മൂന്നടിച്ച് സെനഗല്‍ മുന്നോട്ട്; ഖത്തര്‍ പുറത്തേക്കും

മൂന്നടിച്ച് സെനഗല്‍ മുന്നോട്ട്; ഖത്തര്‍ പുറത്തേക്കും

സെനഗലിനോട് ഒന്നിനെതരേ മൂന്നു ഗോളുകള്‍ക്ക്‌ കീഴടങ്ങിയതോടെ ഖത്തറിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ചു.
Updated on
1 min read

സ്വന്തം മണ്ണില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്. ഇന്നു നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനോട് ഒന്നിനെതരേ മൂന്നു ഗോളുകള്‍കക് കീഴടങ്ങിയതോടെ ഖത്തറിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ചു. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോടു തോറ്റ അവരുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

അതേസമയം ആദ്യ മത്സരത്തില്‍ ഹോളണ്ടിനോടു പൊരുതി തോറ്റ സെനഗല്‍ മിന്നുന്ന ജയവുമായി തിരിച്ചെത്തി നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇന്നു നടന്ന മത്സരത്തില്‍ ബൊലോയ ദിയ, ഫമാറ ദിദിയു, ബംബാ ഡിയെങ് എന്നിവരാണ് സെനഗലിനായി സ്‌കോര്‍ ചെയ്തത്. മുഹമ്മദ് മുന്താരിയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോള്‍ നേടിയത്.

സെനഗലിന്റെ ആധിപത്യമായിരുന്നു മത്സരത്തില്‍. ഏതാനും ചില മുന്നേറ്റങ്ങള്‍ മാരതമാണ് ഖത്തറിന് നടത്താനായത്. ആദ്യ പകുതി അവസാനിക്കും മുമ്പേ ലീഡ് നേടാന്‍ ആഫ്രിക്കന്‍ ടീമിനായി. 41-ാം മിനിറ്റില്‍ ബൊലോയ ദിയയായിരുന്നു സ്‌കോറര്‍. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ സെനഗല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ മികവ് കാട്ടി.

ഇടവേളയ്ക്കും ശേഷം തുടക്കത്തില്‍ തന്നെ ദിദിയുവിലൂടെ വലകുലുക്കിയ സെനഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടു ഗോളുകള്‍ക്കു മുന്നിലെത്തിയിട്ടും ആക്രമണം കുറയ്ക്കാതെ കളിച്ച അവര്‍ നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകള്‍ പലപ്പോഴും തിരിച്ചടിയായി.

ഇതിനിടെ കളിയുടെ ഗതിക്കു വിപരീതമായാണ് ഖത്തര്‍ ഒരു ഗോള്‍ മടക്കിയത്. പകരക്കാരനായി ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് മുന്താരി ആതിഥേയര്‍ക്കായി വലകുലുക്കിയത്. ഇസ്മായില്‍ മുഹമ്മദിന്റെ വകയായിരുന്നു അസിസ്റ്റ്. ഒരു ഗോള്‍ മടക്കിയതോടെ ഒപ്പമെത്താനായി ഖത്തറിന്റെ ശ്രമം. എന്നാല്‍ ഇതു കണ്ടറിഞ്ഞ് ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ സെനഗല്‍ 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡിയെങ്ങിലൂടെ മൂന്നാം ഗോളും നേടി ജയവും മൂന്നു പോയിന്റും ഉറപ്പാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in