്ടാണ് മിഡ്ഫീൽഡിലെ സൂപ്പർ താരത്തെ മാറ്റി നിർത്തിയത്. താരവുമായി യാതൊരു പ്രശ്നങ്ങളുമില്ല. ടീമിന് വേണ്ടി ഫോഡൻ ഒരുപാട് പ്രയത്നിക്കുന്നുണ്ട്. കൂടാതെ ഏത് വിങ്ങിലും കളിക്കാന്‍ കഴിയുന്ന താരമാണ് ഫോഡൻ. ഫാൾസ് നയൻ തന്ത്രത്തിലും അവനെ ഉപയോഗിക്കാം. വേണമെങ്കിൽ ഒരു സ്‌ട്രൈക്കറുടെ റോളിലും ഫോഡനെ ഉപയോഗിക്കാൻ കഴിയും -കോച്ച് പറഞ്ഞു.

ഇറാനെതിരായ ആദ്യ കളിയിൽ ഇംഗ്ലണ്ട് ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും ടീമെന്ന നിലയിൽ ഇംഗ്ലണ്ടിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. രണ്ടാമത്തെ കളിയിൽ യുഎസ്എ ലോകകപ്പ് ഫേവറൈറ്റുകളെ സമനിലയിൽ തളച്ചതോടെ വിമർശനം ശക്തമായി. ആദ്യ ഇലവനെ നിർണയിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്നും ഹാരി കെയ്ൻ ഫോമിൽ അല്ലാതിരുന്നിട്ടും ടീമില്‍ ഇടം പിടിക്കുന്നതിന് എതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം, 29ന് വെയ്ൽസിനെതിരെ നടക്കുന്ന അടുത്ത കളിയിൽ ചില മാറ്റങ്ങളോടെയാകും ത്രീ ലയൺസ് ഇറങ്ങുക എന്ന് സൗത്ത്ഗേറ്റ് സൂചിപ്പിച്ചു. ജൂഡ് ബെല്ലിംഗ്ഹാമിന് പകരം ജോർദാൻ ഹെൻഡേഴ്‌സൺ ബൂട്ടണിയുമെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ കളികളിൽ സ്ഥിരത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കളിക്കാരുടെ പ്ലേ ടൈമിന് ഉപരിയായി കളി വിജയിക്കുക എന്നതാണ് മുഖ്യമെന്നും സൗത്ത്ഗേറ്റ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in