റെക്കോർഡ് റോണോ; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം

റെക്കോർഡ് റോണോ; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം

ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും മത്സരത്തിൽ റോണോ നേടി
Updated on
1 min read

സ്റ്റേഡിയം 974ൽ അറുപത്തിയഞ്ചാം മിനുറ്റിൽ ഘടികാരങ്ങൾ നിലച്ചു. ഘാനയുടെ ഗോൾ വല ചലിപ്പിച്ച് പറങ്കികളുടെ വീരനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ രചിച്ചത് പുതു ചരിത്രം. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരമെന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും മത്സരത്തിൽ റോണോ നേടി.

ഇരുപത്തിയൊന്നാം വയസിൽ ലോകകപ്പിൽ ഗോൾ നേടി തുടങ്ങിയ റൊണാൾഡോ, 37ാം വയസിലും ഗോളടി തുടരുകയാണ്. 2006ൽ ജർമനിയിൽ ഇറാനെതിരെയായിരുന്നു റൊണാൾഡോയുടെ ആദ്യ ലോകകപ്പ് ഗോൾ. തുടർന്ന് 2010,2014,2018 ലോകകപ്പുകളിലും റൊണാൾഡോയുടെ ബൂട്ട് രാജ്യത്തിനായി ലക്ഷ്യം കണ്ടു. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിനെതിരെ നേടിയ ഹാട്രിക്ക് അടക്കം ലോകകപ്പിൽ ആകെ നേടിയത് എട്ട് ഗോൾ. രാജ്യത്തിനായി ക്രിസ്റ്റ്യാനോ നേടുന്ന 118ാം ഗോളായാരുന്നു ഇന്നത്തേത്.

പോർചുഗലിനായി ലോകകപ്പിൽ കൂടുതൽ ഗോളുകളെന്ന റെക്കോർഡ് മറികടക്കാൻ റൊണാൾഡോയ്ക്ക് രണ്ട് ഗോളുകൾ കൂടെ വേണം. ഒമ്പത് ഗോളുകൾ നേടിയ ഇതിഹാസ താരം യൂസേബിയോയുടെ പേരിലാണ് നിലവിലെ റെക്കോർഡ്. കാമറൂൺ താരം റോജർ മില്ലയുടെ പേരിലാണ് ലോകകപ്പിലെ പ്രായം കൂടിയ ഗോൾ സ്‌കോററുടെ റെക്കോർഡ്. ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഒലിവർ ജിറൂഡ് സ്വന്തമാക്കിയിരുന്നു. ഇത് തിരുത്തിയാണ് റോണോ ആ നേട്ടം സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in