ആഘോഷങ്ങള്‍ അതിരുവിടുന്നോ? കളിക്കളത്തിന് പുറത്തും എംബാപ്പെയെ വിടാതെ പിന്തുടര്‍ന്ന് മാര്‍ട്ടിനസ്
ലോകകപ്പ് അര്‍ജന്റീനയിലെത്തിയിട്ടും അതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തിയ അര്‍ജന്റീനയ്‌ക്കെതിരെ ലോകത്തിന്റെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. എംബാപ്പെയെ പിന്തുണച്ചും തള്ളിപ്പറഞ്ഞുമൊക്കെയുള്ള പോസ്റ്റുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറയുകയാണ്. ടീമിന്റെ വിജയാഘോഷങ്ങളില്‍ പോലും അര്‍ജന്റീന ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് എംബാപ്പെയെ വിടാതെ പിന്തുടരുന്നതിനുള്ള കാരണം എന്താണ്?
കറുപ്പും വെളുപ്പും മനുഷ്യനെ എത്രമത്രം അസ്വസ്ഥമാക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളില്‍ നാം കാണുന്നത്. എംബാപ്പെയുടെ തൊലിയുടെ നിറം പറഞ്ഞു കൊണ്ടുള്ള വംശീയാധിക്ഷേപങ്ങള്‍ ലോകം മുഴുവനും കണ്ടു കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എംബാപ്പെ ലാറ്റിനമേരിക്കന്‍ ടീമുകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. യൂറോപ്യന്‍ ഫുട്‌ബോളിനേക്കാള്‍ എത്രയോ താഴെയാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ എന്ന തരത്തിലായിരുന്നു എംബാപ്പെയുടെ പ്രസ്താവന.
ഫ്രാന്‍സുമായുള്ള ലോകകപ്പ് കലാശപ്പോരാട്ടത്തിന് മുന്‍പ് തന്നെ അര്‍ജന്റീന സ്‌ട്രൈക്കര്‍ ആയ ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസും എംബാപ്പെയ്ക്ക് മറുപടിയുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ അര്‍ജന്റീന കാവല്‍ക്കാരന്റെ കലി അവിടം കൊണ്ടൊന്നും തീര്‍ന്നില്ല എന്നതാണ് സത്യം. അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ എത്തിച്ചത് എംബാപ്പെയാണ്. എംബാപ്പെയുടെ സ്‌കോറിങിനെ തടയാനും എമി മാര്‍ട്ടിനസിന് കഴിയാതെ പോയി. ഈ കാരണങ്ങളൊക്കെത്തന്നെ മാര്‍ട്ടിനസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കാം. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കപ്പ് സ്വന്തമാക്കിയ അര്‍ജന്റീനയുടെ ആഘോഷത്തിനിടയിലേക്കും മാര്‍ട്ടിനസ് ഇടയ്ക്കിടെ എംബാപ്പെയുടെ പേര് വലിച്ചിഴച്ചുകൊണ്ടിരുന്നു.
അര്‍ജന്റീനയുടെ സ്വപ്‌ന സാഫല്യമായിരുന്നു ഈ ലോകകപ്പ് നേട്ടം. ആഘോഷവും അത്രത്തോളം വലുതായിരുന്നു. കളി കഴിഞ്ഞ് ഡ്രസിങ് റൂമില്‍ നടന്ന ആഹ്ളാദ പ്രകടനത്തിനിടയിലും അര്‍ജന്റീനയുടെ വിജയശില്പിമാരിലൊരാളായ എമിലിയാനോ മാര്‍ട്ടിനസ് എംബാപ്പെയെ കളിയാക്കുന്ന വീഡിയോ വൈറലായിരുന്നു. കളിക്കാര്‍ വരിവരിയായി നിന്ന് നൃത്തം ചെയ്യുന്നതിനിടെ ''എംബാപ്പെക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കൂ'' എന്നാണ് മാര്‍ട്ടിനസ് സഹ കളിക്കാരോട് പറഞ്ഞത്. കളിയാക്കലും അധിക്ഷേപവും മാര്‍ട്ടിനെസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. തോല്‍വിയിലും തല ഉയര്‍ത്തി നിന്ന എംബാപ്പെയ്ക്ക് ഒരു തരത്തിലും സ്വസ്ഥത കൊടുക്കാന്‍ അര്‍ജന്റീനക്കാര്‍ തയ്യാറായില്ല.
അര്‍ജന്റീനയിലെ ആരാധകരുടെ ആഘോഷപ്രകടനങ്ങള്‍ ഇത്തിരി അതിരു കടന്നോ എന്നതില്‍ സംശയമില്ല. എംബാപ്പെയുടെ കോലം കത്തിച്ചും, താരത്തിന്റെ ചിത്രങ്ങള്‍ ശവപ്പെട്ടിയില്‍ വച്ചുമൊക്കെയായിരുന്നു അവര്‍ വിജയമാഘോഷിച്ചത്, അതും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ. മാതൃ രാജ്യത്ത് തിരിച്ചെത്തിയ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാര്‍ക്ക് അര്‍ജന്റീനക്കാര്‍ ഗംഭീര സ്വീകരണം തന്നെ ഒരുക്കി. എന്നാല്‍ അതിനിടയിലും എംബാപ്പെയെ പിടിച്ചിടാന്‍ മാര്‍ട്ടിനസ് മറന്നില്ല. ഇത്തവണ എംബാപ്പെയെ ചെറിയ കുഞ്ഞിനോട് ഉപമിച്ചായിരുന്നു പരിഹാസം. ഒരു പാവയുടെ മുകളില്‍ എംബാപ്പെയുടെ ചിത്രം വച്ച് മാര്‍ട്ടിനസ് ആരാധകര്‍ക്ക് 'ആവേശം' പകര്‍ന്നു. മാര്‍ട്ടിനസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ഒട്ടേറെപ്പേരാണ് രംഗത്തെത്തുന്നത്.
ആഘോഷത്തിമിര്‍പ്പിന്റെ അത്യുന്നതിയില്‍ സ്വയം ബോധം നഷ്ടപ്പെട്ടു പോയതു കൊണ്ടാണോ ഇത്തരം പ്രകടനങ്ങള്‍ എന്ന് അറിയില്ല. എന്തൊക്കെ ആയാലും പക്വതയില്ലാത്ത ഇത്തരം പ്രകടനങ്ങള്‍ കൊണ്ട് ആ വന്‍ വിജയത്തിന്റെ മാറ്റ് കുറയുകയേ ഉള്ളൂ. വംശീയാധിക്ഷേപങ്ങളും പരിധി വിട്ട പരിഹാസങ്ങളും കാല്പന്തുകളിക്ക് യോജ്യമല്ല. കളിക്കളത്തിന് പുറത്ത് നിന്നുള്ള വെല്ലുവിളികള്‍ പലതും മൈതാനത്ത് വച്ച് കളിച്ച് തീര്‍ക്കുന്ന സുന്ദര നിമിഷങ്ങള്‍ ഫുട്‌ബോളിന്റെ മാത്രം പ്രത്യേകതയാണെന്നിരിക്കെ ഇത്തരം ചില സംഭവങ്ങള്‍ ആ സൗന്ദര്യം നഷ്ടപ്പെടുത്തുകയാണ്. ഇതിനെതിരെ അര്‍ജന്റീന ആരാധകര്‍ പോലും രംഗത്തെത്തുന്നുണ്ട്
വംശീയാധിക്ഷേപം നടത്തുന്നതില്‍ മലയാളികളും ഒട്ടും പിന്നിലല്ലായെന്ന് തെളിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഈ ദിവസങ്ങളില്‍ കണ്ടു.വര്‍ണത്തിന്റെയും ദേശീയതയുടെയും പേരിലുള്ള അധിക്ഷേപങ്ങളെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്ന തരംതാഴല്‍ മലയാളികള്‍ മുന്‍പും കണ്ടിട്ടുള്ളതാണല്ലോ!