മെസിയുടെ കാര്യത്തില്‍ ഹാപ്പി; അര്‍ജന്റീന കപ്പുയര്‍ത്തിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും: റൊണാള്‍ഡോ

മെസിയുടെ കാര്യത്തില്‍ ഹാപ്പി; അര്‍ജന്റീന കപ്പുയര്‍ത്തിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും: റൊണാള്‍ഡോ

ഫുട്‌ബോളിനെ കാല്‍പ്പനികമായാണ് നോക്കിക്കാണുന്നത്. ആര് ചാമ്പ്യന്മാരായാലും സന്തോഷിക്കുമെന്ന് റൊണാള്‍ഡോ
Updated on
1 min read

ലോകകപ്പിന്റെ പുതിയ കിരീടാവകാശിയിലേക്ക് ഇനി മൂന്ന് മത്സരങ്ങളുടെ അകലം മാത്രം. അവസാന നാലിലേക്ക് മത്സരങ്ങള്‍ എത്തുമ്പോള്‍, രണ്ട് യൂറോപ്യന്‍ ടീമുകളും ഓരോ ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ ടീമും കിരീടപ്പോരിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അര്‍ജന്റീനയും കന്നിക്കിരീടത്തില്‍ കണ്ണുനട്ട് ക്രൊയേഷ്യയും മൊറോക്കോയും എത്തുമ്പോള്‍ പോരാട്ടം മുറുകും. ഗ്രൂപ്പ് ഘട്ടം മുതല്‍ അട്ടിമറികള്‍ കണ്ട ഖത്തറിലെ അവസാന ചിരി ആരുടേതായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യം. എന്നാല്‍, അര്‍ജന്റീന കപ്പ് ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ മുന്‍ താരം റൊണാള്‍ഡോ നസാരിയോ. അര്‍ജന്റീന ലോകകപ്പ് നേടുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാല്‍ അത് ആത്മവഞ്ചനയായിപ്പോകും എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളായ ബ്രസീല്‍ പുറത്തായ സാഹചര്യത്തില്‍, ലയണല്‍ മെസിക്കും അര്‍ജന്റീനയ്ക്കുമുള്ള സാധ്യതകളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. ''എല്ലാ ബ്രസീല്‍കാര്‍ക്കുമായി എനിക്ക് ഉത്തരം പറയാനാകില്ല. പക്ഷേ, എന്റെ മറുപടി പറയാം. മെസിയുടെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനായിരിക്കും. എന്നാല്‍, ഫുട്‌ബോളില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള വൈരം നിങ്ങള്‍ക്കെല്ലാം അറിയാവുന്നതിനാല്‍, അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയായിപ്പോകും. തീര്‍ച്ചയായും ഫുട്‌ബോളിനെ കാല്‍പ്പനികമായാണ് ഞാന്‍ നോക്കിക്കാണുന്നത്. ആര് ചാമ്പ്യന്മാരായാലും ഞാന്‍ സന്തോഷിക്കും''-റൊണാള്‍ഡോ പറഞ്ഞു.

മെസിയുടെ കാര്യത്തില്‍ ഹാപ്പി; അര്‍ജന്റീന കപ്പുയര്‍ത്തിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും: റൊണാള്‍ഡോ
മെസിയുടെ അര്‍ജന്റീനയും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും; സെമിയില്‍ പോരടിക്കുന്ന രണ്ട് സ്വപ്‌നങ്ങള്‍

ഖത്തറില്‍ കിരീടസാധ്യതയുള്ള ടീമുകളില്‍ മുന്നിലായിരുന്നു ബ്രസീലിന്റെ സ്ഥാനം. എന്നാല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് കാലിടറി. ഷൂട്ടൗട്ടിലായിരുന്നു തോല്‍വി. ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തകര്‍ത്ത ക്രൊയേഷ്യയോടാണ് അര്‍ജന്റീന ഏറ്റുമുട്ടുന്നത്. നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ഫൈനലില്‍ കടന്നത്. ചൊവാഴ്ച പുലര്‍ച്ചെ 12.30ന് ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം.

logo
The Fourth
www.thefourthnews.in