സ്വിസ് താരത്തിന്റെ ആഘോഷപ്രകടനം: ഖത്തറില്‍ ചൂടുപിടിച്ച് കൊസോവോ -സെർബിയ രാഷ്ട്രീയ പോര്
രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവിന് വീണ്ടും വേദിയായി ഖത്തർ ലോകകപ്പ്. സെർബിയയും കൊസോവോയും തമ്മിൽ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ പ്രതിഫലനമായിരുന്നു വെള്ളിയാഴ്ച നടന്ന സ്വിറ്റ്സർലൻഡ്- സെർബിയ ഗ്രൂപ്പ് മത്സരത്തിൽ കണ്ടത്. കൊസോവോ ലിബറേഷൻ ആർമി (കെഎൽഎ) മേധാവിയായിരുന്ന ആദം ജഷാരിയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന ജഴ്‌സി, സ്വിസ് മധ്യനിര താരം ഗ്രാനിറ്റ് ഷാക്ക ആഘോഷവേളയിൽ ഉയർത്തികാട്ടിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സഹതാരം ആർഡോൺ ജഷാരിയുടെ ജഴ്‌സിയായിരുന്നു ഗ്രാനിറ്റ് ഷാക്ക ഉള്ളിൽ ധരിച്ചിരുന്നതെങ്കിലും അൽബേനിയൻ പൈതൃകം പേറുന്ന താരത്തിന്റെ ആഘോഷപ്രകടനം സെർബിയൻ താരങ്ങളുമായുള്ള ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചു. സെർബിയയ്‌ക്കെതിരെ സ്വിറ്റ്‌സർലൻഡ് നേടിയ 3-2ന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം. കൊസോവോ എന്ന രാജ്യം 2008ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാൻ സെർബിയ ഇപ്പോഴും തയ്യാറായിട്ടില്ല. കൊസോവോ, തങ്ങളുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശം മാത്രമാണെന്നാണ് സെർബിയയുടെ അവകാശ വാദം.
കൂടാതെ വെള്ളിയാഴ്ച രാത്രി സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിനിടെ സെർബിയൻ അനുകൂലികൾ അൽബേനിയൻ വംശജർക്ക് എതിരെ വംശീയ മുദ്രാവാക്യവും മുഴക്കിയിരുന്നു. 'അൽബേനിയക്കാരെ കൊല്ലുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർ മുഴക്കിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് 'ദ ഗാർഡിയനും' റിപ്പോർട്ട് ചെയ്തിരുന്നു. ഈ ലോകകപ്പിലെ ബ്രസീലുമായുള്ള ആദ്യ മത്സരത്തിന് മുന്നോടിയായും സമാന വിഷയം ഉയർന്നിരുന്നു. സെർബിയയുടെ ഡ്രസിങ് റൂമിൽ അവരുടെ തന്നെ പതാകയുടെ ഉള്ളിൽ കൊസോവയുടെ ഭൂപ്രദേശത്തിന്റെ മാപ്പും അതിന് മുകളിൽ 'കീഴടങ്ങില്ല' എന്ന് പതിച്ചിരുന്ന കൊടി പ്രത്യക്ഷപ്പെട്ടത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ സെർബിയയുമായുള്ള ജയത്തിന് ശേഷം ഷാക്കയും സദ്രാൻ ഷക്കീരിയും അൽബേനിയൻ പരുന്തിന്റെ മുദ്ര കാണിച്ചതും വിവാദമായിരുന്നു.
കൊസോവോ-അൽബേനിയൻ വേരുകളുള്ള ആഴ്സണൽ മധ്യനിരതാരം വെള്ളിയാഴ്ചയിലെ കളിക്കിടെ നിരവധി തവണ സെർബിയൻ കളിക്കാരുമായി തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ബാൽക്കൻ യുദ്ധത്തെ തുടർന്നാണ് സാക്കയുടെയും സദ്രാൻ ഷക്കീരിയുടെയും മാതാപിതാക്കൾ സ്വിറ്റ്‌സർലൻഡിലേക്ക് കുടിയേറുന്നത്. 2006 യുഗോസ്ലാവിയയിൽ നിന്ന് വേർപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് സെർബിയ. വംശീയ വിഷയങ്ങൾ നിലനിന്നിരുന്ന സെർബിയയിൽ നിന്ന് 2008ലാണ് അൽബേനിയൻ വംശജര്‍ ഭൂരിപക്ഷമുള്ള കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അതിന് നേതൃത്വം നൽകിയ കൊസോവോ ലിബറേഷൻ ആർമിയുടെ മേധാവി ആയിരുന്നു ആദം ജഷാരി. 1998ൽ വധിക്കപ്പെട്ടെങ്കിലും കൊസവോയുടെ 'നാഷണൽ ഹീറോയാണ്' ജഷാരി.