സ്വിറ്റ്സർലൻഡിനെതിരെ ക്രിസ്റ്റ്യാനോ ബെഞ്ചിലിരിക്കും

സ്വിറ്റ്സർലൻഡിനെതിരെ ക്രിസ്റ്റ്യാനോ ബെഞ്ചിലിരിക്കും

ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തന്ത്രപരമായ നീക്കമെന്ന് പരിശീലകൻ
Updated on
1 min read

സ്വിറ്റ്സർലാൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ ഇറങ്ങുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ. പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോയില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിടെ പിൻവലിച്ചതിൽ താരം അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതിലുള്ള ശിക്ഷാ നടപടിയെന്നോണമാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനം. ബെൻഫിക്കൻ മുന്നേറ്റനിര താരം ഗോൺസലോ റാമോസ് പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചു. അതേസമയം വിവാദത്തിന് അടിസ്ഥാനമില്ലെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് വ്യക്തമാക്കി.

മൂന്നു മത്സരങ്ങളില്‍ നിന്ന് കേവലം ഒരു ഗോള്‍ മാത്രമാണ് ക്രിസ്റ്റ്യാനോ ഇത്തവണ നേടാനായിട്ടുള്ളത്. അതും പെനാല്‍റ്റിയിലൂടെ. താരത്തിന്റെ പ്രതാപകാലത്തിന്റെ നിഴല്‍മാത്രമായിരുന്നു ഖത്തറിൽ കണ്ടത്. ക്രിസ്റ്റ്യാനോയുടെ പേരിൽ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന തരത്തിൽ മത്സരത്തിന് മുൻപു തന്നെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോർച്ചുഗലിൽ നടത്തിയ സര്‍വേയിൽ 70 ശതമാനം പേരും താരത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. യുറുഗ്വെയ്ക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന് അനുവദിച്ച ഗോളിനെ ചൊല്ലിയും താരത്തിന് എതിരഭിപ്രായമുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തന്ത്രപരമായ നീക്കം. കൊറിയയ്ക്കെതിരായ മത്സരത്തിലെ പ്രശ്നവുമായി തീരുമാനത്തിന് ബന്ധമില്ല.
പോർച്ചുഗീസ് പരിശീലകൻ സാൻറോസ്

ഗോൾ വലയ്ക്ക് കീഴിൽ ഡിയോഗോ കോസ്റ്റ ഇടം പിടിച്ചപ്പോൾ, പ്രതിരോധത്തിൽ റൂബൻ ഡയസ്, പെപ്പെ, റാഫേൽ ഗുറേറോ, ഡിയോഗോ ഡലോട്ട് എന്നിവർ കളിക്കും. വില്യം കാർവാലോ, ബെർണാഡോ സിൽവ, ഒട്ടാവിയോ എന്നിവർ മധ്യനിരയിലും, മുന്നേറ്റത്തിൽ ഗോൺസലോ റാമോസിന്‌ കൂട്ടായി ബ്രൂണോ ഫെർണാണ്ടസും, ജോവോ ഫെലിക്സ് എന്നിവർ ആദ്യ ഇലവനിൽ ഇറങ്ങും.

logo
The Fourth
www.thefourthnews.in