പോർച്ചുഗലിന് ജയത്തുടക്കം; പോരാട്ടവീര്യം കൈവിടാതെ ഘാന
ആഫ്രിക്കന്‍ കരുത്തന്മാരായ ഘാനയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഒരുവേള പരിഭ്രമിച്ചെങ്കിലും ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. അടിക്ക് തിരിച്ചടിയെന്ന നിലയില്‍ അവസാന ഘട്ടത്തില്‍ കളിമുന്നേറിയപ്പോള്‍ 16 മിനുറ്റില്‍ പിറന്നത് നാല് ഗോളുകള്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡ് കുറിച്ച മത്സരത്തില്‍ രണ്ടാം പകുതിയുടെ അവസാനമാണ് ഗോളുകളത്രയും പിറന്നത്. ജൊയാവോ ഫെലിക്‌സ് റാഫേല്‍ ലിയാവോ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
മത്സരത്തില്‍ ഏറിയപങ്കും പോർച്ചുഗൽ പന്ത് കൈവശം വെച്ചെങ്കിലും ആദ്യ പകുതി വിരസമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെയാണ് പോര്‍ച്ചുഗല്‍ സ്‌കോറിങ് തുടങ്ങിയത്. സലിസുവിന്‌റെ ചലഞ്ചില്‍ റൊണാള്‍ഡോ വീണപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഘാനാ താരങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷം ക്രിസ്റ്റ്യാനോ കിക്ക് ഗോളാക്കി. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ഇതോടെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഇതോടെ റോണോയ്ക്ക് സ്വന്തം. ഓസ്‌ട്രോലിയയ്‌ക്കെതിരെ ജിറൂഡ് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ തിരുത്തിയത്.
ആദ്യഗോള്‍ പിറന്നതോടെ മത്സരത്തിന് വീറും വാശിയുമേറി. ഇരുഗോള്‍ മുഖങ്ങളിലേക്കും മാറിമാറി മുന്നേറ്റങ്ങള്‍ കണ്ടു. 73ാം മിനുറ്റില്‍ ആന്ദ്രെ അയൂ ഘാനയുടെ സമനില ഗോള്‍ കണ്ടെത്തി. അഞ്ച് മിനുറ്റിനിപ്പുറം ഫെലിക്‌സിലൂടെ പോര്‍ച്ചുഗലിന്‌റെ തിരിച്ചടി. 80ാം മിനുറ്റില്‍ ലിയാവോ പോര്‍ച്ചുഗല്‍ ലീഡ് വീണ്ടുമുയര്‍ത്തി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനുറ്റ് ഉള്ളപ്പോള്‍ ബുക്കാരിയിലൂടെ ഘാന രണ്ടാം ഗോള്‍ നേടി.
പിരിമുറുക്കമേറിയപ്പോള്‍ താരങ്ങളുടെ കയ്യാങ്കളിക്കും വാഗ്വാദങ്ങള്‍ക്കും കൂടി മത്സരം സാക്ഷിയായി. ഒന്‍പത് മിനുറ്റ് ആഡ് ഓണ്‍ സമയത്തില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഇരുടീമുകള്‍ക്കും പിന്നീട് ലക്ഷ്യം കാണാനായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ഉള്ളപ്പോൾ എതിരാളികൾക്ക് മുന്നിൽ പന്ത് കൈവിട്ട ഗോളി ഡീഗോ കോസ്റ്റയുടെ പിഴവ് പോർച്ചുഗൽ ആരാധകരുടെ ചങ്കിടിപ്പേറ്റി. എന്നാൽ പന്ത് തട്ടിയെടുത്ത ഇനാകി വില്യംസിന് ഘാനാ പ്രതീക്ഷ നിറവേറ്റാനായില്ല.