"റൊണാൾഡോയെ വെറുതെ വിടണം, ആ തീരുമാനത്തില്‍  അദ്ദേഹം തൃപ്തനായിരുന്നില്ല": സാന്റോസ്

"റൊണാൾഡോയെ വെറുതെ വിടണം, ആ തീരുമാനത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല": സാന്റോസ്

ആദ്യ ഇലവനിൽ നിന്ന് മാറ്റുന്നതിനെ പറ്റി റൊണാൾഡോയോട് സംസാരിച്ചപ്പോൾ അതൊരു നല്ല തീരുമാനം ആണോയെന്ന് താരം ചോദിച്ചിരുന്നു. അത് മാത്രമാണ് ഉണ്ടായതെന്നും സാന്റോസ്
Updated on
1 min read

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ കൂടുതൽ വിശദീകരണവുമായി പോർച്ചുഗൽ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ഒരു ടീമിന്റെ ക്യാപ്റ്റനെ ബെഞ്ചിലിരുത്തിയാൽ അസന്തുഷ്ടനാകുമെന്നത് സ്വാഭാവികമാണ്. അതെ റൊണാൾഡോയും ചെയ്തിട്ടുള്ളു. റൊണാൾഡോയെ വെറുതെ വിടണം. സൂപ്പർ താരം കുറച്ചുകൂടി ബഹുമാനം അർഹിക്കുന്നുണ്ടെന്നും സാന്റോസ് പറഞ്ഞു. മൊറോക്കോയുമായുള്ള ക്വാർട്ടർ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റിലായിരുന്നു സാന്റോസിന്റെ പ്രതികരണം.

പോർച്ചുഗൽ ക്യാമ്പ് വിട്ട് പോകുമെന്ന് റൊണാൾഡോ പറഞ്ഞിട്ടില്ലെന്ന് സാന്റോസ് വ്യക്തമാക്കി. താരം സന്തുഷ്ടനായിരുന്നില്ല എന്നത് ശരിയാണ്. എന്നാൽ ക്യാമ്പ് വിടുമെന്ന ഭീഷണിയൊന്നും റൊണാൾഡോയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദ്യ ഇലവനിൽ നിന്ന് മാറ്റുന്നതിനെ പറ്റി റൊണാൾഡോയോട് സംസാരിച്ചപ്പോൾ അതൊരു നല്ല തീരുമാനം ആണോയെന്ന് താരം ചോദിച്ചിരുന്നു. അത് മാത്രമാണ് ഉണ്ടായതെന്നും മറ്റ് അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ട് സാന്റോസ് പറഞ്ഞു.

സ്വിറ്റ്‌സർലൻഡുമായുള്ള കളിയിൽ സഹതാരങ്ങൾ ഗോൾ നേടിയപ്പോൾ റൊണാൾഡോ ടീമംഗങ്ങളുമായി ആഘോഷിക്കുകയും ആരാധകരോട് നന്ദി പറയുകയും ചെയ്തു. റൊണാൾഡോയുമായി ചർച്ച നടത്തിയ ശേഷമാണ് താരത്തെ ബെഞ്ചിലിരുത്തിയത്. "മത്സരത്തിൽ താരത്തെ പകരക്കാരനാക്കുന്നത് എന്തുകൊണ്ടാണെന്ന് റൊണാൾഡോയോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം തൃപ്തനായിരുന്നില്ല" സാന്റോസ് വിശദീകരിച്ചു.

റൊണാൾഡോയുടെ അഭാവം പോർച്ചുഗൽ- സ്വിറ്റ്‌സർലൻഡ് മത്സരത്തിന് മുൻപും ശേഷവും ഏറെ ചർച്ചയായിരുന്നു. തന്ത്രപരമായ നീക്കമെന്ന് പരിശീലകൻ സാന്‌റോസ് വ്യക്തമാക്കിയെങ്കിലും ടീമിലെ അസ്വസ്ഥതകളാണ് തീരുമാനത്തിന് പിന്നിലെന്ന സൂചനകളും പുറത്തുവന്നിരുന്നു. റൊണാൾഡോയ്ക്ക് പകരക്കാരനായെത്തിയ ഗോൺസാലോ റാമോസ് കളിയിൽ ഹാട്രിക്കും നേടിയിരുന്നു. ഇതോടെ അടുത്ത കളിയിലും റൊണാൾഡോയെ പകരക്കാരനായി ഇറക്കാനാണ് സാധ്യതയെന്നും അഭ്യൂഹങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in