വാ പൊത്തി പ്രതിഷേധത്തിൽ 
ഭിന്നത; അനൈക്യം ജർമനിക്ക് വിനയായി!

വാ പൊത്തി പ്രതിഷേധത്തിൽ ഭിന്നത; അനൈക്യം ജർമനിക്ക് വിനയായി!

പ്രതിഷേധം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നെന്ന് സമ്മതിച്ച് ഒലിവർ ബിർഹോഫ്
Updated on
2 min read

ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ചാമ്പ്യന്മാരായ ജര്‍മനി പുറത്തായത് ഇപ്പോഴും അവിശ്വസനീയമാണ് ആരാധകര്‍ക്ക്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങിയെങ്കിലും ജര്‍മനിയുടെ പുറത്താകലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിലയ്ക്കുന്നില്ല. ഫിഫയ്‌ക്കെതിരെ മൈതാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി ജര്‍മന്‍ ടീം വാര്‍ത്തയായിരുന്നു. എന്നാല്‍ മുഖംപൊത്തി പ്രതിഷേധിച്ച നടപടിയില്‍ ടീമില്‍ എതിര്‍ശബ്ദമുണ്ടായിരുന്നുവെന്നും അനൈക്യമാണ് ടീമിന് വിനയായതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജർമൻ ടീമിന്റെ പ്രതിഷേധം
ജർമൻ ടീമിന്റെ പ്രതിഷേധം

മഴവില്‍ നിറമുള്ള വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ നായകന്മാരെ ഫിഫ അനുവദിക്കാത്തതിനെതിരെയായിരുന്നു ജര്‍മന്‍ ടീമിന്‌റെ പ്രതിഷേധം. ജപ്പാനെതിരായ ആദ്യ മത്സരത്തിന് മുന്‍പുള്ള ടീം ഫോട്ടോയില്‍ വാ പൊത്തിപ്പിടിച്ചാണ് ടീം പോസ് ചെയ്തത്. രാഷ്ട്രീയ നിലപാട് പ്രഖ്യാപനമല്ല ഉദ്ദേശ്യം, മനുഷ്യാവകാശ വിഷയങ്ങളില്‍ നിരുപാധികം നിലപാടെടുക്കണം. അതിനാലാണ് ഈ സന്ദേശം പ്രാധാന്യം അര്‍ഹിക്കുന്നതെന്നായിരുന്നു പ്രതിഷേധത്തില്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയത്.

ജര്‍മന്‍ ടീമിന്‌റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ വന്നും. മുന്‍താരം ഓസിലിനോടുള്ള ടീമിന്‌റെ സമീപനം വരെ ചര്‍ച്ചയായി. ആദ്യമത്സരത്തില്‍ ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ വാ പൊത്തിപ്പിടിച്ച ചിത്രം വലിയ ട്രോളുമായി. എന്നാല്‍ പ്രതിഷേധത്തില്‍ ടീം രണ്ട് തട്ടിലായിരുന്നു എന്നാല്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഷേധം ടീമില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ ഒഴിവക്കണമെന്നുമായിരുന്നു ഒരു വിഭാഗം കളിക്കാരുടെ നിലപാട്. ഫെഡറേഷന്‌റെ താത്പര്യങ്ങള്‍ക്കായി കളിക്കാരെ ഉപയോഗിച്ചുവെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. ജപ്പാനെതിരായ മത്സരത്തിന് തൊട്ട് മുന്‍പ് പോലും വിഷയത്തില്‍ അഭിപ്രായ സമന്വയത്തിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധം ടീമിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കിയെന്ന് ടീം ചുമതലയുള്ള ളിവര്‍ ബിര്‍ഹോഫ് സമ്മതിച്ചു. എന്നാല്‍ ടീമിന്‌റെ നേരത്തെയുള്ള പുറത്താകലിന് ഇത് ബാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്‌റെ നിലപാട്. വണ്‍ ലവ് ആം ബാന്‍ഡുമായി ബന്ധപ്പെട്ട വിഷയം കുറച്ചുകൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാരെല്ലാം ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നും. തോല്‍വിയില്‍ ആരെയും പഴിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന മത്സരത്തിൽ കോസ്റ്റാറീക്കയോട് ജയിച്ചെങ്കിലും സ്പെയിനിനെ ജപ്പാൻ തോൽപ്പിച്ചതോടെ ജർമനിയുടെ ലോകകപ്പ് സാധ്യതകൾ അവസാനിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in