ചരിത്രം തിരുത്തി മുന്നേറണം; പോർച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും നേര്‍ക്കുനേര്‍
ലോകകപ്പ് കിരീടം തേടിയുള്ള യാത്രയിൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ജയം തേടി പോർച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ന് കളത്തിൽ. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന് (1954) ശേഷം പ്രീ ക്വാർട്ടർ ജയിക്കാൻ സ്വിറ്റ്‌സര്‍ലന്‍ഡിനോ, 2006ന് ശേഷം പോർച്ചുഗലിനോ സാധിച്ചിട്ടില്ല. ചരിത്രം തിരുത്താനുറച്ചാകും ഇരു ടീമുകളും ലുസെയ്ല്‍ മൈതാനത്ത് ഇറങ്ങുക. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരം.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയോടേറ്റ അപ്രതീക്ഷിത തോൽവിയുമായാണ് പറങ്കികൾ പ്രീ ക്വാർട്ടറിൽ ഇറങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കാര്യമായി ശോഭിക്കാൻ സാധിക്കാത്ത ടൂർണമെന്റിൽ ബ്രൂണോ ഫെർണാണ്ടസ് എന്ന കഠിനാധ്വാനിയുടെ മികവിലാണ് പോർച്ചുഗൽ പ്രതീക്ഷ അർപ്പിക്കുന്നത്. സമ്പന്നമായ മധ്യ നിരയുണ്ടെങ്കിലും കളിക്കളത്തിൽ അത് മുതലാക്കാൻ പോർച്ചുഗലിന് ഇതുവരെ സാധിച്ചിട്ടില്ല. ആക്രമണത്തിന് പ്രാധാന്യം നൽകുന്ന 4-3-1-2 ശൈലിയിൽ ആകും സ്വിസ്സ് പടയ്ക്കെതിരെ പോർച്ചുഗലിന്റെ തന്ത്രങ്ങൾ.
ഖത്തറില്‍ കാമറൂണിനെതിരെ ജയിച്ചായിരുന്നു സ്വിസ്പ്പടയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബ്രസീലിനോട് തോറ്റു. എന്നാല്‍ അവസാന മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. അതിന്റെ ആവേശത്തിലാണ് ഷാക്കയും കൂട്ടരും. യുവതാരം ബ്രീൽ എംബോളോയുടെ ഫോമിനൊപ്പം വെറ്ററൻ ഷാക്കീരിയും സ്കോർ ചെയ്തത് സ്വിസ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു. ആദ്യ മത്സരങ്ങളിൽ പ്രതിരോധിച്ച് കളിച്ച മുറാത്ത് യാക്കിന്റെ കുട്ടികൾ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ ആക്രമണവും തങ്ങൾക്ക് വഴങ്ങുമെന്നും തെളിയിച്ചു.
പോര്‍ച്ചുഗലുമായി അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം സ്വിസ്പ്പടയ്ക്കായിരുന്നു. യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിന്റെ ജയം. ഇതും നിര്‍ണായക മത്സരത്തില്‍ സ്വിസ് ടീമിന് ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമാകും.
യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ന്യൂനോ മെൻഡസിന്റെ സേവനം ഈ മത്സരത്തിലും പോർച്ചുഗലിന് ലഭിക്കില്ല. പരുക്കിൽ നിന്നും മുക്തനാകുന്ന ഒട്ടാവിയോയുടെ കാര്യവും സംശയത്തിലാണ്. അസുഖം മൂലം സെർബിയയ്‌ക്കെതിരായ മത്സരം നഷ്ടമായ ഒന്നാം നമ്പർ ഗോളി യാൻ സോമർ സ്വിസ്സ് നിരയിലേക്ക് മടങ്ങിയെത്തും.
25 തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. പതിനൊന്ന് ജയങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ് കണക്കിൽ മുന്നിട്ടുനിൽക്കുന്നു. പോർച്ചുഗലിന് അവകാശപ്പെടാൻ ഒൻപത് ജയങ്ങൾ മാത്രമാണുള്ളത്, അഞ്ച് കളികൾ സമനിലയിലായി.