ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം കുടിയേറ്റ തൊഴിലാളികള്‍; വെളിപ്പെടുത്തി സംഘാടക സമിതി

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം കുടിയേറ്റ തൊഴിലാളികള്‍; വെളിപ്പെടുത്തി സംഘാടക സമിതി

ലോകകപ്പ് സ്റ്റേഡിയം ഉള്‍പ്പെടെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചതായി ഗാർഡിയൻ ഉൾപ്പെടെ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
Updated on
1 min read

ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഏകദേശ കണക്ക് പുറത്തുവിട്ട് ഖത്തർ. ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ഹസ്സൻ അൽ-തവാദി, ബ്രിട്ടീഷ് ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിലായി 400നും 500നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് അൽ-തവാദി പറയുന്നത്. എന്നാൽ കൃത്യമായ കണക്കുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനെ കുറിച്ചുള്ള ചർച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം കുടിയേറ്റ തൊഴിലാളികള്‍; വെളിപ്പെടുത്തി സംഘാടക സമിതി
ലോകകപ്പിന് മുന്നോടിയായി ദോഹയില്‍നിന്ന് വിദേശ തൊഴിലാളികളെ ഒഴിപ്പിച്ചു; തല ചായ്ക്കാന്‍ ഇടമില്ലാതെ ആയിരങ്ങള്‍

കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളും മരണവും സംബന്ധിച്ച് നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായാണ് സംഘാടക സമിതിയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.

ലോകകപ്പിന് വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചതായി ഗാർഡിയൻ ഉൾപ്പെടെ വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഖത്തർ അത് നിഷേധിച്ചിരുന്നു. 2014ൽ സ്റ്റേഡിയം നിർമാണം ആരംഭിച്ച ശേഷം നാല്പത് പേർ മാത്രമേ ജോലി സംബന്ധമായി മരിച്ചിട്ടുള്ളു എന്നായിരുന്നു ഖത്തറിന്റെ പ്രതികരണം. ആ വാദമാണ് അൽ തവാദിയുടെ വെളിപ്പെടുത്തലോടെ പൊളിയുന്നത്. അനവധി ആരോപണങ്ങൾക്ക് കേട്ട ഖത്തർ ഇതോടെ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 6,500-ലധികം കുടിയേറ്റ തൊഴിലാളികൾ 2011നും 2020നും ഇടയിൽ ഖത്തറിൽ മരിച്ചുവെന്ന് കഴിഞ്ഞ വർഷം 'ദി ഗാർഡിയൻ' ആരോപിച്ചിരുന്നു. ലോകകപ്പ് തയ്യാറെടുപ്പിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചകൾ, നിരവധി കുടുംബങ്ങൾ ഇപ്പോഴും സത്യത്തിനും നീതിക്കും വേണ്ടി കാത്തിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തെ തുറന്നുകാട്ടുന്നതായി അന്താരാഷ്ട്ര എൻജിഒ ആംനസ്റ്റി ഇന്റർനാഷണലിന്റെ സാമ്പത്തിക, സാമൂഹിക നീതി മേധാവി സ്റ്റീവ് കോക്ക്ബേൺ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളാണ് ശവപ്പെട്ടികളിൽ വീട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം കുടിയേറ്റ തൊഴിലാളികള്‍; വെളിപ്പെടുത്തി സംഘാടക സമിതി
ഖത്തറിലെ ലോകകപ്പിന് എത്ര മനുഷ്യജീവിതങ്ങളുടെ വിലയുണ്ട്?

2010ലാണ് 2022ലെ ലോകകപ്പ് വേദിയായി ഖത്തറിനെ തിരഞ്ഞെടുക്കുന്നത്. തൊട്ടടുത്ത വർഷം മുതൽ സ്റ്റേഡിയത്തിന്റെ നിർമാണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഖത്തറിലെത്തിയത്. അന്നുമുതൽ, തൊഴിലാളികളുടെ തൊഴിൽ-ജീവിത സാഹചര്യങ്ങൾ സംബന്ധിച്ച ആക്ഷേപങ്ങളും ആശങ്കകളും ഉയർന്നുകേട്ടിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നപ്പോഴും ഫിഫയും ഖത്തറും മൗനം പാലിച്ചിരുന്നു. എന്നാൽ തൊഴിലാളികളുടെ മരണം ഉൾപ്പെടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരുന്നു. അതിലെ ഏറ്റവും വെളിപ്പെടുത്തലാണ് അൽ-തവാദിയില്‍ നിന്നുണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in