എല്ലാം മറക്കാന്‍ ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗലും; കുത്തിനോവിക്കാന്‍ ഘാന

എല്ലാം മറക്കാന്‍ ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗലും; കുത്തിനോവിക്കാന്‍ ഘാന

സീസണില്‍ മോശം ഫോമിലുള്ള റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേദിയില്‍ തന്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള അവസാന അവസരം കൂടിയാണ് ഈ ലോകകപ്പ്.
Updated on
1 min read

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം എന്ന സ്വപ്‌നത്തിലേക്ക് ഒരിക്കല്‍ക്കൂടി ബൂട്ടുകെട്ടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇന്നിറങ്ങും. ഗ്രൂപ്പ് എച്ചില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പറങ്കിപ്പട ആഫ്രിക്കന്‍ ശക്തികളായ ഘാനയുമായി ഏറ്റുമുട്ടും. ദോഹ റാസ് അബു അബൗദിലുള്ള സ്‌റ്റേഡിയം 974-ല്‍ രാത്രി 9:30 മുതലാണ് മത്സരം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന റൊണാള്‍ഡോയാകും ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. വിഖ്യാത സ്‌പോര്‍ട്‌സ് ലേഖകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖം വിവാദമാകുകയും തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്താകുകയും ചെയ്ത റൊണാള്‍ഡോയിലേക്കാകും എല്ലാ കണ്ണുകളും ഉറ്റുനോക്കുക.

സീസണില്‍ മോശം ഫോമിലുള്ള റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേദിയില്‍ തന്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാനുള്ള അവസാന അവസരം കൂടിയാണ് ഈ ലോകകപ്പ്. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ചുഗലിന് എടുത്തു പറയാന്‍ ഏറെയൊന്നുമില്ല. 1966-ലും 2006-ലും സെമിഫൈനലില്‍ കടന്നതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. അവസാന അഞ്ചു ലോകകപ്പുകളില്‍ നാലിലും പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല. ഇക്കുറി അതിന് മറ്റം വരുത്താനാണ് പറങ്കിപ്പടയുടെ ശ്രമം.

മികച്ച താരനിരയുമായാണ് പറങ്കികളുടെ വരവ്. ഇതിഹാസ താരം ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യുനോ മെന്‍ഡസ്, റൂബന്‍ ഡയസ്, റൂയി പട്രീഷ്യോ, പെപ്പെ, ബെര്‍നാഡോ സില്‍വ, യോവ കാന്‍സെലോ എന്നിവരൊക്കെ ചേരുമ്പോള്‍ കിരീട സാധ്യതയുള്ള ടീമായി പോര്‍ച്ചുഗല്‍ മാറും.

എന്നാല്‍ മുന്‍നിര ടീമുകളിലൊന്നായിട്ടും യൂറോപ്യന്‍ യോഗ്യത റൗണ്ടില്‍ നിന്ന് നേരിട്ട് ഫൈനല്‍ റൗണ്ടിലെത്താന്‍ സാധിക്കാതിരുന്ന ടീമാണ് പോര്‍ച്ചുഗല്‍. പ്ലേ ഓഫില്‍ ഇറ്റലിയെ നേരിടേണ്ടി വരുമെന്ന അവസ്ഥയില്‍ നിന്ന് ഇറ്റലിയെ അട്ടിമറിച്ച നോര്‍ത്ത് മാസിഡോണിയ തോല്‍പ്പിച്ച് അവസാന ബസിലാണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് എത്തിയത്.

വന്‍ താരനിര ഉണ്ടായിട്ടും കഴിഞ്ഞ യൂറോ കപ്പില്‍ ഒരു കളിയാണ് അവര്‍ ജയിച്ചത്. നേഷന്‍സ് ലീഗില്‍ സ്‌പെയിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകാനേ കഴിഞ്ഞുള്ളു. ഈ റെക്കോഡുകള്‍ എല്ലാമായാണ് അവര്‍ ഖത്തറില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുക. ഈ പിഴവുകള്‍ എല്ലാം മാറ്റി മികച്ച ജയത്തോടെ തുടങ്ങാമെന്നാണ് ക്രിസ്റ്റ്യാനോയും സംഘവും പ്രതീക്ഷ പുലര്‍ത്തുന്നത്.

മറുവശത്ത് ആഫ്രിക്കന്‍ കരുത്തരായ ഘാന അവസാന സെക്കന്‍ഡ് വരെ പൊരുതാന്‍ ഉറച്ച് കളത്തിലിറങ്ങുന്നവരുടെ ഒരു സംഘമാണ്. യുറോപ്യന്‍ മുന്‍നിര ലീഗുകളില്‍ കളിക്കുന്ന ഇനാകി വില്യംസ്, തോമസ് പാര്‍ടി, മുഹമ്മദ് സലിസു തുടങ്ങി ഒരുപിടി മിന്നും താരങ്ങളുടെ ബൂട്ടുകളിലാണ് അവരുടെ പ്രതീക്ഷ.

2010 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നതാണ് ഘാനയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഷൂട്ടൗട്ടില്‍ യുറുഗ്വായോടു തോറ്റാണ് അവര്‍ പുറത്തായത്. നിശ്ചിത സമയത്ത് ഘാനയുടെ ഗോളെന്നുറച്ച ഷോട്ട് യുുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് കൈ കൊണ്ട് തടുത്തതാണ് അവര്‍ക്ക് അന്ന് തിരിച്ചടിയായത്.

logo
The Fourth
www.thefourthnews.in