പുലിസിച്ചിന്റെ ബോംബിങ്; ഇറാന്‍ കീഴടക്കി യാങ്കികള്‍ നോക്കൗട്ടില്‍

പുലിസിച്ചിന്റെ ബോംബിങ്; ഇറാന്‍ കീഴടക്കി യാങ്കികള്‍ നോക്കൗട്ടില്‍

മത്സരത്തിന്റെ ആദ്യ പകുതിയില്‍ 38-ാം മിനിറ്റില്‍ പുലിസിച്ച് നേടിയ ഗോളാണ് ഇറാന്റെ വിധിയെഴുതിയത്.
Updated on
1 min read

നിര്‍ണായക മത്സരങ്ങളില്‍ പുലിയുടെ വീര്യം പുറത്തെടുക്കുന്ന പതിവ് ക്രിസ്റ്റിയന്‍ പുലിസിച്ച് ആവര്‍ത്തിച്ചു. അവസരത്തെിനൊത്തുയര്‍ന്ന സൂപ്പര്‍ താരത്തിന്റെ മിന്നുന്ന ഗോളില്‍ ഇറാനെതിരായ ജീവന്മരണപ്പോരാട്ടം ജയിച്ച് യുഎസ്എ ഖത്തര്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്നു.

അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുഎസിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 38-ാം മിനിറ്റില്‍ പുലിസിച്ച് നേടിയ ഗോളാണ് ഇറാന്റെ വിധിയെഴുതിയത്. നോക്കൗട്ട് ഉറപ്പാക്കാന്‍ ഒരു സമനില മാത്രം മതിയായിരുന്നു ഏഷ്യന്‍ ടീമിന്. എന്നാല്‍ ശേഷിച്ച മിനിറ്റുകളില്‍ കിണഞ്ഞു പൊരുതിയെങ്കിലും അവര്‍ക്ക് ഒപ്പമെത്താനായില്ല.

കളിയേക്കാളുപരി ഏറെ രാഷ്ട്രീയ മാനങ്ങളുണ്ടായിരുന്ന മത്സരമാണ് ഇറാനും യുഎസും തമ്മില്‍ നടന്നത്. നാലു പതിറ്റാണ്ടായി തുടരുന്ന ശീതയുദ്ധത്തിനിടെയുള്ള പോരാട്ടം ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു. ഇറാന് ഒരു സമനില മാത്രം മതിയായിരുന്നെങ്കില്‍ യുഎസിന് ജയത്തില്‍ കുറഞ്ഞൊന്നും ആശ്വാസം പകുരുമായിരുന്നില്ല.

അതിനാല്‍ തന്നെ ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിക്കുന്ന തന്ത്രമാണ് യുഎസ് പയറ്റിയത്. ആദ്യ മിനിറ്റില്‍ ഒരു ഫ്രീകിക്ക് നേടിയതൊഴിച്ചാല്‍ ഇറാന് ആദ്യ പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ യുഎസ് ആകട്ടെ നിരന്തം ഇറാന്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 11-ാം മിനിറ്റിലും 24 -ാം മിനിറ്റിലും അവര്‍ ഗോളിന് അടുത്തെത്തുകയും ചെയ്തു.

ഒടുവില്‍ 38-ാം മിനിറ്റിലാണ് അവര്‍ കാത്തിരുന്ന നിമിഷമെത്തിയത്. വലതു വിങ്ങില്‍ നിന്ന് സെര്‍ജിനോ ഡെസ്റ്റ് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. മധ്യവരയില്‍ നിന്ന് പന്തുമായി ബോക്‌സിന്റെ വലതു വശത്തേക്ക് ഓടിക്കയറി ഡെസ്റ്റ് നല്‍കിയ ക്രോസ് രണ്ട് ഇറാന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് പുലിസിച്ച് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ നേടുന്നതിനിടെ ഇറാന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു വീണു പരുക്കേറ്റ പുലിസിച്ച് ഏറെ നേരത്തെ പരിശോധനകള്‍ക്കു ശേഷമാണ് വീണ്ടും കളത്തിലിറങ്ങിയത്. ആദ്യപകുതി അവസാനിക്കും മുമ്പ് യുവതാരം തിമോത്തി വിയ വീണ്ടും ഇറാന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

പരുക്കേറ്റ പുലിസിച്ചിനെ ബെഞ്ചിലിരുത്തിയാണ് രണ്ടാം പകുതിയില്‍ യുഎസ് ഇറങ്ങിയത്. ഇടവേളയ്ക്കു ശേഷം കൂടുതല്‍ ആക്രമണവീര്യത്തോടെ കളിക്കുന്ന ഇറാനെയാണ് കണ്ടത്. എന്നാല്‍ കെട്ടുറപ്പോടെ നിന്ന യുഎസ് പ്രതിരോധ നിര യാതൊരുവിധ പഴുതും അനുവദിക്കാതെ ഇറാന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി. അതോടെ ഒരു ഗോള്‍ ജയവുമായി യുഎസ് നോക്കൗട്ടില്‍ കടന്നു. ഡിസംബര്‍ മൂന്നിന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എ ജേതാക്കളായ ഹോളണ്ടാണ് യുഎസിന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in